ചെന്നൈ: സൂപ്പർഹിറ്റ് മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സിനെതിരേ നിയമനടപടിയുമായി സംഗീത സംവിധായകൻ ഇളയരാജ. ഗുണ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ സംഗീത സംവിധാനം ചെയ്ത കൺമണി അൻപോട് കാതലൻ എന്ന ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നു കാണിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രം നിർമിച്ച പറവ ഫിലിംസ് ഉടമസ്ഥരായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഗാനം തന്‍റെ സൃഷ്ടിയാണെന്നും അണിയറപ്രവർത്തകർ തന്‍റെ അനുവാദം വാങ്ങാതെ ഗാനം ഉപയോഗിച്ചതിനാൽ 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇളയരാജ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
നഷ്ടപരിഹാരം നൽകാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ഞുമ്മലിൽ നിന്ന് ഗുണ ഗുഹകൾ കാണാനായി പോകുന്ന സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് അടക്കം പ്രധാന ഭാഗങ്ങളിലെല്ലാം 1991ൽ സന്താനഭരതി സംവിധാനം ചെയ്ത ഗുണയിലെ ഗാനം ഉപയോഗിച്ചിട്ടുണ്ട്. കൺമണി അൻപോട് കാതലൻ എന്ന ഗാനത്തിന് നിയമപരമായും, ധാർമികപരമായുമുള്ള പകർപ്പകവകാശം തനിക്കാണെന്നും ഇളയരാജ അവകാശപ്പെടുന്നുണ്ട്.
പകർപ്പവകാശവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ അടുത്തിടെ ഇളയരാജയ്ക്ക് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഒരു പാട്ട് ആലപിച്ച വ്യക്തിക്ക് അവകാശപ്പെട്ടതല്ലെന്നും എല്ലാവർക്കും അതിന്മേൽ അധികാരമുണ്ടെന്നുമായിരുന്നു കോടതി വിധി.