നാളികേരം…കേരളം എന്ന നാടിന് ആ പേരു നൽകിയ കേരളത്തിന്‍റെ സ്വന്തം സ്വർഗീയ വൃക്ഷം. എണ്ണിയാൽ തീരാത്ത ഗുണങ്ങളാണ് നാളികേരത്തിനുള്ളത്. കാലാവസ്ഥാ മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന തളർച്ചയ്ക്കും മറ്റു നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും നാളികേരം ഏറ്റവും നല്ല പരിഹാരം. ഇന്നു നാളികേരത്തെയും അതു കൊണ്ടുള്ള ചില വിഭവങ്ങളെയും പരിചയപ്പെടാം
നാളികേര സ്മൂത്തി
ഇതിന് കരിക്കാണ് കൂടുതൽ നല്ലത്. കരിക്ക് എടുക്കുമ്പോൾ അത്യാവശ്യം മാംസളമായ ഭാഗം ഉള്ള കരിക്ക് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
കരിക്ക് ഗ്രേറ്റ് ചെയ്തത് ഒന്നര കപ്പ്
കരിക്കിൻ വെള്ളം-1 കപ്പ്
ഒരു കപ്പ് കരിക്കിൻ വെള്ളത്തിൽ ഒന്നര കപ്പ് കരിക്ക് നന്നായി അരച്ച് പിഴിഞ്ഞ് പാൽ എടുക്കുക. അതിലേക്ക് ഒരു സ്പൂൺ അനാർ, മൂന്നു കാജുർ ഡേറ്റ്സ്,നാൽപത്തഞ്ചു മിനിറ്റ് കുതിർത്തു വച്ച ഒരു സ്പൂൺ ചിയ സീഡ്സ് എന്നിവ ചേർത്തിളക്കി ഉപയോഗിക്കുക. കൂടുതൽ മധുരം ആവശ്യമെങ്കിൽ ഒരു സ്പൂൺ തേൻ (honey) അല്ലെങ്കിൽ മേപ്പിൾ സിറപ്പ് ഉപയോഗിക്കാം.
നാളികേരപ്പാൽ ചായ(pure vagan)
ഇത് സമ്പൂർണ വേഗൻ ചായയാണ്. പാലും പാൽ ഉൽപന്നങ്ങളും അലർജിയായിട്ടുള്ളവർക്കും മറ്റും ഇത് ഏറ്റവും ആസ്വാദ്യകരമായ ചായ തന്നെയാണ്. നാളികേരപ്പാൽ ആണ് ചായയിൽ ചേർത്തിരിക്കുന്നതെന്നു തോന്നുകയേ ഇല്ല.ഇനി നമുക്ക് നാളികേരപ്പാൽ ചായ ഉണ്ടാക്കാം.
അതിനു വേണ്ടി ആദ്യം ഒന്നരകപ്പ് നാളികേരം പിഴിഞ്ഞ് ഒരു ഗ്ലാസ് നല്ല കട്ടിപ്പാൽ എടുത്തു അരിച്ചു മാറ്റി വയ്ക്കണം.
അടുത്തതായി ബ്ലാക്ക് ടീ ഉണ്ടാക്കണം.
അതിനായി ഒരു ഗ്ലാസ് വെള്ളം ഒരു ഏലയ്ക്ക ചേർത്ത് അടുപ്പിൽ വയ്ക്കാം.നന്നായി തിളയ്ക്കുമ്പോൾ ഒരു ടീ സ്പൂൺ ചായപ്പൊടി ഇട്ടു ഒന്നു കൂടി തിളപ്പിക്കാം.തിളച്ചു വാങ്ങിയ കടുംചായയിലേക്ക് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന നാളികേരപ്പാൽ കൂടി ചേർത്ത് നന്നായി ചേർത്തിളക്കി ആവശ്യത്തിനു മധുരം ചേർത്ത് ഉപയോഗിക്കാം.
(നാളികേരപ്പാൽ ചേർത്താൽ പിന്നെ ചായ തിളപ്പിക്കാൻ പാടില്ല. നാളികേരപ്പാൽ പിരിഞ്ഞു പോകും.)
കരിക്കും നാളികേരവും
കരിക്കിൽ നാരുകൾ കൂടുതലുണ്ട്. ഇത് മലബന്ധം അകറ്റി ദഹന വ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തും. നാളികേരത്തിലെ ചില ഘടകങ്ങൾ(MCT’S) ദഹന വ്യവസ്ഥയെ ത്വരിതപ്പെടുത്തും. ഇത് ഊർജം വർധിപ്പിക്കും. നാളികേരം ഹോർമോണുകളെ സന്തുലിതപ്പെടുത്താനും ഈസ്ട്രജന്‍റെ അളവ് വർധിപ്പിക്കാനും സഹായിക്കുന്നു. നാളികേരത്തിൽ ലോറിക് ആസിഡും അടങ്ങിയിരിക്കുന്നു. തേങ്ങ വെള്ളത്തിലാകട്ടെ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളും അടങ്ങിയിരിക്കുന്നു