ആദായ നികുതിയുടെ പരിധിയിൽ മാറ്റം വരുത്തിയില്ലെങ്കിലും സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉയർത്തിയത് മധ്യവർഗത്തിന് ആശ്വാസമാകും. 50,000 രൂപയിൽ നിന്ന് 75,000 രൂപയായാണ് ഡിഡക്ഷൻ വർധിപ്പിച്ചിരിക്കുന്നത്.
പുതിയ ആദായ നികുതി സ്കീമിലേക്കു മാറിയവർക്കു മാത്രമാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുക. എന്നാൽ, രാജ്യത്തെ ആദായ നികുതി ദായകരിൽ മൂന്നിൽരണ്ട് ആളുകളും പുതിയ സ്കീമുകളിലേക്കു മാറിക്കഴിഞ്ഞെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെടുന്നത്.
പുതിയ സ്കീമിൽ മൂന്നു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. ഡിഡക്ഷൻ കൂടി കണക്കിലെടുക്കുമ്പോൾ 3.75 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി പരിധിക്കു താഴെയാകും.
മൂന്നു ലക്ഷത്തിനു മുകളിൽ ഏഴു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അഞ്ച് ശതമാനമാണ് ആദായ നികുതി. മൂന്നാമത്തെ സ്ലാബിൽ പത്ത് ലക്ഷം രൂപ വരെയുള്ളവർക്ക് പത്ത് ശതമാനവും, 12 ലക്ഷം വരെ 15 ശതമാനവും, അതിനു മുകളിലുള്ളവർക്ക് 30 ശതമാനവുമായിരിക്കും നികുതി.
പുതിയ സ്കീമിൽ ഈ മാറ്റത്തിലൂടെ വർഷം 17,500 രൂപ വരെ ലാഭിക്കാമെന്നാണ് കണക്കാക്കുന്നത്.