വിക്രമാദിത്യ സദസിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു വരരുചി. ഒരിക്കൽ മഹാരാജാവ് തന്‍റെ സദസിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്?" എന്ന് ചോദിച്ചു. ആർക്കും ഉത്തരം കണ്ടെത്താനായില്ല.
ഉത്തരം കണ്ടെത്താൻ രാജാവ് നാൽപത്തൊന്നു ദിവസം നൽകി. ഉത്തരം തേടിയലഞ്ഞ വരരുചി നാല്പതാം ദിവസം വനത്തിലൂടെയുള്ള യാത്രയ്ക്കിടെ ഒരു ആൽമരച്ചുവട്ടിലിരുന്ന് ക്ഷീണാധിക്യത്താൽ ഉറങ്ങിപ്പോയി.
വനദേവതമാരോട് പ്രാർഥിച്ചാണ് അദ്ദേഹം അന്നുറങ്ങിയത്. വനദേവതമാരുടെ ആവാസം ആ മരത്തിലായിരുന്നു. അടുത്തുള്ള പറയ കുടുംബത്തിൽ ഒരു പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വന്നു വിളിച്ചപ്പോൾ ഈ മരത്തിലെ വനദേവതമാർ വിസമ്മതിച്ചു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ വന്നിരുന്ന് വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ പറയിക്കുണ്ടായ പെൺകുഞ്ഞിന്‍റെ ഭാവി ഭർത്താവ് ആരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന് “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമാർ പറഞ്ഞത്. രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ
“രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം”
എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട വരരുചി വിക്രമാദിത്യ സദസിൽ തിരിച്ചെത്തി. ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യാനിച്ചു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം. രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്.
തന്‍റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം വരരുചിയെ അങ്കലാപ്പിലാക്കിയിരുന്നു. 'താഴ്ന്ന' ജാതിയിൽപ്പെട്ട പെൺകുട്ടിയെ ബ്രാഹ്മണനായ താൻ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ആലോചിക്കാൻ പോലും സാധിച്ചില്ല. അങ്ങനെ ആ പെൺകുഞ്ഞിനെ എങ്ങനെയെങ്കിലും നശിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഈ പെൺകുഞ്ഞ് ജീവിച്ചിരിക്കുന്നത് രാജ്യത്തിന് ആപത്താണ് എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപ്പന്തം തറച്ച് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി.
അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾ കഴിഞ്ഞ് തന്‍റെ യാത്രക്കിടയിൽ വരരുചി ഒരു ബ്രാഹ്മണ ഗൃഹത്തിലെത്തി. ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽ കഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു.
കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്‍റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക് ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന് നൂറ്റെട്ടു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട് സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്, വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി അദ്ദേഹത്തിന്‍റെ പുത്രി പഞ്ചമി ആവശ്യപ്പെട്ടു.
ബുദ്ധിമതിയായ പഞ്ചമിക്ക് വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായി. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്‍റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്‍റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്‍റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടാന്‍റെ ഫലം എന്നാണ് ആചാര്യ മതം. സദ്യകളിൽ ഇഞ്ചിക്കറി ഒന്നാം സ്ഥാനത്തെത്തിയതിനു കാരണവും ഇതു തന്നെ.
പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്‍റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ് എന്നിവ കൂട്ടി മുറുക്കണമെന്നാണ്. അദ്ദേഹത്തെ നാലു പേർ ചുമക്കണമെന്നു പറഞ്ഞതിന്‍റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും പഞ്ചമി അച്ഛനു വിവരിച്ചുകൊടുത്തു.
പഞ്ചമിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും പഞ്ചമിയുടെ പിതാവ് ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ പുരാണ പ്രാധാന്യമുള്ള ഇഞ്ചിക്കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്കൊന്നു നോക്കാം.
സദ്യ സ്പെഷ്യൽ ഇഞ്ചിക്കറി
ഇഞ്ചി -100 ഗ്രാം
പച്ചമുളക്-4 എണ്ണം
കറിവേപ്പില-രണ്ടു തണ്ട്
വാളൻപുളി-ഒരു നാരങ്ങ വലിപ്പം
വെള്ളം-രണ്ടു കപ്പ്
ശർക്കര-ഒരു ചെറിയ കഷണം
കശ്മീരി മുളകു പൊടി-1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
ഉലുവപ്പൊടി-രണ്ടു നുള്ള്
വെളിച്ചെണ്ണ -മൂന്നു സ്പൂൺ
കടുക്-അര ടീസ്പൂൺ
വറ്റൽ മുളക്-3 എണ്ണം
പാചക വിധി ഇങ്ങനെ:
ഇഞ്ചി കുറച്ചെടുത്ത് പൊടിയായി അരിയുക.ഇത് മൂന്നു സ്പൂൺ വേണം. ബാക്കി ഇഞ്ചി വീതിയിൽ കനം കുറച്ച് അരിയുക.ഇവ വേറെ വേറെ വറുത്തു കോരുക. ഇതിൽ വീതിയിൽ അരിഞ്ഞു വറുത്തെടുത്ത ഇഞ്ചി ചൂടാറുമ്പോൾ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. കടുക് മൂപ്പിച്ച് അതിൽ പച്ചമുളക് വറുത്ത് അതിലേയ്ക്ക് വറുത്തു വച്ചിരിക്കുന്ന പൊടിയായി അരിഞ്ഞ ഇഞ്ചിയും ഇട്ടിളക്കി അതിലേയ്ക്ക് മുളകു പൊടിയും ചേർത്ത് രണ്ടു കപ്പു വെള്ളത്തിൽ തയാറാക്കി വച്ചിരിക്കുന്ന പുളി വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. ഇതിലേയ്ക്ക് വറുത്തു പൊടിച്ച ഇഞ്ചിയും ശർക്കരയും ചേർത്ത് ഇളക്കുക. വെന്തു വെള്ളം വറ്റി വരുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും വറുത്തതും രണ്ടു നുള്ള് ഉലുവപ്പൊടിയും ചേർത്തതു ചേർത്തിളക്കി എടുക്കുക. സദ്യ സ്പെഷ്യൽ നൂറ്റെട്ടു കറി അഥവാ വരരുചിയെ പഞ്ചമി വീഴിച്ച ഇഞ്ചിക്കറി റെഡി.