കണ്ണൂർ: താരസംഘടനയായ "അമ്മ' സംഘടനയുടെ തലപ്പത്തുള്ളവർ അംഗങ്ങളെ അറിയിക്കാതെ കൂട്ടരാജി വച്ചത് ഉചിതമായില്ലെന്ന് യുവനടി നിഖില വിമല്‍. അമ്മയിലെ അംഗങ്ങളായ താനടക്കമുള്ളവർ സോഷ്യല്‍ മീഡിയ വഴിയൊക്കെയാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ രാജിവച്ച വിവരമറിഞ്ഞത്. "അമ്മ' ഭാരവാഹികള്‍ സമൂഹത്തോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും അത് പറഞ്ഞതിനുശേഷമായിരുന്നു രാജിവയ്ക്കേണ്ടിയിരുന്നതെന്നും നിഖില വ്യക്തമാക്കി.
അവര്‍ കുറച്ചുകൂടി സമയമെടുത്ത് മറുപടികള്‍ നല്‍കി വേണമായിരുന്നു ഈ തീരുമാനമെടുക്കാന്‍. മാധ്യമങ്ങളുടെ അടുത്തും നമ്മളുടെ സിനിമ കാണാനെത്തുന്ന നമ്മളെ സ്നേഹിക്കുന്ന പ്രേക്ഷകരോടും മറുപടി നല്‍കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്. ആ ഉത്തരം നല്‍കിയിട്ടാണ് ഇത് ചെയ്തിരുന്നതെങ്കില്‍ നന്നാകുമായിരുന്നു.
അമ്മയിലെ അംഗങ്ങളെ അറിയിച്ചുകൊണ്ടുള്ള രാജിയല്ല ഇത്. സംഘടനയ്ക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് നമുക്കറിയില്ല. നമ്മളോട് ചര്‍ച്ച ചെയ്തിട്ടല്ല തീരുമാനമെടുത്തത്. അസോസിയേഷന് അകത്തുതന്നെ ചര്‍ച്ച ചെയ്ത് കൃത്യമായ തീരുമാനമെടുത്ത് പുതിയ നടപടികളെന്തെങ്കിലും എടുത്ത് ഞങ്ങളിന്നതൊക്കെ ചെയ്തിട്ടാണ് പോകുന്നത് എന്ന് പറഞ്ഞിരുന്നുവെങ്കില്‍ അതിന് ഒരു അര്‍ഥമുണ്ടായേനെ. ഇതിപ്പോള്‍ നിങ്ങളെങ്ങോട്ട് പോയി എന്തിന് പോയി എന്ന ചോദ്യമാണ് എല്ലാവര്‍ക്കും. അതൊരു പ്രശ്നമാണെന്ന് നിഖില പറയുന്നു.
അതേസമയം, "അമ്മ'യിലെ കൂട്ടരാജിയില്‍ എക്സിക്യൂട്ടീവ് അംഗങ്ങൾക്കിടയിൽ തന്നെ ഭിന്നതയുണ്ടെന്നാണ് സൂചന. സംഘടനയുടെ എക്സിക്യൂട്ടീവില്‍നിന്ന് തങ്ങള്‍ രാജിവച്ചിട്ടില്ലെന്ന് നടിമാരായ സരയുവും അനന്യയും പറയുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൂട്ടരാജി നിർദേശം വന്നപ്പോൾ ഇവരടക്കമുള്ള യുവതാരങ്ങൾ അതിനോട് വിയോജിച്ചിരുന്നു. നടന്മാരായ ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു. എങ്കിലും ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം കണക്കിലെടുത്താണ് അമ്മ ഭരണസമിതി പിരിച്ചുവിടാന്‍ പ്രസിഡന്‍റ് മോഹന്‍ലാല്‍ തീരുമാനിച്ചത്. നിയമോപദേശം ലഭിച്ചതിനുശേഷമാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും മുന്‍ നേതൃത്വം പറഞ്ഞു.