അനഘ മനോജ് 
Lifestyle

ക്രൈസ്റ്റ് കോളെജ് വിദ്യാർഥിനിക്ക് യോഗയിൽ ലോക റെക്കോഡ്

ഇരിങ്ങാലക്കുട: യോഗാഭ്യാസ പ്രകടനത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് വിദ്യാർഥിനിക്ക് ഗിന്നസ് ലോക റെക്കോർഡ്. കോളെജിലെ ഒന്നാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർഥിനിയായ അനഘ മനോജാണ് ഗിന്നസ് നേട്ടത്തിന് അർഹയായത്.

2023 ഡിസംബർ 3ന് കൊടുങ്ങല്ലൂർ റോട്ടറി ക്ലബ് ഹാളിൽ വച്ചായിരുന്നു റെക്കോർഡ് പിന്നിട്ട അനഘയുടെ യോഗാഭ്യാസ പ്രകടനം. യോഗാസനത്തിലെ മെർമെയ്ഡ് പോസിൽ ഒരു മണിക്കൂർ 27 മിനിറ്റ് പിന്നിട്ടാണ് അനഘ റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. തിരുപ്പൂർ സ്വദേശിനിയായ രൂപ ഗണേഷിന്‍റെ ഒരു മണിക്കൂർ 15 മിനിറ്റ് ഏഴ് സെക്കൻഡ് എന്ന റെക്കോർഡ് പഴങ്കഥയാക്കിയായിരുന്നു അനഘയുടെ ചരിത്ര നേട്ടം.

ഗിന്നസ് മാനദണ്ഡങ്ങളനുസരിച്ച് ഗിന്നസ് അധികൃതരുടെയും അംഗീകൃത യോഗാധ്യാപകരായ എം.വി. സിനി, പത്മജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അനഘയുടെ പ്രകടനം.

യോഗാഭ്യാസത്തിലുള്ള താത്പര്യം മൂലം യുട്യൂബ് വീഡിയോകളുടെ സഹായത്തിൽ ഒരു വർഷത്തോളമായുള്ള നിതാന്ത പരിശ്രമമാണ് അനഘയെ റെക്കോർഡ് നേട്ടം സ്വന്തമാക്കുന്നതിന് സഹായിച്ചത്.

കൊടുങ്ങല്ലൂർ സ്വദേശികളായ കൈതക്കാട്ട് മനോജ്, പ്രസീത ദമ്പതികളുടെ മകളാണ് അനഘ. അഖിൽ ഏക സഹോദരനാണ്. കോളെജിൽ നടന്ന ചടങ്ങിൽ അനഘയെ അനുമോദിച്ചു. അനഘയുടെ പ്രകടനം കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും നേർസാക്ഷ്യമാണെന്നും വിദ്യാർഥികൾക്ക് അനുകരണീയമായ മാതൃകയാണെന്നും കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് പറഞ്ഞു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു