കാണ്ഡഹാർ വിമാനം റാഞ്ചൽ: നെറ്റ്ഫ്ളിക്സ് സീരീസിന്‍റെ സത്യവും മിഥ്യവും 
Entertainment

കാണ്ഡഹാർ വിമാനം റാഞ്ചൽ: നെറ്റ്ഫ്ളിക്സ് സീരീസിന്‍റെ സത്യവും മിഥ്യവും

കാണ്ഡഹാർ വിമാനം റാഞ്ചലിനെക്കുറിച്ചുള്ള നെറ്റ്ഫ്ളിക്സ് വെബ് സീരീസ് പൊള്ളിക്കുന്നത് ആരെ? ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഔദ്യോഗിക രഹസ്യങ്ങളിലൊന്നിന്‍റെ പുനർവായന

അപമാനത്തിന്‍റെ ഗാന്ധാര കാണ്ഡം

വി.കെ. സഞ്ജു

ഗാന്ധാരം- മഹാഭാരതത്തിലെ ഗാന്ധാരിയുടെ മാതൃരാജ്യം, പിന്നെ കുടിലതന്ത്രജ്ഞനായ സഹോദരൻ ശകുനിയുടെയും. ആ ഗാന്ധാരമാണ് ഇന്നത്തെ അഫ്ഗാനിസ്ഥാനിലുള്ള കാണ്ഡഹാർ എന്നൊരു വിശ്വാസമുണ്ട്. ഇന്ത്യൻ ഇതിഹാസ സംസ്കൃതിയിൽ അടയാളപ്പെടുത്തിയ അതേ ഗാന്ധാരം പിൽക്കാലത്ത് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ തീരാ കളങ്കമായും മാറി, 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിലൂടെ.

നെറ്റ്ഫ്ളിക്സിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന 'ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്' എന്ന വെബ് സീരീസിൽ പുനർവായനയ്ക്കു വിധേയമാകുന്നത് കാണ്ഡഹാറിൽ ഇന്ത്യ നേരിട്ട അപമാനത്തിന്‍റെ ഈ അധ്യായമാണ്. 1999ലെ ക്രിസ്മസ് രാത്രി കാഠ്മണ്ഡുവിൽ നിന്ന് ന്യൂഡൽഹിയിലേക്കു പുറപ്പെട്ട വിമാനം അഞ്ച് ഭീകരർ ചേർന്ന് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടു പോയ യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സീരീസ്. ജീവനക്കാർ ഉൾപ്പെടെ ഈ വിമാനത്തിലുണ്ടായിരുന്ന 164 പേരെ മോചിപ്പിക്കാൻ കൊടും ഭീകരൻ മസൂദ് അസർ അടക്കം മൂന്നു പേരെ ജയിലിൽനിന്നു മോചിപ്പിക്കാൻ ഇന്ത്യ അന്നു നിർബന്ധിതമായിരുന്നു.

ഹിന്ദു പേരുള്ള ഭീകരർ

സീരീസിലെ വിമാനം റാഞ്ചൽ രംഗം

വിമാനം റാഞ്ചികളിൽ രണ്ടു പേർക്ക് വെബ് സീരീസിൽ ശങ്കർ, ഭോലാ എന്നിങ്ങനെ കോഡ് നാമങ്ങൾ നൽകിയതിനെച്ചൊല്ലി ഇന്ത്യയിൽ വിവാദമുയർന്നു. നെറ്റ്ഫ്ളിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെർഗില്ലിന് ഇതിന്‍റെ പേരിൽ സമൻസ് വരെ കിട്ടി. ഭീകരർ അന്നുപയോഗിച്ച യഥാർഥ കോഡ് പേരുകൾ തന്നെയായിരുന്നു ഇതു രണ്ടും എന്നു സ്ഥിരീകരിക്കപ്പെട്ടതോടെ, ഹിന്ദു വികാരം മുൻനിർത്തിയുള്ള ഈ വിവാദത്തിന്‍റെ മുനയൊടിഞ്ഞു.

പക്ഷേ, ഇതിനെക്കാളൊക്കെ ഗുരുതരമായ ഘടകങ്ങൾ പലതും സീരീസിൽ ചർച്ച ചെയ്യുന്നുണ്ട്. അതിൽ പലതും പരസ്യ ചർച്ചകളിലേക്കു വന്നില്ല. ചർച്ചയിൽ കൊണ്ടുവന്നാൽ വാദി പ്രതിയാകുന്ന അവസ്ഥ തന്നെ ഉണ്ടാകാവുന്ന വിധത്തിലുള്ള നിഗൂഢതകളാണ് കാണ്ഡഹാർ വിമാനം റാഞ്ചലുമായി ബന്ധപ്പെട്ട് ഇന്നും ചുരുളഴിയാതെ കിടക്കുന്നത് എന്നു സംശയിക്കാം.

ഈ സംഭവവുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇന്ത്യയുടെ ഔദ്യോഗിക രഹസ്യമായി വർഗീകരിച്ചിട്ടുള്ളതാണ്. വിവരാവകാശ നിയമപ്രകാരമോ പാർലമെന്‍റിലോ പോലും അതൊന്നും വെളിപ്പെടുത്താൻ വ്യവസ്ഥയില്ല.

ദുർബലനായ പ്രധാനമന്ത്രി, ശക്തനായ വിദേശ മന്ത്രി

നെറ്റ്ഫ്ളിക്സ് സീരീസിൽ പങ്കജ് കപൂർ, ഉൾചിത്രത്തിൽ ജസ്വന്ത് സിങ്

ഔദ്യോഗിക രഹസ്യത്തിന്‍റെ ചട്ടക്കൂടുകൾ നീക്കാതെ തന്നെ സീരീസിൽ പ്രകടമായി കാണാനാവുന്നത് അന്നത്തെ വിദേശകാര്യ മന്ത്രി ഈ പ്രശ്നം പരിഹരിക്കാൻ നടത്തിയ സജീവമായ ഇടപെടലാണ്. വിദേശമന്ത്രി മുൻനിരയിലേക്കു വരാൻ കാരണമായത് അന്നത്തെ പ്രധാനമന്ത്രിയുടെ 'ഒളിച്ചോട്ടം' ആയിരുന്നു എന്ന ഗുരുതരമായ ആരോപണവും അതിൽ ഉയർത്തുന്നുണ്ട്.

കാണ്ഡഹാർ വിമാനം റാഞ്ചൽ സംഭവിക്കുമ്പോൾ ബിജെപി നേതാവ് എ.ബി. വാജ്പേയി ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. അന്നു വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിങ് പിന്നീട് ബിജെപി വിടുകയും ചെയ്തു. പങ്കജ് കപൂർ അവതരിപ്പിക്കുന്ന വിജയ്‌ഭാൻ സിങ് എന്ന കഥാപാത്രം മുൻ സൈനികൻ കൂടിയായ ജസ്വന്ത് സിങ്ങിനെയാണ് സീരീസിൽ പ്രതിനിധീകരിക്കുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായുള്ള ചർച്ചയിൽ നിന്ന് പ്രധാനമന്ത്രി ഇറങ്ങിപ്പോകുകയാണുണ്ടായതെന്നും, അനിവാര്യമായ സമയത്തൊന്നും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നുമാണ് സീരീസിൽ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, വാജ്പേയിയും അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ. അഡ്വാനിയുമാണ് കാണ്ഡഹാർ വിഷയത്തിൽ ഇന്ത്യയുടെ നീക്കങ്ങൾക്കു നേതൃത്വം നൽകിയതെന്നാണ് ഔദ്യോഗിക ഭാഷ്യം.

അജിത് ഡോവലിന്‍റെ റോൾ

നെറ്റ്ഫ്ളിക്‌സ് സീരീസിൽ മുകുൾ മോഹനായി മനോജ് പഹ്വ, ഉൾച്ചിത്രം അജിത് ഡോവൽ

റഷ്യ - യുക്രെയ്ൻ സംഘർഷം പരിഹരിക്കാൻ വരെ മധ്യസ്ഥതയ്ക്കു പരിഗണിക്കപ്പെടുന്ന പേരാണ് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റേത്. ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനകളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ പലതിലും വീര പരിവേഷമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 1980കളിൽ പഞ്ചാബിലും കശ്മീരിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏറ്റവും മികവ് പുലർത്തിയ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അദ്ദേഹം.

കാണ്ഡഹാർ വിമാനം റാഞ്ചൽ നടക്കുന്ന സമയത്ത് ഡോവൽ ഇന്‍റലിജൻസ് ബ്യൂറോയുടെ അഡീഷണൽ ഡയറക്റ്ററാണ്. തന്ത്രശാലിയായ ഇടനിലക്കാരൻ എന്ന നിലയ്ക്ക് വിമാനത്തിൽ നിന്ന് യാത്രക്കാരെ മോചിപ്പിക്കാനുള്ള ചർച്ചകൾക്കു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടതും അദ്ദേഹമായിരുന്നു. സീരീസിൽ മനോജ് പഹ്വ അവതരിപ്പിക്കുന്ന മുകുൾ മോഹൻ എന്ന കഥാപാത്രമാണ് ഈ റോളിലെത്തുന്നത്.

അതേസമയം, വിമാനം റാഞ്ചികളുടെ ആവശ്യങ്ങൾ എത്രയും വേഗം അംഗീകരിക്കാനാണ് ഡോവൽ അന്നു നിർബന്ധിച്ചുകൊണ്ടിരുന്നത് എന്നാണ്, റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ് RAW) മേധാവി ആയിരുന്ന അമർജിത് സിങ് ദുലത് പറയുന്നത്.

ഭീകരരുമായി ചർച്ചയേ നടന്നിട്ടില്ല!

വെബ് സീരീസിലെ മുത്തവക്കിൽ (ഇടത്ത്), യഥാർഥ മുത്തവക്കിൽ.

അജിത് ഡോവലും സംഘവും വിമാനം റാഞ്ചികളുമായി നേരിട്ടോ റേഡിയോ മുഖേനയോ ഒരു തരത്തിലും സംസാരിച്ചിട്ടേയില്ല എന്നാണ് മാധ്യമ പ്രവർത്തകനായ ശിശിർ ഘോഷിന്‍റെ വാദം. സീരീസിൽ ഭീകരരുമായി റേഡിയോ സംഭാഷണമാണ് മുകുൾ മോഹൻ നടത്തുന്നത്. എന്നാൽ, യഥാർഥത്തിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടമാണ് ഇന്ത്യൻ പ്രതിനിധികളുമായുള്ള സന്ധി സംഭാഷണത്തിൽ പങ്കെടുത്തതെന്നാണ് ഘോഷിന്‍റെ പക്ഷം.

താലിബാൻ വിദേശകാര്യ മന്ത്രിയായിരുന്ന വക്കിൽ അഹമ്മദ് മുത്തവക്കിൽ, സിവിൽ ഏവിയേഷൻ മന്ത്രി അക്തർ മുഹമ്മദ് ഉസ്മാനി എന്നിവരാണ് താലിബാൻ സർക്കാരിനു വേണ്ടി ചർച്ചയിൽ പങ്കെടുത്തത്. സീരീസിൽ മുത്തവക്കിലിനെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയോട് അനുഭാവപൂർവം പെരുമാറുന്ന മിതവാദിയായാണ്. താലിബാൻ ഭരണകൂടത്തെ ഇന്ത്യ അംഗീകരിക്കാത്തതിനെ സഹതാപാർഹമായ രീതിയിലും കാണിക്കുന്നു.

എന്നാൽ, യഥാർഥത്തിൽ അഫ്ഗാന്‍റെ ഭാഗത്തുനിന്നു ചർച്ചയ്ക്കെത്തിയ രണ്ടു നേതാക്കളും അവരുടെ അന്നത്തെ പരമോന്നത നേതാവ് മുല്ല ഒമറിന്‍റെ ആജ്ഞാനുവർത്തികൾ മാത്രമായിരുന്നു എന്നാണ് ഘോഷിന്‍റെ നിരീക്ഷണം. മുല്ല ഒമറിന് അൽ ക്വയ്ദ തലവൻ ഉസാമ ബിൻ ലാദനുമായുള്ള ബന്ധത്തെക്കുറിച്ച് സീരീസിലും വ്യക്തമായ പരാമർശമുണ്ട്.

പാക്കിസ്ഥാൻ സർക്കാരിനോ അവരുടെ ചാര സംഘടനയായ ഐഎസ്ഐക്കോ വിമാനം റാഞ്ചലിൽ പങ്കില്ലെന്ന് സീരീസിൽ പറയുന്നുണ്ടെങ്കിലും, അന്നത്തെ ഐഎസ്ഐ മേധാവി ലെഫ്. ജനറൽ മെഹ്മൂദ് അഹമ്മദ് ഇതിൽ നിർണായക പങ്ക് വഹിച്ചിരുന്നു എന്നാണ് അന്ന് പുറത്തുവന്ന സൂചന. മുല്ല ഒമറുമായി അടുത്ത ബന്ധമുണ്ടായിരുന്ന മെഹ്മൂദ് അഹമ്മദിനെ, 9/11 ലോക വ്യാപാര കേന്ദ്രം ആക്രമണത്തെത്തുടർന്ന് പാക് സർക്കാർ ഐഎസ്ഐയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

രാഷ്‌ട്രീയ സമ്മർദം

വിനയ് കൗളിന്‍റെ വേഷത്തിൽ നസിറുദ്ദീൻ ഷാ, ഉൾച്ചിത്രത്തിൽ ബ്രജേഷ് മിശ്ര.

നെറ്റ്ഫ്ളിക്സ് സീരിസിലെ കഥാ കഥനത്തിൽ, സന്ധി സംഭാഷണങ്ങളിൽ ഇന്ത്യയുടെ ഭാഗത്ത് അണിയറ നീക്കങ്ങൾ ഏകോപിപ്പിക്കുന്നത് നസീറുദ്ദീൻ ഷാ അവതരിപ്പിക്കുന്ന വിനയ് കൗൾ എന്ന കഥാപാത്രമാണ്. അക്കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്രയെയാണ് ഈ കഥാപാത്രം പ്രതിഫലിപ്പിക്കുന്നത്.

കാണ്ഡഹാറിലെത്തിയ അജിത് ഡോവൽ ന്യൂഡൽഹിയിലുള്ള ബ്രജേഷ് മിശ്രയോട് ചർച്ചകൾക്ക് കൂടുതൽ സമയം തേടി എന്നാണ് ശിശിർ ഘോഷ് റിപ്പോർട്ട് ചെയ്യുന്നത്. അന്നത്തെ റോ മേധാവിയുടെ പരാമർശത്തിനു കടകവിരുദ്ധമാണ് ഈ വാദം.

ഡോവൽ സാവകാശം തേടിയിട്ടും, ഭരണ മുന്നണിയിലെ സഖ്യകക്ഷികളുടെയും പ്രതിപക്ഷത്തിന്‍റെയും സമ്മർദവും ജനരോഷവും കണക്കിലെടുത്ത്, പെട്ടെന്ന് പരിഹാരമുണ്ടാക്കാൻ വാജ്പേയി നിർദേശിക്കുകയായിരുന്നു എന്നും ഘോഷ് പറയുന്നു. പുതിയ സഹസ്രാബ്ദം പിറക്കും മുൻപ് വിമാനത്തിലെ ബന്ദികൾ ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കണം എന്ന വ്യക്തമായ നിർദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നുവത്രെ. 1999 ഡിസംബർ 31നു രാത്രി ബന്ദികളെയും കൊണ്ട് രക്ഷാവിമാനം ഇന്ത്യയിൽ സുരക്ഷിതമായി തിരിച്ചറിങ്ങുകയും ചെയ്തു.

ഇനിയും തീരാത്ത ദുരൂഹത

മസൂദ് അസർ

ബന്ദികളെ മോചിപ്പിച്ചതിനു പകരമായി ഇന്ത്യ വിട്ടയച്ച മസൂദ് അസർ അടക്കമുള്ള മൂന്ന് ഭീകരർ എങ്ങോട്ടു പോയെന്നോ, വിമാനം റാഞ്ചലിൽ നേരിട്ടു പങ്കെടുത്ത മസൂദ് അസറിന്‍റെ സഹോദരൻ അടക്കമുള്ള ഭീകരർക്ക് പിന്നീട് എന്തു സംഭവിച്ചു എന്നോ ഇന്നും വ്യക്തമല്ല. മസൂദ് അസർ നേരേ മുല്ല ഒമറിനെ കാണാനാണ് പോയതെന്നും, വിമാനം റാഞ്ചികൾ പാക്കിസ്ഥാനിലേക്കു പോയെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം.

ഭീകരർ മോചനം ആവശ്യപ്പെട്ടിരുന്ന മറ്റ് 33 തടവ് പുള്ളികളെ വ്യത്യസ്ത ജയിലുകളിലേക്കു മാറ്റണമെന്നൊരു നിർദേശം ഡോവൽ ഇതിനു ശേഷം മുന്നോട്ടുവച്ചിരുന്നു. ആഭ്യന്തര മന്ത്രി എൽ.കെ. അഡ്വാനിയും ഇന്‍റലിജൻസ് ബ്യൂറോ മേധാവി ശ്യാമൾ ദത്തയും ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ, ബ്രജേഷ് മിശ്ര ഈ തീരുമാനം നടപ്പാക്കാൻ അനുവദിച്ചില്ലെന്നും, അതിന്‍റെ കാരണം നിഗൂഢമാണെന്നും ശിശിർ ഘോഷ് കൂട്ടിച്ചേർക്കുന്നു.

ബന്ദി മോചനം ഉറപ്പായ ശേഷം അവരെ കൂട്ടിക്കൊണ്ടു വരാൻ കാണ്ഡഹാറിലേക്കു നേരിട്ട പോയ വിദേശകാര്യ മന്ത്രി, വിമാനത്തിന്‍റെ ക്യാപ്റ്റനെ സല്യൂട്ട് ചെയ്യുന്ന വികാരനിർഭരമായൊരു സീക്വൻസിൽ സീരീസ് ശുഭപര്യവസായി ആകുന്നുണ്ട്.

സന്ധി സംഭാഷണത്തിൽ പങ്കെടുത്ത ബ്യൂറോക്രാറ്റുകൾ സീരീസിന്‍റെ അവസാന രംഗത്തിൽ പരസ്പരം പറയുന്നു:

''അങ്ങനെ നമ്മൾ ജയിച്ചു.''

''ജയിച്ചോ?''

''എങ്കിൽ, നമ്മൾ പൊരുതുകയെങ്കിലും ചെയ്തു.''

''നമ്മൾ പൊരുതിയോ?''

അരവിന്ദ് സ്വാമിയുടെ ഡിആർഎസ് എന്ന കഥാപാത്രം ചോദിക്കുന്ന ഈ ചോദ്യങ്ങളാണ് സീരീസിലെ യഥാർഥ വിവാദത്തിന്‍റെ കാതൽ. കാണ്ഡഹാറിലെ നിഗൂഢതകൾ സർക്കാരിന്‍റെ ഔദ്യോഗിക രഹസ്യങ്ങളായി ശേഷിക്കുന്നിടത്തോളം ഈ ചോദ്യങ്ങൾക്ക് ഉറച്ച ഒരുത്തരവും എവിടെനിന്നും കിട്ടുകയുമില്ല.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി