തിരുവന്തപുരം: സിനിമാ നയം തയാറാക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയിൽ നിന്ന് സംവിധായകൻ രാജീവ് രവിയും നടി മഞ്ജു വാര്യരും പിന്മാറി. അംഗങ്ങളാകാൻ അസൗകര്യമുണ്ടെന്ന് ഇരുവരും സർക്കാരിനെ അറിയിച്ചു. ചർച്ചകൾ നടത്താതെ സമിതിയ നിയോഗിച്ചതിനെച്ചൊല്ലി ഡബ്ല്യുസിസിയും ഫിലിം ചേംബറും വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിവാദങ്ങൾ ഉയരുന്നതിനിടെയാണ് ഇരുവരും പിന്മാറുന്നതായി അറിയിച്ചത്.
സിനിമാ സംഘടകളുമായി കൂടിയാലോചിക്കാതെയാണ് ഷാജി എൻ. കരുൺ കമ്മിറ്റി രൂപീകരിച്ചിതെന്നാണ് ഫിലിം ചേംബറിന്‍റെ ആരോപണം. ഇത് സംബന്ധിച്ച് ഭാരവാഹികൾ സംസ്ഥാന സർക്കാരിനു കത്തും നൽകിയിട്ടുണ്ട്. ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റിക്ക് ജോലി സ്ഥലത്ത് വേരൂന്നിയ പ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരം വാഗ്ദാനം ചെയ്യാൻ സാധിക്കില്ലെന്ന് ഡബ്ല്യുസിസിയും അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിൽനിന്നുള്ള ഷാജി എൻ. കരുൺ ആണ് കമ്മിറ്റിയുടെ ചെയർമാൻ. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നിർമാതാവ് സന്തോഷ് ടി. കുരുവിള, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്, നടനും എംഎൽഎയുമായ മുകേഷ്, അഭിനേതാക്കളായ പത്മപ്രിയ, നിഖില വിമൽ തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.