Entertainment

പോരാളി ബിനുവിന്‍റെ 'ബളാൽ' വർത്തമാനങ്ങൾ

ദീർഘകാലത്തെ നാടക പാരമ്പര്യവും ആരെയും വശീകരിക്കുന്ന കാസർഗോഡൻ ശൈലിയുമായി സിനിമയിലേക്കെത്തിയ രാജേഷ് അഴീക്കോടൻ മെട്രൊ വാര്‍ത്തയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

പി.ജി.എസ്. സൂരജ്

ഇത്തിരി വൈകിയെങ്കിലും കാസർഗോഡിന്‍റെ വിശാലമായ ആകാശത്തേക്ക് ചിറകു വിടർത്തി പറക്കുകയാണിപ്പോൾ മലയാള സിനിമ. പ്രത്യുപകാരമെന്ന പോലെ സിനിമയെ ഉഷാറാക്കാനുള്ള ആളും ആരവവും കഥയുമൊക്കെ കാസർഗോഡ് തിരിച്ചിങ്ങോട്ടും വാരി വിതറുന്നുമുണ്ട്.

അതിലൊരാളാണ് രാജേഷ് അഴീക്കോടൻ. മദനോത്സവത്തിലെ പോരാളി ബിനുവായും, ന്നാ താൻ കേസു കൊട് ചിത്രത്തിലെ എംഎൽഎയുടെ പിഎ ആയുമെല്ലാം രാജേഷ് മലയാളികൾക്ക് സുപരിചിതനായിക്കഴിഞ്ഞു. ദീർഘകാലത്തെ നാടക പാരമ്പര്യവും ആരെയും വശീകരിക്കുന്ന കാസർഗോഡൻ ശൈലിയുമായി സിനിമയിലേക്കെത്തിയ രാജേഷ് മെട്രൊ വാര്‍ത്തയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

എങ്ങനെയാണ് മദനോത്സവത്തിലേക്ക് എത്തുന്നത് ?

മദനോത്സവത്തിന്‍റെ സംവിധായകന്‍ സുധീഷ്‌ ഗോപിനാഥ് എന്‍റെ നാട്ടുകാരനും സുഹൃത്തുമാണ്. പയ്യന്നൂരിലെ എന്‍റെ നാടക സംഘത്തിലും സുധീഷുണ്ടായിരുന്നു. ആ സൗഹൃദമാണ് സിനിമയിലേക്കുള്ള വഴി തുറന്നതെന്നു വേണമെങ്കിൽ പറയാം. സുധീഷ്‌ ചീഫ് അസോസിയേറ്റ് ആയിരുന്ന ജിന്ന്, എന്നാ താന്‍ കേസ് കൊട് തുടങ്ങിയ സിനിമകളിലെല്ലാം അവസരം ലഭിച്ചിരുന്നു. സംവിധായകന്‍ രതീഷ്‌ പൊതുവാളിനെ എനിക്ക് പരിചയപ്പെടുത്തിയതും സുധീഷ്‌ ആയിരുന്നു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ എംഎല്‍എയുടെ പിഎ ആയ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയായിരുന്നു ഞാന്‍ അവതരിപ്പിച്ചത്. അങ്ങനെയായിരുന്നു ഞാന്‍ രതീഷ്‌ പൊതുവാളിന്‍റെ ടീമിലേക്ക് എത്തുന്നത്‌.

കാസർഗോഡ് തന്നെയായിരുന്നുവല്ലേ മദനോത്സവത്തിന്‍റെ ഷൂട്ടിങ്?

മദനോത്സവത്തിന്‍റെ ലൊക്കേഷന്‍ എന്‍റെ നാടായ കഞ്ഞങ്ങാട് - ബളാല്‍ ആയാല്‍ നന്നാവില്ലേ എന്ന് സുധീഷാണ് ആദ്യം ചോദിച്ചത്. കേട്ടപാടെ ആ തീരുമാനത്തെ ഞാന്‍ പിന്തുണച്ചു. സിനിമയില്‍ കാണിച്ചിരിക്കുന്ന മദനന്‍റെ വീട്, പാര്‍ട്ടി ഓഫീസ് എല്ലാം ചിത്രീകരിച്ചിരിക്കുന്നത് ബളാല്‍ എന്ന എന്‍റെ സ്വന്തം ഗ്രാമത്തിലാണ്.

പോരാളി ബിനു എന്ന കഥാപാത്രത്തെക്കുറിച്ച് പറയാമോ?

ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. പോരാളി ബിനു എന്ന കഥാപാത്രത്തെക്കുറിച്ച് കൃത്യമായ ധാരണ സുധീഷിനുണ്ടായിരുന്നു. ഒരേസമയം സാധാരണക്കാരുടെ ഇടയില്‍ നന്നായി പെരുമാറുകയും എന്നാല്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അല്‍പ്പം ക്രൂരമായി തന്‍റെ തീരുമാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന ആളാണ് പോരാളി ബിനു. കഥാപാത്രത്തെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍ തന്നെ എനിക്ക് പരിചയമുള്ള ചില നേതാക്കളെയൊക്കെ ഓര്‍മ വന്നിരുന്നു. അവരുടെ സ്വഭാവ രീതികളും ജനങ്ങളോടുള്ള ചില ഇടപെടലുകളുമെല്ലാം അഭിന‍യത്തിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

എങ്ങനെയാണ് കലാരംഗത്തേക്ക് എത്തുന്നത്?

നാടകത്തോട് കുട്ടിക്കാലംമുതല്‍ വലിയ താത്പര്യമായിരുന്നു. വര്‍ഷാവര്‍ഷം ഉത്സവങ്ങളിലും പള്ളിപ്പെരുനാളുകളിലും മാത്രമാണ് എന്‍റെ ചെറുപ്പകാലത്ത് ഞാന്‍ നാടകങ്ങള്‍ കണ്ടിരുന്നത്‌. നാട്ടിലെ ഉത്സവങ്ങളില്‍ നാടകം കളിക്കുമ്പോള്‍ ഞാന്‍ അടുത്ത് കൂടും. മേക്കപ്പ് റൂമിന്‍റെ വാതില്‍ക്കല്‍ നിന്ന് നടീനടന്മാര്‍ ചായം പൂശുന്നതൊക്കെ കൗതുകത്തോടെ നോക്കി നില്‍ക്കും. പിന്നീട് അനവധി സ്കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചു. അഭിനയിച്ച പല നാടകങ്ങളിലും മികച്ച നടന്‍ എന്ന അംഗീകാരം കിട്ടി. അതിനു ശേഷം നാട്ടില്‍ ഒരു പ്രത്യേക പരിഗണനയൊക്കെ ലഭിച്ചിട്ടുണ്ട്. പിന്നീട് നാടകത്തോടും അഭിനയത്തോടും ഭ്രാന്തമായ ഒരഭിനിവേശമായിരുന്നു.

പ്രധാന സിനിമകളുടെ ഓഡിഷനൊന്നും കാസർഗോഡ് നടക്കാറേയില്ല. അത് ഞങ്ങളെപ്പോലുള്ളവരെ ഒരുപാട് ബാധിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ കാസർകോട്ടേക്ക് സിനിമാചിത്രീകരണം വന്നു. കണ്ണൂരിലൊക്കെ ഓഡിഷൻ നടക്കാൻ തുടങ്ങി. അപ്പോൾ നാടകപ്രവർത്തകരൊക്കെ ഓഡിഷനെത്താൻ തുടങ്ങി.

സ്കൂള്‍ പഠന കാലത്തെ അത്തരം സൗഹൃദങ്ങളുടെ ഭാഗമായി പിന്നീട് ചില അമേച്വര്‍ നാടകങ്ങളില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചു. ഇബ്രാഹിം വേങ്ങരയുടെയും ശ്രീമൂലനഗരം മോഹന്‍റെയും നാടകങ്ങളായിരുന്നു അത്. പിന്നീട് രാമന്‍ദൈവം എന്ന നാടകത്തില്‍ അഭിനയിച്ചത് വലിയ വഴിത്തിരിവായി. ഒരു തികഞ്ഞ തിയേറ്റര്‍ നാടകത്തിന്‍റെ ശൈലിയിലുള്ള നാടകമായിരുന്നു അത്. അമേച്വര്‍ നാടകങ്ങളെകുറിച്ച് ആഴത്തില്‍ അറിയാനുള്ള അവസരങ്ങള്‍ ലഭിച്ചു. ബാബു അന്നൂര്‍ അഭിനയിച്ച കേളു എന്ന നാടകം കാണുന്നത് മറ്റൊരു വഴിത്തിരിവായി.ബാബു അന്നൂരുമായുള്ള സൗഹൃദത്തിലൂടെയാണ് അവരുടെ നാടകഗ്രാമത്തിലേക്കും നാടകവീട്ടിലേയ്ക്കും ഞാനെത്തുന്നത്. അപ്പോഴും സിനിമാ മോഹം ഉള്ളിലുണ്ടായിരുന്നു.

സിനിമ ആഗ്രഹമായിരുന്നോ?

ഒരു തരത്തിൽ സിനിമാ പാരമ്പര്യമുള്ള കുടുംബം തന്നെയാണ് എന്‍റേത്. അച്ഛന്‍ കാസർഗോട് ജില്ലയിലെ ആദ്യ സിനിമ നിര്‍മാതാക്കളിൽ ഒരാളായിരുന്നു. 1980 ല്‍ പുറത്തിറങ്ങിയ ഡാലിയ പൂക്കള്‍ എന്ന ചിത്രത്തിന്‍റെ നിർമാതാക്കളില്‍ ഒരാള്‍ അച്ഛനായിരുന്നു. ഞങ്ങളുടെ ബന്ധു കൂടിയായ സുധീഷ്‌ ഗോപാലകൃഷ്ണനും ആ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അച്ഛന്‍ ആ സിനിമയില്‍ നിർമാണ പങ്കാളിയാവാന്‍ ഒരു കാരണം തന്നെ സുധീഷായിരുന്നു. അക്കാലത്ത് സുധീഷിനോടോന്നിച്ചു വിജയന്‍ കാരോട്ടും ചിന്ത രവിയും പവിത്രനുമൊക്കെ വീട്ടില്‍ വരുമായിരുന്നു. മാത്രമല്ല അന്നത്തെ സിനിമ മാസികകളെല്ലാം വീട്ടില്‍ വരുത്തുമായിരുന്നു. ഇത്തരം പശ്ചാത്തലങ്ങളിലെപ്പോഴോ ആണ് എന്നില്‍ സിനിമ എന്ന സ്വപ്നം പൊട്ടിമുളയ്ക്കുന്നത്. ‌

സിനിമയിലെ തുടക്കകാലം എങ്ങനെയായിരുന്നു?

എഴുത്തുകാരനും ഡോക്യുമെന്‍ററി സംവിധായകനുമായിരുന്ന എം.എ. റഹ്മാന്‍ അച്ഛന്‍റെ സുഹൃത്തായിരുന്നു. അദ്ദേഹം ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ എന്‍റെ സിനിമാ മോഹം ഞാന്‍ അവതരിപ്പിച്ചു. അത് കേട്ടപ്പോള്‍ തന്നെ എന്നെ കെട്ടിപ്പിടിച്ച് എന്നാ എന്‍റെ കൂടെ പോന്നോളൂ എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹത്തോടൊപ്പം നിരവധി ഡോക്യുമെന്‍ററികളില്‍ ഞാന്‍ സംവിധാന സഹായിയായി ജോലി ചെയ്തു. അന്ന് ഡോക്യുമെന്‍ററികളുടെ പോസ്റ്റ്‌ പ്രോഡക്ഷന്‍ ജോലികള്‍ എല്ലാം നടക്കുന്നത് തിരുവനന്തപുരത്ത് വച്ചായിരുന്നു.

അവിടെ വച്ചാണ് പല പ്രശസ്ത വ്യക്തികളുമായും പരിചയം സ്ഥാപിക്കാനുള്ള അവസരം ഉണ്ടാവുന്നത്. ടി.വി. ചന്ദ്രന്‍, സൗണ്ട് മിക്സ് ചെയ്യുന്ന കൃഷ്ണനുണ്ണി, ഹരികുമാര്‍ തുടങ്ങിയവരെയെല്ലാം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ച് പരിചയപ്പെടാന്‍ കഴിഞ്ഞു. സതീഷ്‌ പൊതുവാളിന്‍റെ സമയം എന്ന ചിത്രത്തിലും ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ഭൂമിമലയാളം, മോഹവലയം എന്നീ ചിത്രങ്ങളിലും പങ്കാളിയായി. ടി.വി. ചന്ദ്രൻ എന്നെ സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് കണ്ടിരുന്നത്.

കെ. മാധവന്‍റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് എന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്യാനുള്ള അവസരവും ലഭിച്ചു. അങ്ങനെയിരിക്കെയാണ് എന്‍റെ സുഹൃത്തായ ബിനുലാല്‍ ഉണ്ണിയുടെ മകള്‍ സംവിധാനം നിര്‍വഹിച്ച തടിയനും മുടിയനും എന്ന സിനിമയില്‍ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാനായത്. അതൊരു വഴിത്തിരിവായി.

കാസർഗോഡും സിനിമയുമായുള്ള ബന്ധം?

ഞാനൊരു കര്‍ഷക കുടുംബത്തിലെ അംഗമാണ്. കാഞ്ഞങ്ങാട് നിന്ന് 35 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ‘ബളാല്‍’എന്ന മലയോര ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്‌. അവിടെ കലാപ്രവർത്തനമൊന്നും അത്ര സജീവമല്ല. രണ്ട് എന്ന സിനിമയിലെ മുസലിയാരുടെ വേഷം അത്യാവശ്യം ശ്രദ്ധേയമായതോടെയാണ് സിനിമയില്‍ അഭിനയിക്കാമെന്നുള്ള ആത്മവിശ്വാസമൊക്കെ വന്നു തുടങ്ങിയത്.

അങ്ങനെ പല ഓഡിഷനുകൾക്കും പോകാൻ തുടങ്ങി. അതിന് മുമ്പൊന്നും ഓഡിഷനുകളേക്കുറിച്ചൊന്നും ധാരണയില്ലായിരുന്നു. പിന്നെ പ്രധാന സിനിമകളുടെ ഓഡിഷനൊന്നും കാസർഗോഡ് നടക്കാറേയില്ല. അത് ഞങ്ങളെപ്പോലുള്ളവരെ ഒരുപാട് ബാധിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ കാസർകോട്ടേക്ക് സിനിമാചിത്രീകരണം വന്നു. കണ്ണൂരിലൊക്കെ ഓഡിഷൻ നടക്കാൻ തുടങ്ങി. അപ്പോൾ നാടകപ്രവർത്തകരൊക്കെ പോകാൻ തുടങ്ങി. പിന്നീടാണ് സിദ്ദി, ജിന്ന്, ന്നാ താൻ കേസ് കൊട്, പ്രണയവിലാസം,ബർമുഡ, രേഖ തുടങ്ങിയ സിനിമകളിലൊക്കെ അവസരങ്ങള്‍ ലഭിച്ചത്.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഓസ്ട്രേലിയ 104 ഔൾഔട്ട്; ജയ്സ്വാളിനും രാഹുലിനും അർധ സെഞ്ചുറി

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം