ജിഷാ മരിയ
കൊച്ചി: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ ശീതള പാനീയങ്ങളുടെയും വിവിധ പഴ വര്‍ഗങ്ങളുടെയും വില്‍പ്പന സജീവമായി. കടുത്ത ചൂടില്‍ നിന്ന് രക്ഷതേടാന്‍ പഴങ്ങളും ജ്യൂസുകള്‍ക്കുമായി ആവശ്യക്കാരേറി. വിവിധയിനം തണ്ണിമത്തനുകള്‍, സീഡ്‌ലെസ് മുന്തിരികള്‍, ഓറഞ്ച് , കരിക്ക്, സോഡ സര്‍ബത്ത് തുടങ്ങിയവയ്ക്കാണ് ആവശ്യക്കാരേറെയും എത്തുന്നത്.
ഇതിനെതുടര്‍ന്ന് വിപണിയില്‍ പഴങ്ങളുടെ വില നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും. ആവശ്യക്കാരെറെയുള്ള കിരണ്‍ തണ്ണിമത്തന് കിലോയ്ക്ക് 35 രൂപ മുതല്‍ 45 രൂപ വരെ വിലയിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. പ്രധാനമായും കര്‍ണാടകയില്‍ നിന്നാണ് കേരളത്തിലേക്ക് കിരണ്‍ തണ്ണിമത്തന്‍ എത്തുന്നതെങ്കിലും ഇത്തവണ മഴയില്‍ അവിടെ കൃഷി നശിച്ചതിനാല്‍ മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായി എത്തിയത്. സാദാ തണ്ണിമത്തന് 25 രൂപ മുതലാണ് വില.
ഓറഞ്ച്, കുരുവില്ലാത്ത മുന്തിരി എന്നിവയ്ക്കും വില്‍പ്പന കൂടുതലാണ്. ഓറഞ്ചിന് ഗുണനിലവാരമനുസരിച്ച് 100 മുതലാണ് വില. മുന്തിരി തരം അനുസരിച്ച് 130 - 200 രൂപ മുതലാണ് വില്‍പ്പന. പൈനാപ്പിള്‍ കിലോയ്ക്ക് 60 രൂപയും പപ്പായയ്ക്ക് 40 രൂപയും ആപ്പിള്‍ 180 -260 രൂപയുമാണ് നിരക്ക്.
വഴിയോരങ്ങളിലും ശീതളപാനീയവും മോരും സംഭാരവും വിൽപന തകൃതിയായി നടക്കുന്നുണ്ട്. ഇതിന് പുറമെ കരിക്ക്, കരിമ്പ് ജ്യൂസ് എന്നിവയ്ക്കും ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്ലാസ് തണ്ണിമത്തന്‍ ജ്യൂസിന് 25-35 രൂപയാണ് ഈടാക്കുന്നത്. കരിക്കിന് 45 രൂപയാണ് നിരക്ക്.
ഇതരസംസ്ഥാന തൊഴിലാളികളടക്കം ഈ മേഖലയില്‍ സജീവമാണ്. വഴിയോരങ്ങളിലെ ജ്യൂസ് വിൽപ്പന കേന്ദ്രങ്ങളിലും മറ്റും ഉപയോഗിക്കുന്ന പഴങ്ങൾ,വെള്ളം എന്നിവയുടെ നിലവാരം ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചൂട് കൂടുന്നതിനനുസരിച്ച് ആവശ്യക്കാരേറുമ്പോള്‍ കച്ചവടം ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.