ദമ്പതികളുടെ സംരഭകത്വ വിജയങ്ങൾ 
Lifestyle

സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം...

ഭാര്യാഭർത്താക്കൻമാർ ചേർന്ന് വിജയകരമായി നടത്തിവരുന്ന അഞ്ച് സംരംഭങ്ങൾ പരിചയപ്പെടാം

മേഘാ ചന്ദ്ര

സ്വപ്നങ്ങളും ദുഃഖഭാരങ്ങളുമൊക്കെ പങ്കുവയ്ക്കുന്ന കൂട്ടത്തിൽ ചില ദമ്പതികൾ അവരുടെ സംരഭകത്വ ആശയങ്ങൾ കൂടി പങ്കുവച്ചെന്നിരിക്കും; അതിൽ പലരും ഒരുമിച്ച് വിജയം കാണുകയും ചെയ്യുന്നുണ്ട്. അങ്ങനെ, ഭാര്യാഭർത്താക്കൻമാർ ചേർന്ന് വിജയകരമായി നടത്തിവരുന്ന അഞ്ച് സംരംഭങ്ങൾ പരിചയപ്പെടാം.

ചുംബക്

ശുഭ്ര ഛദ്ദ, വിവേക് പ്രഭാകർ - ചുംബക്

വിവേക് ​​പ്രഭാകറും ഭാര്യ സുബ്ര ഛദ്ദയും ചേർന്ന് 2010ൽ ബംഗളൂരുവിൽ സ്ഥാപിച്ച ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡാണ് ചുംബക്. വസ്ത്രങ്ങൾ, ഡൈനിങ്, അലങ്കാരം, സൗന്ദര്യവർധക വസ്തുക്കൾ, ബാഗുകൾ, ഗിഫ്റ്റുകൾ എന്നിവ ഉൾപ്പടെ വിവിധ വിഭാഗങ്ങളിലായി ഉത്പന്നങ്ങൾ ലഭ്യമാകുന്ന ഒരു ഓൺലൈൻ ‌ശ്രോണിയാണ് ചുംബക്. അഹമ്മദാബാദ്, ഭോപ്പാൽ, ബംഗളൂരു, ഭുവനേശ്വർ, കോഴിക്കോട്, ചണ്ഡിഗഡ്, ചെന്നൈ, ഡൽഹി, ഗുരുഗ്രാം, ഗ‌ോഹട്ടി, ഹൈദരാബാദ്, ഇന്ദോർ, കൊച്ചി, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാസിക്, നോയ്ഡ, പൂനെ തുടങ്ങി ഇരുപതിലധികം നഗരങ്ങളിലായി അമ്പതിലധികം സ്‌റ്റോറുകൾ ഇന്ന് ചുംബകിനുണ്ട്.

മെൻസ്ട്രുപീഡിയ

തുഹിൻ പോൾ, അദിതി ഗുപ്ത - മെൻസ്ട്രുപീഡിയ

ദമ്പതികളായ അദിതി ഗുപ്തയും തുഹിൻ പോളും ചേർന്ന് 2012ൽ സ്ഥാപിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പാണ് മെൻസ്ട്രുപീഡിയ. ആർത്തവത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആർത്തവത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുക എന്നതുമാണ് ഈ കമ്പനിയുടെ ലക്ഷ്യം. മെൻസ്ട്രുപീഡിയ കോമിക് 9 - 14 വയസ് പ്രായമുള്ള പെൺകുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ്. അവർക്ക് രസകരവും ആകർഷകവുമായ രീതിയിൽ ആർത്തവത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്. എന്താണ് ആർത്തവം, ആർത്തവ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ആർത്തവസമയത്ത് എങ്ങനെ ആരോഗ്യത്തോടെയിരിക്കാം തുടങ്ങിയ വിഷയങ്ങൾ ഈ കോമിക്കിൽ ഉൾപ്പെടുത്തുന്നു. നിലവിൽ ഇന്ത്യ കൂടാതെ കെനിയ, യുകെ, മലേഷ്യ, ബ്രസീൽ, ഈജിപ്റ്റ്, ഓസ്ട്രേലിയ, മാലദ്വീപ്, ഉറുഗ്വെ, നേപ്പാൾ, ഹംഗറി, സിംബാംബ്‌വെ എന്നീ രാജ്യങ്ങളിൽ ഇതു ലഭ്യമാണ്. ഇന്ത്യയിൽ മലയാളം ഉൾപ്പെടെ പതിനേഴോളം ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നു. ഓൺലൈനായും ലഭ്യമാണ്.

ഷുഗർ കോസ്മെറ്റിക്സ്

കൗശിക് മുഖർജി, വിനീത സിങ് - ഷുഗർ കോസ്മറ്റിക്സ്

ദമ്പതികളായ വിനീത സിങ്ങും കൗശിക് മുഖർജിയും ചേർന്ന് 2015ൽ മുംബൈയിൽ സ്ഥാപിച്ച ഒരു കോസ്മെറ്റിക് സ്റ്റാർട്ടപ്പ് കമ്പനിയാണ് ഷുഗർ കോസ്മെറ്റിക്സ്. വിവിധ സ്കിൻ ടോണുകൾക്കുള്ള ഫൗണ്ടേഷനുകൾ, വിവിധ ഷെയ്ഡുകളിലും ഫിനിഷുകളിലുമുള്ള ട്രാൻസ്ഫർ പ്രൂഫ് ലിപ്സ്റ്റിക്കുകൾ, കോണ്ടൂർ സ്റ്റിക്കുകൾ, ഫെയ്സ് പാലറ്റുകൾ, സെറ്റിങ് പൗഡറുകൾ, മാസ്കാരകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേക്കപ്പ് ഉത്പന്നങ്ങൾ ഷുഗർ കോസ്മെറ്റിക്സ് ലഭ്യമാക്കുന്നു. 2023ലെ കണക്കനുസരിച്ച്, ഈ ബ്രാൻഡ് അഞ്ഞൂറിലധികം നഗരങ്ങളിൽ പ്രവർത്തിക്കുകയും 420 കോടി രൂപ വിറ്റുവരവ് നേടുകയും ചെയ്യുന്നു.

മാമാ എർത്ത്

വരുൺ അലഗ്, ഗസൽ അലഗ് - മാമാഎർത്ത്

ദമ്പതികളായ ഗസൽ അലഗ്, വരുൺ അലഘ് എന്നിവർ 2016ൽ ഹരിയാനയിലെ ഗുഡ്ഗാവിൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ് കമ്പനിയാണ് മാമാ എർത്ത്. കുഞ്ഞുങ്ങൾക്കും അമ്മമാർക്കും മറ്റുള്ളവർക്കും പ്രകൃതിദത്തവും വിഷരഹിതവുമായ പ്രകൃതി ആരോഗ്യവും വ്യക്തിഗത പരിചരണ ഉത്പന്നങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു ഡോർ ടു ഡോർ സുരക്ഷിത സൗന്ദര്യ ശിശു സംരക്ഷണ സ്റ്റാർട്ടപ്പാണിത്. ഇന്ന് ഇന്ത്യയിലെ അഞ്ഞൂറിലധികം നഗരങ്ങളിലായി 15 ലക്ഷത്തിലധികം ഉപയോക്താക്കൾ മാമാ എർത്ത് ഉത്പന്നം ഉപയോഗിക്കുന്നുണ്ട്.

കാഷ്കാരോ

രോഹൻ ഭാർഗവ, സ്വാതി ഭാർഗവ - കഷ്കാരോ

ദമ്പതികളായ സ്വാതി ഭാർഗവയും രോഹൻ ഭാർഗവയും ചേർന്ന് 2013ൽ ഗുരുഗ്രാമിൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ് കമ്പനിയാണ് കാഷ്കാരോ. ആമസോൺ, ഫ്ലിപ്പ്‌കാർട്ട്, മിന്ത്ര തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ കൂപ്പണുകൾ വഴിയും ക്യാഷ്ബാക്കുകളിലൂടെയും പണം ലാഭിക്കാൻ ഈ പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ സഹായിക്കുന്നു.

ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

ഇത്രയും തറയായ പ്രതിപക്ഷനേതാവിനെ കേരളം കണ്ടിട്ടില്ല: വെള്ളാപ്പള്ളി നടേശൻ