ഈ വർഷത്തെ ഓണക്കാലം കളറാക്കാൻ തിയേറ്ററുകളിലെത്തുന്നത് വമ്പൻ ചിത്രങ്ങളാണ്. ടൊവിനോ, ആസിഫ് അലി, പെപ്പെ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളാണ് മലയാളത്തിൽ ഓണത്തിന് റിലീസിനെത്തുന്ന ചിത്രങ്ങൾ. മമ്മൂട്ടിയുടേയും മോഹൻ ലാലിന്‍റേയും ചിത്രങ്ങൾ ഓണത്തിന് പ്രതീക്ഷിച്ചിരുന്നെങ്കിലും റിലീസ് തീയതി മാറ്റുകയായിരുന്നു. മോഹൻലാലിന്‍റെ 'ബറോസ്', മമ്മൂട്ടിയുടെ 'ബസൂക്ക' എന്നീ ചിത്രങ്ങളാണ് താരങ്ങളുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തമിഴിൽ വിജയുടെ ഗോട്ട് ഇറങ്ങിക്കഴിഞ്ഞു. കേരളത്തിലും ഗോട്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇക്കൊല്ലത്തെ മലയാളം സിനിമകളിൽ ഒന്നാണ് അജയന്‍റെ രണ്ടാം മോഷണം (ARM). ടോവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം നവാഗതൻ ജിതിൻ ലാൽ സംവിധായകൻ ചെയ്തിരിക്കുന്നത്. ത്രീഡി യിലും 2 ഡിയിലുമായി ARM സെപ്റ്റംബർ 12 ന് (വ്യാഴം) പ്രദർശനത്തിനെത്തും.
മൂന്ന് കാലഘട്ടങ്ങളിലെ കഥ പറയുന്ന അജയന്‍റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലായി മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ പേരുകളിലാണ് ടൊവിനോ എത്തുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് ARM എന്ന പ്രത്യേകത കൂടിയുണ്ട്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ദിബു നൈനാൻ തോമസാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്.
ആന്റണി വർഗീസ് നയകനായെത്തുന്ന കൊണ്ടൽ ആണ് ഓണം റിലീസിനെത്തുന്ന മറ്റൊരു ചിത്രം. കന്നഡ താരം രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന വേക്ഷത്തിലെത്തുന്നുണ്ട്. സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. സെപ്റ്റംബർ 13 (വെള്ളി) നാണ് ചിത്രം റിലീസിങ്ങിനെത്തുന്നത്.
കടൽ സംഘർഷത്തിന്‍റെ കഥ പറയുന്ന കൊണ്ടലിൽ ഷബീർ കല്ലറയ്ക്കൽ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്ലീ, രാഹുൽ രാജഗോപാൽ, അഫ്‌സൽ പി എച്ച്, റാം കുമാർ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും വേഷമിടുന്നുണ്ട്.
ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 'കിഷ്കിന്ധാ കാണ്ഡം'. ഓണത്തോട് അനുബന്ധിച്ച് സെപ്റ്റംബർ 12 മുതൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളിയാണ് നായിക വേഷത്തിലെത്തുന്നത്. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രം ഗുഡ്‌വിൽ എൻറർറ്റൈൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജാണ് നിർമ്മിക്കുന്നത്. ജഗദീഷ് , വിജയരാഘവൻ, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രജീവം മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' എന്ന ചിത്രവും ഓണത്തിന് എത്തുന്നുണ്ട്. സെപ്റ്റംബർ 13 നാണ് റിലീസിങ്.
ഷാജി കൈലാസ്- ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്ന ഈ സിനിമയിൽ അബുസലിം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാലഗോപാലാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും. രജീഷ് രാമൻ ക്യാമറ കൈകാര്യം ചെയ്യുന്നു.
ജോണി ആന്‍റണി, ടിനി ടോം, എബിൻ ബിനോ, സൂര്യ ക്രിഷ്, ശ്രീജിത്ത് രവി, വൈഷ്ണവ് ബിജു, സിനോജ് വർഗീസ്, ദിനേശ് പണിക്കർ, ഇനിയ, സുജിത് ശങ്കർ,കൃഷ്ണേന്ദു സ്വരൂപ് വിനു, പാർവതി രാജൻ ശങ്കരാടി, പൂജ മോഹൻരാജ്, ഗായത്രി സതീഷ്, അജയ് നടരാജ്, ടോം സ്കോട്ട്, രജിത് കുമാർ, സോണിയ മൽഹാർ, സുന്ദർ പാണ്ട്യൻ, ലാൽ ബാബു, അനീഷ് ശബരി, മാത്യൂസ് എബ്രഹാം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാവുന്ന 'കുമ്മാട്ടിക്കളി'യും ഓണത്തിന് തിയേറ്ററുകളിലെത്തുന്നുണ്ട്. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ആർ.ബി ചൗധരി നിർമ്മിക്കുന്ന ചിത്രം ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിൻസെന്‍റ് സെൽവ സംവിധാനം ചെയ്യുന്നു.
സൂപ്പർ ഗുഡ് ഫിലിംസിന്‍റെ 98 -മത്തെ ചിത്രമാണിത്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. തമിഴ്, കന്നഡ സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവർ അഭിനയിക്കുന്നു.