ഇന്നും പല യാത്രാ പ്രേമികളുടെയും സ്വപ്നമാണ് എവറസ്റ്റ്. അങ്ങനെയൊരു സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ അഡ്‌ലെയിഡിൽ നിന്നുളള പതിനൊന്നംഗ മലയാളി സംഘം. ഓസ്ട്രേലിയയിലെ വാക്കറൂസ് അഡ്‌ലെയ്ഡ് എന്ന ട്രക്കിങ് കൂട്ടായ്മയിലെ അംഗങ്ങളാണ് സെപ്റ്റംബർ 25 ന് എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കിയത്.
ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം ഒറ്റ മനസാൽ നേരിടാൻ തയാറായപ്പോൾ പ്രതികൂല സാഹചര്യത്തെയെല്ലാം അവർ മറികടന്നു.
ഓസ്ട്രേലിയയിലെ അഡ്‌ലെയിഡിൽ നിന്നും സെപ്റ്റംബർ 15 നാണ് വാക്കറൂസ് അഡ്‌ലെയ്ഡ് എന്ന ട്രക്കിങ് കൂട്ടായ്മയിലെ പതിനൊന്നംഗ സംഘം എവറസ്റ്റ് ബേസ് ക്യംപിലേക്കുളള യാത്ര തിരിച്ചത്. 18 ന് നേപ്പാളിലെ ലുക്ലയിൽ എത്തിയ സംഘം കാൽനട യാത്രയായി എവറസ്റ്റ് ബേസ് ക്യംപിലേക്കുള്ള യാത്ര അവിടെ നിന്ന് ആരംഭിച്ചു. സി.പി. രാജഷിന്‍റെ നേതൃത്വത്തിലായിരുന്നു സംഘത്തിന്‍റെ യാത്ര.
ദിവസവും 9 മണിക്കൂർ വരെ ഇവർ യാത്ര ചെയ്തു. അതിനിടയിൽ നാംചെ ബസാർ ഡിങ്ബോച്ചെ എന്നിവിടങ്ങളിൽ കാലാവസ്ഥയുമായി സമരസപ്പെടുന്നതിന്‍റെ ഭാഗമായി ഓരോ ദിവസം ചെലവഴിച്ചിരുന്നു. ശേഷം സെപ്റ്റംബർ 25 ന് വിജയകരമായി എവറസ്റ്റ് ബേസ് ക്യംപിലേക്കുളള യാത്ര പൂർത്തിയാക്കി.
ഈ അഭിമാന നിമിഷത്തിൽ കേരളീയ വസ്ത്രമണിഞ്ഞ് സമുദ്ര നിരപ്പിൽ നിന്ന് 5364 മീറ്റർ ഉയരത്തിലുളള എവറസ്റ്റ് ബേസ് ക്യാംപ് ശിലയിൽ കയറി അവർ കേരളത്തെ ചേർത്തു പിടിച്ചു. ഒരു വർഷത്തിലേറയായുളള പരിശീലനമാണ് ഇവരെ ലക്ഷ്യത്തിലേക്കെത്തിച്ചതെന്ന് ടീം ക്യാപ്റ്റൻ സി.പി. രാജേഷ് പറഞ്ഞു. ഹിജാസ്, അഖിലേഷ് പൈ, കൃഷ്ണദാസ്, ഊർമിള, ജയപ്രകാശ്, ഡോ. ബീന, ഡോ. ഗിരിജ, ഡോ. സിബി, സജി, വിജയ് എന്നിവരാണ് പതിനൊന്നാംഗ സംഘത്തിലെ മറ്റ് ആളുകൾ.