ടി.പി. മാധവൻ 
Entertainment

പേര് മറന്നാലും മറക്കാത്ത വേഷങ്ങൾ...

ചെറുതും അതിലും ചെറുതുമായി ഒരുപാട് വേഷങ്ങൾ, അറുനൂറോളം സിനിമകൾ. പേരോർത്തില്ലെങ്കിലും മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങൾ, ടി.പി. മാധവൻ

വി.കെ. സഞ്ജു

''വലിയ ചന്ദനാദി ബെസ്റ്റാ, ഓർമശക്തി കൂടും''

ഉപദേശവും പരിഹാസവുമായി നരസിംഹത്തിൽ മമ്മൂട്ടിയുടെ നന്ദഗോപാൽ മാരാർ കോടതിയിൽ കത്തിക്കയറുമ്പോൾ ടി.പി. മാധവന്‍റെ കാര്യസ്ഥൻ കഥാപാത്രം സാക്ഷിക്കൂട്ടിൽ നിന്നു വിയർക്കുന്നുണ്ട്. ആ കാര്യസ്ഥന്‍റെ പേര് രാമൻ നായർ എന്നായിരുന്നു എന്നു കണ്ടുപിടിക്കാൻ ചിലപ്പോൾ ഗൂഗ്ളിന്‍റെ സഹായം വേണ്ടിവരും. പക്ഷേ, പരിഭ്രമിച്ചു നിൽക്കുന്ന കാര്യസ്ഥനെ ഓർക്കാൻ വലിയ ചന്ദനാദി തേയ്ക്കേണ്ട ആവശ്യമൊന്നും വരില്ല.

''ഇന്നലെ ഞങ്ങളില്ല സർ'' എന്ന് നാടോടിക്കാറ്റിൽ ദാസനും വിജയനും കറുത്ത കണ്ണടയും വച്ച് ആണയിടുമ്പോഴും, ഓഫിസ് മേധാവിയായി ടി.പി. മാധവനാണ് മുന്നിൽ. പേര് പോലും പ്രസക്തമല്ലാത്ത ഒരു കഥാപാത്രം! അങ്ങനെ ചെറുതും വലുതുമെന്നല്ല, ചെറുതും അതിലും ചെറുതുമായി ഒരുപാട് വേഷങ്ങൾ, അറുനൂറോളം സിനിമകൾ... പേരോർത്തില്ലെങ്കിലും മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങൾ; ടി.പി. മാധവന് മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ സ്ഥിരമായൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ അതൊക്കെ തന്നെ ധാരാളമായിരുന്നു.

പത്രപ്രവർത്തനവും പരസ്യക്കമ്പനിയുമൊക്കെ പിന്നിട്ട് നടനായ കഥയാണ് ടി.പി. മാധവന്‍റെ ജീവിതം. സ്കൂൾ കാലഘട്ടത്തിൽ ബെസ്റ്റ് ആക്റ്ററൊക്കെ ആയിരുന്നെങ്കിലും, ആഗ്ര സർവകലാശാലയിൽ നിന്ന് എംഎ നേടിയ ശേഷം പത്രപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ആദ്യം കൊൽക്കത്തയിൽ, പിന്നെ കേരളത്തിൽ. അതു കഴിഞ്ഞ് പരസ്യക്കമ്പനിയിലെ ജോലി. ഒടുവിൽ സിനിമയിൽ സജീവമായതോടെ ഭാര്യ വിവാഹമോചനവും നേടി. ആ ഒറ്റപ്പെടൽ ജീവിതാവസാനം വരെ അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. പത്തനാപുരത്തെ ഗാന്ധി ഭവനിലായിരുന്നു താമസം.

വിവാഹം കഴിഞ്ഞാണ് ബംഗളൂരുവിൽ ഇംപാക്റ്റ് എന്ന പേരിൽ അദ്ദേഹം സ്വന്തമായൊരു പരസ്യക്കമ്പനി തുടങ്ങുന്നത്. അത് വിജയിച്ചില്ല. ഇതിനിടെ നടൻ മധുവുമായുള്ള പരിചയമാണ് സിനിമയിലേക്ക് വഴി തുറക്കുന്നത്. അക്കൽദാമ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം. മുഴുവൻ സമയ അഭിനേതാവെന്ന നിലയിൽ മദ്രാസിലേക്കുള്ള കൂടുമാറ്റത്തോടെയാണ് ദാമ്പത്യം പിരിയുന്നത്.

എന്നാൽ, 1975ൽ പുറത്തുവന്ന രാഗം എന്ന സിനിമയിലൂടെ ടി.പി. മാധവൻ പുതിയ മേഖലയിൽ ചുവടുറപ്പിക്കുക തന്നെ ചെയ്തു. അവസരങ്ങൾ തേടിയെത്തി. വില്ലൻ വേഷങ്ങളിൽ നിന്ന് കോമഡി റോളുകളിലേക്കും സ്വഭാവ നടനിലേക്കുമുള്ള തികച്ചും സ്വാഭാവികമായ പരിണാമം പ്രേക്ഷകർ വെള്ളിത്തിരയിൽ കണ്ടുകൊണ്ടിരുന്നു.

ഇതിനിടെ നിരവധി ടിവി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത. 2015ൽ ഹരിദ്വാർ യാത്രയ്ക്കിടയെടുണ്ടായ പക്ഷാഘാതമാണ് ടി.പി. മാധവന്‍റെ അഭിനയ ജീവിതത്തിന് അകാലത്തിൽ തിരശീല വീഴ്ത്തിയത്. ഏറെക്കാലം അജ്ഞാതനായി തുടർന്ന അദ്ദേഹത്തെ പിന്നീട് സിനിമാ ലോകം പോലും കണ്ടെത്തുന്നത് പത്തനാപുരത്തെ ഗാന്ധി ഭവനിൽ നിന്നായിരുന്നു.

ടി.പി. മാധവൻ

താര സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയാണ് ആരോരുമറിയാതെ അത്രയും കാലം അവിടെ തുടർന്നത്. 1994ൽ അമ്മ സംഘടന രൂപീകരിക്കുമ്പോൾ ടി.പി. മാധവനായിരുന്നു ജനറൽ സെക്രട്ടറി, എം.ജി. സോമൻ പ്രസിഡന്‍റും. 1997 വരെ ടി.പി. മാധവൻ ആ ചുമതലയിൽ തുടർന്നു. 2000 മുതൽ 2006 വരെ ജോയിന്‍റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായി തുടർന്നതോടെ 2016ൽ അദ്ദേഹം സിനിമാ രംഗത്തുനിന്നു പൂർണമായി വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോഴിതാ പേര് പോലും ഓർത്തെടുക്കാൻ സാധിച്ചില്ലെങ്കിലും, മറക്കാനാവാത്ത ഒരുപിടി കൊച്ചു കഥാപാത്രങ്ങൾ ബാക്കി വച്ച് ജീവിതത്തിൽനിന്നും ടി.പി. മാധവൻ വിടവാങ്ങിയിരിക്കുന്നു; നടൻ എന്ന നിലയിൽ അദ്ദേഹം ശേഷിപ്പിച്ച അടയാളങ്ങൾ തിരിച്ചറിയാൻ ഒരുപക്ഷേ, മരണം വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടാകും എന്നുമാത്രം!

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും