ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് തടവിലാക്കിയിരുന്ന എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ ഖത്തർ മോചിപ്പിച്ചത് ബോളിവുഡ് താരം ഷാരുഖ് ഖാന്‍റെ ഇടപെടൽ മൂലമെന്നു ഡോ. സുബ്രഹ്മണ്യൻ സ്വാമി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നടത്തിയ ശ്രമങ്ങള്‍ ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടപ്പോഴാണ്, കേന്ദ്രം ഷാരുഖ് ഖാന്‍റെ സഹായം തേടിയതെന്നും സ്വാമി സമൂഹമാധ്യമത്തിൽ കുറിച്ചു. ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മോദി ഷാരുഖ് ഖാനെ കൊണ്ടുപോകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, തനിക്ക് നയതന്ത്ര നീക്കവുമായി ഒരു ബന്ധവുമില്ലെന്നു ഷാരുഖ് ഖാൻ വ്യക്തമാക്കി. നാവികരുടെ മോചനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കേന്ദ്ര സർക്കാരാണ് ചെയ്തതെന്നും തനിക്ക് അതിൽ ഒരു പങ്കുമില്ലെന്നും ഷാരുഖ് ഖാന്‍റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചു. സ്വാമിയുടെ പ്രസ്താവനയോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.