കൊച്ചി: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ നടത്തുന്ന ഷോപ്പിങ് പുതിയ ഉയരം കുറിച്ച് കുതിക്കുകയാണെന്ന് റിസര്‍വ് ബാങ്കിന്‍റെ റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം (202324) ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഉത്പന്ന-സേവന വാങ്ങലുകളുടെ മൂല്യം 18.26 ലക്ഷം കോടി രൂപയിലെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. തൊട്ടുമുമ്പത്തെ വര്‍ഷത്തെ 14 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 4 ലക്ഷം കോടിയിലധികം രൂപയുടെ വര്‍ധനയാണുണ്ടായത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 1.64 ലക്ഷം കോടി രൂപയാണ് ക്രെഡിറ്റ് കാര്‍ഡ് വഴി ഇന്ത്യക്കാര്‍ ചെലവിട്ടത്. ഫെബ്രുവരിയിലെ 1.49 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 10.07% അധികമാണിത്. മാര്‍ച്ചിലെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് ചെലവായ 1.64 ലക്ഷം കോടി രൂപയില്‍ 1.05 ലക്ഷം കോടി രൂപയും ഇ-കൊമേഴ്സ് പര്‍ച്ചേസുകള്‍ക്കായുള്ളതായിരുന്നു. ഫെബ്രുവരിയില്‍ ഇത് 95,000 കോടി രൂപയായിരുന്നു. കടകളിലും മറ്റുമുള്ള പോയിന്‍റ് ഒഫ് സെയില്‍ വഴിയുള്ള ചെലവാക്കല്‍ 54,431.48 കോടി രൂപയില്‍ നിന്ന് മാര്‍ച്ചില്‍ 60,378 കോടി രൂപയായി.
മാര്‍ച്ചിലെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് ചെലവില്‍ 43,471.29 കോടി രൂപയും എച്ച്ഡിഎഫ്സി ബാങ്കിന്‍റെ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ളതായിരുന്നു. ഫെബ്രുവരിയെ അപേക്ഷിച്ച് 8.57% അധികവുമാണിത്. 30,733.11 കോടി രൂപയുമായി ഐസിഐസിഐ ബാങ്കാണ് രണ്ടാമത്. ഫെബ്രുവരിയേക്കാള്‍ 14.49% വളര്‍ച്ച. 24,949.17 കോടി രൂപയുമായി എസ്ബിഐ കാര്‍ഡ്സാണ് മൂന്നാം സ്ഥാനത്ത്.
18,941.31 കോടി രൂപയുമായി ആക്സിസ് ബാങ്ക് നാലാമതുമാണ്. എച്ച്ഡിഎഫ്സി ബാങ്കിന് ആകെ 2.05 കോടി ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുണ്ട്. 1.88 കോടിയുമായി എസ്ബിഐ കാര്‍ഡ്സ് രണ്ടാമതാണ്. 1.69 കോടിയാണ് ഐസിഐസിഐ ബാങ്കിന്‍റെ ഉപയോക്താക്കള്‍. ആക്സിസ് ബാങ്കിന്‍റേത് 1.42 കോടിയും.