Lifestyle

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്...

തിരുത്തേണ്ടേ കാര്യങ്ങള്‍ കുട്ടി പറഞ്ഞു കഴിഞ്ഞ ശേഷം ബോധ്യപ്പെടുത്താനാണ് ശ്രമിക്കേണ്ടത്

വീട്ടില്‍ കുട്ടിയുടെ ബുദ്ധിപരവും സര്‍ഗാത്മകവുമായ കഴിവുകളുണര്‍ത്താനും വളര്‍ത്താനുമുള്ള അന്തരീക്ഷം ഒരുക്കി കൊടുക്കുക. കുട്ടിയുടെ കലാപരമായ കഴിവുകളും വായനയിലും സാഹിത്യത്തിലുമുള്ള താല്പര്യവുമൊന്നും പാരമ്പര്യമായി ലഭിക്കുന്നതല്ല. കുഞ്ഞുനാളിലേ വീട്ടില്‍ നിന്നു ലഭിക്കുന്ന പരിചയവും സാഹചര്യവും പരിശീലനവുമൊക്കെയാണ് അതിന് സഹായിക്കുന്നത്. കുട്ടികളില്‍ ആശയവിനിമയം, സര്‍ഗശക്തി, ഓര്‍മ ശക്തി, ശാസ്ത്ര വിഷയങ്ങളിലും ഗണിതത്തിലുമുള്ള അഭിരുചി എന്നിവയൊക്കെ വളര്‍ത്തിയെടുക്കേണ്ടത് വീട്ടില്‍ നിന്നു തന്നെയാണ്. കേള്‍ക്കാനും മനസിലാക്കാനും പ്രായമാകുന്നതു മുതല്‍ കുട്ടിക്ക് കൗതുകകരമായ കാര്യങ്ങളും കഥകളും പറഞ്ഞു കൊടുക്കണം. പാട്ടുകള്‍ പാടി കൊടുക്കണം , ചിത്രം വരയ്ക്കാനുള്ള വലിയ കടലാസും നിറം നല്‍കാനുള്ള ക്രയോണ്‍, വാട്ടര്‍ കളര്‍, ബ്രഷുകള്‍ എന്നിവ നല്‍കണം. കുട്ടി നടത്തുന്ന കുത്തി വരകള്‍ ഭാവിയില്‍ അവരുടെ ആശയങ്ങളും മോഹങ്ങളും ദൃശ്യപരമായി അവതരിപ്പിക്കാനുള പരിശീലനമാണെന്ന് തിരിച്ചറിയണം .

വീടിനുള്ളിലും വീടിനു പുറത്തുള്ള കാര്യങ്ങള്‍ ഒന്നൊന്നായി പരിചയപ്പെടുത്തണം , പ്രായത്തിനനുസരിച്ച് കുട്ടികളുടെ ബൗദ്ധികവും സര്‍ഗാത്മകവുമായ കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന കളിക്കോപ്പുകള്‍ വാങ്ങി കൊടുക്കാം ,വീട്ടില്‍ തന്നെ ഉണ്ടാക്കിക്കൊടുക്കാം. വായിക്കാനുള്ള പുസ്തകങ്ങള്‍ വാങ്ങി നല്‍കണം . മാതാപിതാക്കള്‍ പത്രവും പുസ്തകവുമൊക്കെ വായിക്കുന്നതു കണ്ടു വളരുന്ന കുട്ടികള്‍ അറിയാതെ വായന ഒരു ശീലമാക്കി മാറ്റും. യാത്രകളും കാഴ്ചകളും മറ്റുള്ളവരുമായി ഇടപെടാനുള്ള അവസരങ്ങളുമൊക്കെ കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കുന്നത് മിടുമിടുക്കരും മിടുക്കികളുമായി വളരാന്‍ അവരെ സഹായിക്കും.

അണുകുടുംബം എന്ന പ്രശ്‌നം

ഇന്നത്തെ മാറിയ കുടുംബ സാഹചര്യത്തില്‍ , അണുകുടുംബത്തിലെ ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്ക് ആവശ്യമായ ശ്രദ്ധയും പരിഗണനയും നല്‍കാന്‍ സാധിക്കുന്നില്ല. ഇത് കുട്ടിയുടെ മാനസികവും സാമൂഹികവുമായ വളര്‍ച്ചയെ ബാധിക്കും,.അണു കുടുംബങ്ങളില്‍ ഒറ്റക്കുട്ടിയായി വളര്‍ന്നുവരുന്നവരില്‍ ശാരീരിക വളര്‍ച്ചയിലും ബൗദ്ധിക വളര്‍ച്ചയിലും പിഴവുകള്‍ സൃഷ്ടിക്കപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. ബാല്യകാലത്ത് സഹോദരങ്ങളോടൊത്ത് ഇണങ്ങിയും പിണങ്ങിയും കളിച്ചും സഹകരിച്ചും വളരുന്ന കുട്ടികള്‍ പഠിക്കുന്ന പാഠങ്ങള്‍ ഒന്നും തന്നെ ഒറ്റ കുട്ടിയായി വളരുന്നവര്‍ക്ക് ലഭിക്കുന്നില്ല. പരസ്പര സ്‌നേഹം, കൂട്ടായ്മ , പങ്കിടലിന്‍റെ മാഹാത്മ്യം എന്നിവയൊന്നും ഈ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ആരുമില്ല.

കുട്ടികളുടെ സ്വാഭാവികമായ ബൗദ്ധിക-മാനസിക വളര്‍ച്ചയ്ക്കു തടസ്സമാകുന്ന മറ്റൊരു പ്രധാന ഘടകമാണ് ടി.വിയും മൊബൈല്‍ ഫോണും . കുട്ടികളുടെ ശല്യം അല്‍പ്പനേരത്തേക്ക് ഒഴിവാക്കാനായി മൊബൈല്‍ ഫോണിനും ടിവിക്കുമുമ്പിലുമൊക്കെ പിടിച്ചിരുത്തുന്ന രക്ഷിതാക്കള്‍ ധാരാളമുണ്ട്. ഏറെ നേരം ചാനല്‍ മാറ്റിക്കൊണ്ട് ടി.വി . കാണുന്ന, മൊബൈലില്‍ കളിക്കുന്ന കുട്ടിയില്‍ ഒരു തരം ചിതറിയ ശ്രദ്ധയായിരിക്കും രൂപപ്പെടുക. ഇത് ഭാവിയില്‍ ഏകാഗ്രതക്കുറവിനും പഠന വൈകല്യങ്ങള്‍ക്കും കാരണമാകാം. ഹൈപ്പര്‍ ആക്ടിവിറ്റി യുടെ പ്രശ്‌നങ്ങളും ഉണ്ടാക്കാം. കുട്ടിക്ക് പഠിക്കാനുള്ള അന്തരീക്ഷം വീട്ടില്‍ ഒരുക്കിക്കൊടുക്കേണ്ടത് രക്ഷിതാക്കളാണ്. പഠിക്കുന്ന സമയം വീട്ടില്‍ മറ്റ് വിനോദ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കാതിരിക്കുന്നതും പ്രധാനപ്പെട്ടതാണ്. പഠിക്കുന്ന സമയം ശാന്തമായ അന്തരീക്ഷമാണ് ഉണ്ടാകേണ്ടതെന്ന് കുട്ടി ചെറുപ്പത്തിലേ തിരിച്ചറിയണം. ഇത് പഠനത്തിന്‍റെ ഗൗരവവും ചിട്ടയും കുട്ടികളില്‍ വളര്‍ത്താന്‍ സഹായിക്കും.

രക്ഷിതാക്കളുടെ പങ്കാളിത്തം

കുട്ടികള്‍ സ്‌കൂളില്‍ ചേര്‍ന്നതു തൊട്ട് രക്ഷാകര്‍ത്താക്കള്‍ക്ക് അധ്യാപക രക്ഷാകര്‍തൃ സംഘടനയില്‍ സജീവവും ക്രിയാത്മകവുമായ പങ്കാളിത്തം ഉണ്ടാവണം. പല വീടുകളിലും ഇക്കാര്യം അമ്മമാരുടെ മാത്രം ഉത്തരവാദിത്വമാണ് . കുട്ടികള്‍ അപേക്ഷിച്ചാല്‍ പോലും അരദിവസത്തെ അവധിയെടുത്തോ അല്പം നേരത്തേ പുറപ്പെട്ടോ പല പിതാക്കന്മാരും ക്ലാസ് മീറ്റിങ്ങില്‍ പോലും പങ്കെടുക്കാറില്ല. സ്‌കൂളിലെന്തു സംഭവിക്കുന്നുവെന്ന് അറിയാത്ത ഒരു രക്ഷിതാവിന് ഫലവത്തായ രീതിയില്‍ മക്കളുടെ പഠന കാര്യത്തില്‍ ഇടപെടാനാവുകയില്ല

നല്ല കേള്‍വിക്കാരാകണം

സ്‌കൂളിലെ കഥകളും സംഭവങ്ങുമൊക്കെ വിശദമായി പറയാന്‍ ഇഷ്ടമുള്ളവരാണ് കുട്ടികള്‍, അവര്‍ പറയുന്നത് ചിലപ്പോള്‍ ആവര്‍ത്തനമായിരിക്കും. പലപ്പോഴും എന്താണ് അവര്‍ പറയാന്‍ പോകുന്നത് എന്ന് മാതാപിതാക്കള്‍ക്ക് ഊഹിക്കാവുന്ന കാര്യങ്ങളുമായിരിക്കും. എന്നാല്‍ കുട്ടികളുടെ ഇത്തരം വര്‍ത്തമാനങ്ങളൊക്കെ രക്ഷിതാക്കള്‍ വളരെ ശ്രദ്ധയോടെ കേള്‍ക്കേണ്ടതുണ്ട്. അവര്‍ പറയുന്നതിന് തടസ്സമുണ്ടാക്കാനോ താല്പര്യം കുറയ്ക്കാനോ പരിഹാസമോ കുറ്റപ്പെടുത്തലുകളോ നടത്താനോ മുതിരരുത് . തിരുത്തേണ്ടേ കാര്യങ്ങള്‍ കുട്ടി പറഞ്ഞു കഴിഞ്ഞ ശേഷം ബോധ്യപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. തങ്ങള്‍ പറയുന്നതു കേള്‍ക്കാത്ത രക്ഷിതാക്കളോട് , പിന്നെ മക്കള്‍ ഒന്നും പറയാതാവുന്നു

കുട്ടികളുടെ അധ്യാപകരെയോ കൂട്ടുകാരെയോ രക്ഷിതാക്കള്‍ ഒരിക്കലും പരിഹസിക്കാന്‍ മുതിരരുത്. കുട്ടികള്‍ക്ക് അവരുടെ കൂട്ടുകാര്‍ പ്രിയപ്പെട്ടവരായിരിക്കും : പരസ്പരം മനസിലാക്കുന്നവരെ, സംഘര്‍ഷ വേളകളില്‍ ആശ്വാസം നല്‍കുന്നവരെയായിരിക്കും കുട്ടികള്‍ കൂട്ടുകാരായി തെരഞ്ഞെടുക്കുക. അത്തരം കൂട്ടുകാരുടെ ഏതെങ്കിലും ചില സ്വഭാവ ഘടകങ്ങള്‍ വെച്ച് പരിഹസിക്കുകയോ കൂട്ടുകെട്ടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതോ കുട്ടികള്‍ക്ക് സ്വീകാര്യമാവണമെന്നില്ല. അധ്യപകരോടോ സ്‌കൂളിനോടോ ക്ലാസിനോടോ ഇഷ്ടക്കേടുണ്ടാക്കാന്‍ മാത്രമേ ഇതു സഹായിക്കൂ.

പഠനമുറിയുടെ പ്രാധാന്യം

കുട്ടികളുടെ പഠനമുറിയെ നാളേയ്ക്കുള്ള സമ്പാദ്യമായാണ് രക്ഷിതാക്കള്‍ കാണേണ്ടത്. പഠനത്തിന്‍റെ വഴിയൊരുക്കുന്നത് എഴുത്ത് ,വായന എന്നിവയിലൂടെയാണ് . മുഷിച്ചിലുണ്ടാകാതെ വായിച്ചിരിക്കാനും ശാരീരിക വിഷമതകളുണ്ടാകാതെ എഴുതാനും സൗകര്യമുണ്ടാകണം പഠനമുറിയില്‍ . ടി.വി യും പാട്ടുപെട്ടികും ഒരുകിവെച്ച മുറിയില്‍ വീട്ടിലെ മറ്റംഗങ്ങളുടെ ദൈനം ദിന കാര്യങ്ങള്‍ നടത്തുന്ന മുറിയില്‍ പഠിക്കാനിരിക്കുന്ന കുട്ടിക്ക് ഏകാഗ്രത ലഭിക്കില്ല . പഠനത്തിന് ശാന്തമായ ഒരന്തരീക്ഷം തന്നെയാണ് വേണ്ടത്.

സാമ്പത്തിക ബുദ്ധിമുട്ടോ സൗകര്യക്കുറവോ ഉള്ള രക്ഷിതാക്ക കിടപ്പുമുറിയിലോ കോലായിലോ കുട്ടികള്‍ക് പഠിക്കാനുള്ള സ്ഥലം പ്രത്യേകം ഒരുക്കിക്കൊടുക്കണം. മറ്റുള്ളവരുടെ പ്രവര്‍ത്തികളും ജോലികളും വിനോദവും സ്വാധീനിക്കാത്ത ഒരിടമായിരിക്കണം പഠനയിടം. ചെറുപ്പകാലത്തു തന്നെ പഠിക്കുവാനുള്ള സൗകര്യമോ സ്ഥലമോ നല്കുന്നത് പഠനത്തിന് രക്ഷിതാക്കള്‍ നല്കുന്ന പ്രാധാന്യത്തെയാണ് വെളിപ്പെടുത്തുന്നത്. പഠിക്കാനുള്ള സമയവും ഒരു ചിട്ടയായി പാലിക്കുവാന്‍ കുട്ടികളെ ശീലിപ്പിക്കുന്നത് പഠനത്തിന്‍റെ പ്രാധാന്യം തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കും

പഠനോപകരണങ്ങള്‍

കുട്ടിക്കുവേണ്ടി പഠനോപകരണങ്ങള്‍ വാങ്ങുമ്പോള്‍ സ്‌കൂളിലത് പ്രദര്‍ശന വസ്തുവാക്കാനുള്ള ഉദ്ദേശത്തോടു കൂടിയാകരുത് : വിലപിടിച്ച ബാഗ്, പേന , ഇന്‍സ്ട്രുമെന്‍റ് ബോക്‌സ് തുടങ്ങിയ കുട്ടിക്ക് വാങ്ങി കൊടുക്കരുത് . അവ പലപ്പോഴും കുട്ടിയുടെ പഠനത്തിന് ഉപകാരത്തേക്കാള്‍ ഉപദ്രവമാണ് ഉണ്ടാക്കുക

വസ്തുവകകള്‍ പൊങ്ങച്ചമോ പ്രതാപമോ കാണിക്കുന്നതാകുമ്പോള്‍ കുട്ടിക്ക് പഠിക്കാനുള്ള താത്പര്യം കുറയാനാണ് സാധ്യത . സ്‌കൂളിലെ കുട്ടികള്‍ പൊതുവായി ഉപയോഗിക്കുന്ന ശരാശരി നിലവാരമുള്ള വസ്തു വകകള്‍ മാത്രം കുട്ടിക്കു വാങ്ങി നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം -

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും