ഗർഭകാല ഓർമ്മക്കുറിപ്പായ പുസ്തകത്തിന്‍റെ പേരുകാരണം വെട്ടിലായിരിക്കുകയാണ് നടി കരീന കപൂർ. നടി എഴുതിയ ''കരീന കപൂർ പ്രെഗ്നൻസി ബൈബിൾ'' എന്ന പുസ്തകത്തിന്‍റെ പേരിലെ ബൈബിൾ എന്ന വാക്കാണ് പ്രശ്നമായത്. ഇക്കാരണം ചൂണ്ടിക്കാട്ടി കരീന കപൂറിന് മധ്യപ്രദേശ് ഹൈക്കോടതി വക്കീൽ നോട്ടീസയച്ചു.
പുസ്തകത്തിന്‍റെ തലക്കെട്ടിന് ബൈബിൾ എന്ന വാക്കുപയോഗിച്ചതിനെതിരേ ക്രിസ്റ്റഫർ ആന്‍റണി എന്ന ജബൽപുർ സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കരീനയ്ക്ക് കോടതി വക്കീൽ നോട്ടീസയച്ചത്. താരത്തിനും പുസ്തകം വിൽക്കുന്നതിനുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് അഭിഭാഷകന്‍റെ ആവശ്യം. പുസ്തകത്തിന്‍റെ വിൽപ്പന നിരോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയയുടെ സിംഗിൾ ജഡ്ജി ബെഞ്ച് കരീനയ്ക്ക് നോട്ടീസയച്ചത്.
ബൈബിൾ എന്ന വാക്ക് എന്തിനുപയോഗിച്ചു എന്നത് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പുസ്തകത്തിന്‍റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്കുപയോഗിക്കുന്നത് ക്രിസ്ത്യൻ സമൂഹത്തിന്‍റെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതിക്കാരന്‍റെ വാദം. തൻ്റെ പുസ്തകത്തിന് വിലകുറഞ്ഞ പബ്ലിസിറ്റി നേടാനാണ് താരം ഈ വാക്ക് ഉപയോഗിച്ചതെന്നും ആന്‍റണി പറയുന്നു.