ഡോ. ഇന്ദ്രനീൽ ഭട്ടാചാര്യ
ഗോവയിൽ 55ാമത് ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്ക്കു സമാരംഭം കുറിച്ചിരിക്കുകയാണ്. രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പ്രതിനിധികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നതിന്‍റെ പ്രതീക്ഷകൾ നിറവേറ്റിയാണ് ഈയാഴ്ച മികച്ച രീതിയിൽ മേള ആരംഭിച്ചത്. എല്ലാ കോണിൽ നിന്നും ഐഎഫ്എഫ്‌ഐയുടെ സ്വീകാര്യത അടയാളപ്പെടുത്തി, ഈ വർഷം പ്രതിനിധി രജിസ്ട്രേഷനുകൾ ചരിത്രപരമായ എണ്ണത്തിലെത്തി. ഇത് ലോകത്തിലെ ഏറ്റവും വലിയ വാർഷിക ചലച്ചിത്ര മേളകളിലൊന്നാണ്.
ഈ പതിപ്പിൽ ഐഎഫ്എഫ്‌ഐ "കൺട്രി ഓഫ് ഫോക്കസ്' ആയി തെരഞ്ഞെടുത്തത് ഓസ്ട്രേലിയയെയാണ്. സ്വാഭാവികമായും പ്രേക്ഷകർ ഇതിനകം കംഗാരുവിന്‍റെ നാട്ടിൽ നിന്നുള്ള ചില മികച്ച സിനിമാനുഭവങ്ങൾ അനാവരണം ചെയ്യുന്നതിൽ മുഴുകിയിട്ടുണ്ടാകും. നവ മനസുകളിലേക്ക് എത്തിച്ചേരാനും കൂട്ടിയിണക്കാനുമുള്ള വഴികൾ വളർത്തിയെടുക്കേണ്ടതിന്‍റെ പ്രാധാന്യം കണക്കിലെടുത്ത്, "ഇന്ത്യൻ ഫീച്ചർ ഫിലിമിലെ മികച്ച നവാഗത സംവിധായകനെ' അംഗീകരിക്കുന്നതിനായി ഈ വർഷം പുതിയ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, സിനിമാ മേഖലയിലെ പുതിയ സർഗാത്മക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള "നാളെയുടെ സർഗാത്മക ചിന്തകർ' (സിഎംഒടി) പോലുള്ള പരിപാടികൾ മൂന്നാം വർഷത്തിലും മികച്ച വെബ്സീരീസ് പുരസ്‌കാരം രണ്ടാം വർഷത്തിലും എത്തി. ആഗോളവത്കൃത ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ സോഫ്റ്റ്പവർ എന്ന നിലയിലുള്ള സിനിമകളുടെ പ്രാമുഖ്യത്തിന് ഐഎഫ്എഫ്‌ഐയുടെ വർധിക്കുന്ന പ്രാധാന്യം അടിവരയിടുന്നു.
7 ദശാബ്ദക്കാലത്തെ നിലനിൽപ്പിൽ, വൈവിധ്യമാർന്ന പ്രേക്ഷകരുടെ പ്രതീക്ഷകളിലേക്ക് ആഴ്ന്നിറങ്ങുന്നതിലൂടെയും പുതിയ സാമൂഹ്യ- സാമ്പത്തിക ഭൂപ്രകൃതികളുമായും സമൂലമായ സാംസ്‌കാരിക- സാങ്കേതിക മാറ്റങ്ങളുമായുമുള്ള ചർച്ചകളിലൂടെയും ഐഎഫ്എഫ്‌ഐ തുടർച്ചയായും ജൈവശാസ്ത്രപരമായും സ്വയം പരിണമിച്ചു. ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള സാംസ്‌കാരിക പരിപാടിയായി പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഐഎഫ്എഫ്‌ഐയുടെ ആദ്യ പതിപ്പ് 1952ലാണ് നടന്നത്. അന്താരാഷ്‌ട്ര സിനിമയെ പ്രോത്സാഹിപ്പിക്കുക, ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ സൃഷ്ടികൾ വിവേകമുള്ള പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ വേദി ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഐഎഫ്എഫ്ഐ സംഘടിപ്പിച്ചത്. 1975ൽ ഈ മേള വാർഷിക പരിപാടിയായി മാറുകയും തുടർന്നുള്ള 3 ദശകങ്ങളിൽ വിവിധ വൻകിട നഗരങ്ങളിൽ സംഘടിപ്പിക്കുകയും ചെയ്തു. 2004ൽ, ഗോവയെ ഐഎഫ്എഫ്‌ഐയുടെ സ്ഥിര വേദിയായി പ്രഖ്യാപിക്കുകയും സംസ്ഥാനത്തിന്‍റെ വികസിത വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ഐഎഫ്എഫ്‌ഐ- ഗോവ എന്ന രീതിയിൽ അണിയിച്ചൊരുക്കുകയും ചെയ്തു. ഐഎഫ്എഫ്‌ഐയുടെ 2004ലെ ചലച്ചിത്രോൽസവ പതിപ്പിൽ അന്താരാഷ്‌ട്ര സിനിമകൾക്കായി പുതിയ മത്സര വിഭാഗം അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള മത്സര ചലച്ചിത്ര മേളകളുടെ കാറ്റലോഗിൽ ഐഎഫ്എഫ്‌ഐക്കു സാന്നിധ്യമേകി.
1990ലാണ് ഐഎഫ്എഫ്‌ഐയിലെ എന്‍റെ ആദ്യ അനുഭവം. അന്ന് ഞാൻ കൊൽക്കത്തയിൽ സർവകലാശാലാ വിദ്യാർഥിയായിരുന്നു. ശ്രദ്ധേയമായ ഡസൻ കണക്കിന് സിനിമകൾ കാണാൻ എനിക്ക് കഴിഞ്ഞു. എല്ലായ്പ്പോഴും എന്ന പോലെ നീണ്ട ക്യൂ. തിയെറ്ററുകൾ നിറഞ്ഞിരുന്നു. റൂബൻ മാമൗലിയന്‍റെ ഗംഭീര ഹോളിവുഡ് ക്ലാസിക് "ക്വീൻ ക്രിസ്റ്റീന', തിയോ ആഞ്ചലോപൗലോസിന്‍റെ "ഹണ്ടിങ് ലാൻഡ്സ്‌കേപ്പ് ഇൻ ദി മിസ്റ്റ്' തുടങ്ങിയ സിനിമകൾ എന്‍റെ മനസിൽ ശാശ്വതമായ സ്വാധീനം ചെലുത്തി. പ്രാദേശിക ആർക്കൈവുകളിൽ നിന്ന് ലഭിച്ച നിലവാരം കുറഞ്ഞ പതിപ്പുകൾ കണ്ടിരുന്ന യുവ സിനിമാ പ്രേമിക്ക് ഇത് യഥാർഥ വിരുന്നായിരുന്നു. ലോക സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ നിലവാരമുള്ള പതിപ്പുകൾ അവിടെയുണ്ടായിരുന്നു. സമകാലികരായ മുൻനിര സംവിധായകരുടെ മുൻകാല സൃഷ്ടികൾ നഗരത്തിലുടനീളമുള്ള നിരവധി വേദികളിൽ വ്യാപിച്ചുകിടക്കുന്നു; ഒപ്പം, ഇന്ത്യയിലെ ജീവിക്കുന്ന ഇതിഹാസങ്ങളായ സത്യജിത് റേ, ജി. അരവിന്ദൻ എന്നിവരുടെ ഏറ്റവും പുതിയ സൃഷ്ടികളും.
ഐഎഫ്എഫ്‌ഐയിൽ സിനിമകൾ കണ്ടും അഭിനന്ദിച്ചും വിശകലനം ചെയ്തും ചെലവഴിച്ച ആ വിസ്മയകരമായ നാളുകൾ പുനരാവിഷ്‌കരിക്കാൻ ഓർമകളുടെ പാതയിലൂടെ ഞാൻ യാത്ര നടത്തുമ്പോൾ, സിനിമയോടുള്ള എന്‍റെ താത്പര്യത്തെ രൂപപ്പെടുത്തിയ ഘടകങ്ങളാണിതെന്നു തിരിച്ചറിയാനാകുന്നു. പ്രശസ്തമായ പുണെ എഫ്ടിഐഐയിൽ ചലച്ചിത്ര നിർമാണത്തിൽ ബിരുദാനന്തര കോഴ്‌സ് എടുക്കാൻ എന്നെ പ്രേരിപ്പിച്ചതും ഈ ഘടകമാകാം. വികസ്വര രാഷ്‌ട്രത്തിൽ ജനിച്ചിട്ടും അനായാസമായി മികച്ച ദേശീയ- അന്തർദേശീയ സിനിമകൾ ആസ്വദിക്കാനുള്ള അവസരം എഎഫ്എഫ്‌ഐ ഉള്ളതിനാൽ മാത്രം നമുക്കു ലഭിച്ചിരിക്കുന്നത് എത്രമാത്രം ശ്രേഷ്ഠമാണെന്ന് എനിക്ക് ഇപ്പോൾ കൂടുതൽ ബോധ്യപ്പെട്ടു. പരിശ്രമങ്ങളെക്കുറിച്ചും ആസൂത്രണത്തിന്‍റെ ദിവസങ്ങളുടെയും മാസങ്ങളുടെയും എണ്ണത്തെക്കുറിച്ചും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ അർപ്പണബോധം, മേള വിജയകരമായി സംഘടിപ്പിക്കുന്നതിന് ചെലവഴിച്ച ഉദാരമായ വിഭവങ്ങൾ എന്നിവയെക്കുറിച്ചും എനിക്കറിയാം.
നമുക്ക് 35 വർഷത്തെ ആധുനിക കാലഘട്ടം പരിശോധിക്കാം. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥരുമായി സഹകരിച്ച് എഫ്‌ടിഐഐയിൽ നിന്നുള്ള സിനിമകളുടെ പാക്കെജ് തയാറാക്കുമ്പോൾ, ഐഎഫ്എഫ്ഐ സ്വാധീനവും സാംസ്‌കാരിക പ്രസക്തിയും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കിയ ക്യൂറേറ്റർ ടീമുകളുടെ അതേ ഊർജവും സ്ഥിരോത്സാഹവും അർപ്പണബോധവും എനിക്കു കാണാനായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുമെത്തുന്ന നൂറുകണക്കിന് സിനിമകളെ കൈകാര്യം ചെയ്യാൻ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് അകത്തും പുറത്തുമുള്ള നിരവധി ഏജൻസികളും വകുപ്പുകളും തമ്മിലുള്ള കത്തിടപാടുകളും കൃത്യമായ ആസൂത്രണവും പിഴവേതുമില്ലാത്ത ഏകോപനവും ആവശ്യമാണ്.
ലോകമെമ്പാടുനിന്നും ലഭിച്ച വലിയ അളവിലുള്ള ഫിലിം പെട്ടികൾ നമുക്ക് ഇനി കൊണ്ടുപോകേണ്ടതില്ലെങ്കിലും, ഡിജിറ്റൽ യുഗം അതിന്‍റെ സവിശേഷമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇന്‍റർനെറ്റിലൂടെയോ ഹാർഡ് ഡിസ്കിലൂടെയോ ഡിജിറ്റലായി അയയ്‌ക്കുന്ന ചലച്ചിത്രങ്ങൾ, ഫയലുകൾ കേടുകൂടാതെയുണ്ടോ, അനുയോജ്യമാണോ എന്ന് പരിശോധിക്കാൻ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. എൻക്രിപ്റ്റ് ചെയ്യുകയാണെങ്കിൽ, സ്‌ക്രീനിങ് കമ്മിറ്റികളുമായും പ്രൊജക്ഷനിസ്റ്റുകളുമായും ഡീക്രിപ്‌റ്റിങ് കോഡുകൾ ശരിയായി പങ്കിടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
പുതിയ വിഭാഗങ്ങൾ, ഒന്നിലധികം റെട്രോസ്‌പെക്റ്റീവുകൾ, തിരക്കേറിയ വേദികൾ, പ്രതിദിന പാനൽ ചർച്ചകൾ, ശിൽപ്പശാലകൾ, സെമിനാറുകൾ എന്നിവ ചലച്ചിത്ര പ്രേമികൾക്കും യുവ ചലച്ചിത്ര പ്രവർത്തകർക്കും ചലച്ചിത്ര പണ്ഡിതർക്കും ചലച്ചിത്ര പ്രേമികൾക്കും ഫിലിം സൊസൈറ്റി പ്രവർത്തകർക്കും മേളയെ കൂടുതൽ ആകർഷകമാക്കി. ഡിജിറ്റൽ മാധ്യമങ്ങളുടെ കുത്തൊഴുക്ക് അർഥമാക്കുന്നത്, ഡിജിറ്റൽ സങ്കേതങ്ങളിൽ ഒരാൾക്ക് അനുഭവവേദ്യമാകുന്നതിലും മികച്ച രീതിയിൽ സജ്ജമാക്കാൻ ചലച്ചിത്രമേളകൾക്ക് കഴിയുമെന്ന് വരും തലമുറയെ ബോധ്യപ്പെടുത്തുന്ന വിധത്തിൽ സംഘാടകർ ചലച്ചിത്രമേളകൾ ആസൂത്രണം ചെയ്യണമെന്നുകൂടെയാണ്.
ഒരു വലിയ സ്‌ക്രീനിൽ സിനിമ കാണുക മാത്രമല്ല, ജീവിതവും സിനിമയും ചേരുന്ന ആഘോഷമാണ് അത് എന്ന് യുവാക്കളെ ബോധ്യപ്പെടുത്തുകയാണ് ഇപ്പോഴത്തെ ദൗത്യം. ആകർഷകമായ ചരിത്രം, കല, വാസ്തുവിദ്യ, സൗഹൃദം പകരുന്ന ജനത, തിയറ്ററുകൾക്കിടയിലെ 8 ദിവസത്തെ സഞ്ചാരം, സിനിമകൾക്കിടയിലെ കാപ്പിയും ചെറുകടിയും, സിനിമാപ്രേമികൾ തമ്മിലുള്ള സൗഹൃദം, വൈകുന്നേരങ്ങളിൽ കടലോരത്തെ തണുത്ത കാറ്റ് എന്നിങ്ങനെ ഗോവ സംസ്ഥാനം വാഗ്ദാനം ചെയ്യുന്ന സമ്പൂർണ പാക്കെജ് ഒരു മാധ്യമത്തിനും പ്രത്യേകിച്ച്, അടുത്തിടെ കുതിപ്പുണ്ടാക്കിയ സമൂഹ മാധ്യമങ്ങൾക്ക്, അനുഭവവേദ്യമാക്കാനാകില്ല.
ഒരു നൂറ്റാണ്ടിലേറെയായി സിനിമയെ കൂട്ടായ അനുഭവമായാണ് വിഭാവനം ചെയ്തതെന്നു നാം മനസിലാക്കേണ്ടതുണ്ട്.
ഒരാൾക്ക് ഒറ്റയ്ക്കിരുന്ന് ഒരു സിനിമ കാണാനാകും. എന്നാൽ, സിനിമ അനുഭവിക്കാനും ആഘോഷിക്കാനും നാം അത് കാണുന്നത് സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സിനിമാ പ്രേമികളുടെയും തീർത്തും അപരിചിതരായവരുടെയും കൂട്ടായ്മയിലായിരിക്കണം. സമകാലിക ലോകത്തെ അടയാളപ്പെടുത്തുന്ന ഭിന്നതകൾക്കും കലഹങ്ങൾക്കും ഇടയിൽ പുതിയ സഖ്യങ്ങളും പുതിയ സാഹോദര്യങ്ങളും രൂപപ്പെടുത്താൻ ഈ രീതിയിലാണ് സിനിമ സഹായിക്കുന്നത്.
(പൂനെ എഫ്ടിഐഐയിലെ സ്ക്രീൻ സ്റ്റഡീസ് ആൻഡ് റിസർച്ച് പ്രൊഫസറാണ് ലേഖകൻ)