കിഴക്കിന്‍റെ പാദുവ എന്നറിയപ്പെടുന്ന വടക്കൻ പറവൂർ ചെട്ടിക്കാട് സെന്‍റ് ആന്‍റണീസ് തീർഥാടന കേന്ദ്രത്തിൽ, വിശുദ്ധ അന്തോണീസിന്‍റെ 828 ാം ജന്മദിന തിരുനാളിനോടനുബന്ധിച്ച് തയാറാക്കിയത് 828 കിലോഗ്രാം ഭാരമുള്ള കേക്ക്. 101 അടി നീളവും ആറടി വീതിയുമുള്ള കേക്കിൽ ഉപയോഗിച്ചിരിക്കുന്ന ബട്ടർ ക്രീം മാത്രം 400 കിലോഗ്രാം വരും. 8 പേർ 24 മണിക്കൂർ തുടർച്ചയായി ജോലി ചെയ്താണ് കേക്കിന്‍റെ നിർമാണം പൂർത്തിയാക്കിയത്.
ആകെ ചെലവ് നാലു ലക്ഷം രൂപ. അനുഷ്ഠാനം പോലെ ചെയ്തുപോരുന്ന കേക്ക് നിർമാണത്തിനും ഭക്തജനങ്ങൾക്കുള്ള വിതരണത്തിനും തീർഥാടന കേന്ദ്രത്തിന്‍റെ ചുമതലയുള്ള റെക്റ്റർ ഫാ. അംബ്രോസ് പുത്തൻ വീട്ടിൽ നേതൃത്വം നൽകി. ഡോ. മാലതി എളമക്കരയാണ് സ്പോൺസർ ചെയ്തത്. ചാലക്കുടി ബേക്ക് മാജിക്കിലെ പ്രദീപ് ടി.വി യുടെ (കുട്ടാവ് പ്രദീപ്) മേൽനോട്ടത്തിലാണ് ഇത്തവണത്തെ കേക്ക് നിർമിച്ചത്.