Fresh fish, ready to cook, representative image Image by timolina on Freepik
Lifestyle

ഫ്രഷ് ഫിഷ് നേരിട്ട് വീട്ടിലേക്ക്; 'റെഡി ടു കുക്ക്' റെഡി

വിഴിഞ്ഞം: കൊണ്ടുവന്ന ഉടൻ തന്നെ പാചകത്തിനായി എടുക്കാൻ പാകത്തിന് വൃത്തിയാക്കിയ മത്സ്യം വീട്ടു പടിക്കൽ‌ എത്തിക്കുന്ന "റെഡി ടു കുക്ക് ' പദ്ധതി ഉടൻ. ഓൺലൈനായാണു വിതരണം ലക്ഷ്യമിടുന്നത്. വിഴിഞ്ഞം ഫിഷ് ലാൻഡ് കേന്ദ്രത്തിനു സമീപം പദ്ധതിക്കായി കെട്ടിടനിർമാണം പൂർത്തിയാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 1.3 കോടി രൂപ ചെലവിലാണു പദ്ധതി. 1200 സ്ക്വയ‌ർ ഫീറ്റ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും തയാറായി.

കടലിൽ നിന്നെത്തുന്ന മത്സ്യങ്ങൾ സംസ്‌കരണ കേന്ദ്രത്തിൽ എത്തിച്ചു വ‌ൃത്തിയാക്കി പാചകത്തിനു തയാറായ നിലയിൽ പായ്ക്ക് ചെയ്താണ് വിതരണത്തിനു സജ്ജമാക്കുന്നത്. കേടുവരാതെ മത്സ്യത്തെ സൂക്ഷിക്കുന്ന രീതിയിലാകും പായ്ക്കിംഗ്. ഓരോ മീനിനും അതിന്‍റെ രുചിക്ക് അനുസരിച്ചുള്ള ചേരുവകളും ഇവിടെനിന്ന് ലഭിക്കുമെന്നു തീരദേശ വികസന കോർപ്പറേഷൻ അധികൃതർ പറഞ്ഞു. പദ്ധതി വിജയകരമായാൽ ഓൺലൈനിനു പുറമെ സൂപ്പർ മാർക്കറ്റുകൾ വഴിയും റെഡി ടു കുക്ക് മീൻ വില്പന നടത്തുമെന്ന് അധികൃതർ.

വിഴിഞ്ഞത്തെ മത്സ്യ സംസ്കരണ കേന്ദ്രത്തിന്‍റെ നടത്തിപ്പ് ചുമതല തീരദേശ വികസന കോർപ്പറേഷനാണ്. ആവശ്യക്കാരുടെ കൈയിലെത്തും വരെ മത്സ്യം ഫ്രഷ് ആയിരിക്കും എന്നതാണ് നേട്ടമെന്നു ബന്ധപ്പെട്ടവർ പറയുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിറ്റഴിക്കാനായി യുവജനക്ഷേമ വകുപ്പു മുഖേന യുവാക്കളെ തെരഞ്ഞെടുക്കും. ഇതിനായി ഫിഷ് മെയ്‌ഡ് ഓൺ ലൈൻ എന്ന പ്ലാറ്റ്ഫോം സജ്ജമായിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ കഴക്കൂട്ടം മുതൽ കോവളം ഭാഗത്തേക്കുള്ള മേഖലകളിലാവും വിതരണം ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. ആവശ്യം കൂടുന്നതനുസരിച്ചു മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. സംസ്‌കരണ കേന്ദ്രത്തിൽ മത്സ്യം വൃത്തിയാക്കുന്നതിനും മറ്റുമായി ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങളിലെ ആശ്രിതരായ വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുമെന്നും കോർപ്പറേഷൻ അധികൃതർ പറഞ്ഞു. ചിൽ റൂം, സംസ്കരണത്തിനുള്ള ഹാൾ എന്നിവയുൾപ്പെട്ടതാണ് കേന്ദ്രം.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം