ആൽസ്ഹൈമേഴ്സ് പരിചരണത്തിൽ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളുടെ പങ്ക് 
Health

ആൽസ്ഹൈമേഴ്സ് പരിചരണവും ഒക്കുപ്പേഷണൽ തെറാപ്പിയും

ഡിമെൻഷ്യ അഥവാ ഓർമക്കുറവിന്‍റെ ഏറ്റവും സാധാരണമായ രൂപമാണ് ആൽസ്ഹൈമേഴ്സ് രോഗം. ലോകമെമ്പാടുമുള്ള ദശക്കണക്കിന് ആളുകളെ ആൽസ്ഹൈമേഴ്സ് ബാധിക്കുന്നു.

അനഘ പിഷാരടി

(ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, പ്രയത്ന, കൊച്ചി)

ഡിമെൻഷ്യ അഥവാ ഓർമക്കുറവിന്‍റെ ഏറ്റവും സാധാരണമായ രൂപമാണ് ആൽസ്ഹൈമേഴ്സ് രോഗം. ലോകമെമ്പാടുമുള്ള ദശക്കണക്കിന് ആളുകളെ ആൽസ്ഹൈമേഴ്സ് ബാധിക്കുന്നു. കണക്കെടുത്താൽ ഇന്ത്യയിൽ മാത്രം 4 ദശലക്ഷത്തിലേറെ പേർക്ക് വിവിധ തരം ഓർമക്കുറവ് രോഗങ്ങൾ ബാധിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഇത് 44 ദശലക്ഷമെന്നാണ് കണക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 55 ദശലക്ഷത്തിലധികം പേർ ഡിമെൻഷ്യയുമായി ജീവിക്കുന്നുണ്ട്. ഇത് മരണത്തിന്‍റെ പ്രധാന കാരണങ്ങളിൽ ഏഴാം സ്ഥാനത്താണ്. കൂടാതെ പ്രായമായവരിൽ ആശ്രിതത്വത്തിന്‍റെ പ്രധാന കാരണവുമാണ്.

ലോങ്കിറ്റ്യൂഡിനൽ ഏജിംഗ് സ്റ്റഡി (2018-2020) പഠനം അനുസരിച്ച് 60 വയസും അതിൽ കൂടുതലും പ്രായമുള്ളവരിൽ 7.4% ആളുകളും, ഏകദേശം 8.8 ദശലക്ഷം ആളുകളും ഇന്ത്യയിൽ ഡിമെൻഷ്യയുമായി ജീവിക്കുന്നു. ജനസംഖ്യയിൽ പ്രായമായവ‌ർ കൂടുന്നതിനാൽ ആൽസ്ഹൈമേഴ്സ് രോഗമുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും പിന്തുണയ്ക്കാമെന്നും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ആൽസ്ഹൈമേഴ്സ് മാനേജ്‌മെൻ്റിൽ ഒരു ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റിന്‍റെ (OT) പങ്ക് വളരെ പ്രാധാന്യമർഹിക്കുന്നത് അവിടെയാണ്. രോഗികൾക്ക് അവരുടെ ദൈനംദിന കാര്യങ്ങൾ സുഗമമായി ചെയ്ത് ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് സഹായിക്കുന്നു.

ആൽസ്ഹൈമേഴ്സ് രോഗം എന്തെന്നറിയാം

തുടക്കത്തിൽ ഓർമ, ചിന്തകൾ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയെ ബാധിക്കുന്ന ഒരു മസ്തിഷ്ക രോഗമാണ് ആൽസ്ഹൈമേഴ്സ്. രോഗവുമായി മുന്നോട്ട് പോകുന്തോറും സമീപകാലത്ത് നടന്ന സംഭവങ്ങൾ ഓ‌ർക്കാൻ രോഗികൾ ബുദ്ധിമുട്ടും. പേരും ആളുകളുടെ മുഖവും മറക്കും. പരിചിതമായ സ്ഥലങ്ങളിൽ പോലും വഴിതെറ്റും. കാര്യങ്ങൾ ഗ്രഹിക്കുന്നത് കുറയുന്തോറും പാചകം, കുളി, വസ്ത്രധാരണം തുടങ്ങി ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഇത്തരം ദൈനംദിന കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരുന്നതിലൂടെ നിരാശ, ആശയക്കുഴപ്പം, ദേഷ്യം തുടങ്ങിയ പെരുമാറ്റ മാറ്റങ്ങൾ രോഗികൾക്ക് ഉണ്ടാവുക സാധാരണമാണ്. വഴിതെറ്റിയാൽ എന്തു ചെയ്യണം പോലുള്ള ചെറിയ തീരുമാനങ്ങളെടുക്കുന്നതിനെ പോലും രോഗം ബാധിക്കും. ആൽസ്ഹൈമേഴ്സ് രോഗത്തിന് ചികിത്സ ഇല്ലാത്തതു കൊണ്ട് തന്നെ അതിന്‍റെ ലക്ഷണങ്ങളെ നിയന്ത്രിക്കുകയും രോഗികൾക്ക് ആവശ്യമായ പിന്തുണ നൽകുകയുമാണ് പ്രധാനം. ഇവിടെയാണ് ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റിന്‍റെ പങ്ക് നിർണായകമാകുന്നത്.

ഒക്കുപ്പേഷണൽ തെറാപ്പിയുടെ പങ്ക്

ആൽസ്ഹൈമേഴ്സ് രോഗികളെ അവരുടെ ദൈനംദിന പ്രവർത്തനങ്ങളും ദിനചര്യകളും മാനേജ് ചെയ്യാനും അ‌ർത്ഥവത്തായ തൊഴിലുകളിലോ വിനോദങ്ങളിലോ ഏർപ്പെടാൻ ഒക്കുപ്പേഷണൽ തെറാപ്പി സഹായിക്കുന്നു. രോഗികളുടെ വൈജ്ഞാനിക (ധാരണാശേഷി)പരിമിതികൾക്കിടയിലും കഴിയുന്നത്ര സ്വതന്ത്രമായ ജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുന്നതിൽ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവരുടെ സമീപനം രോഗിക്കും കുടുംബത്തിനും പ്രയോജനകരമാണെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം രോഗിയെ പരിചരിക്കുന്നവരുടെ ഭാരം കുറയ്ക്കുകയും രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ സഹായിക്കുന്നതെങ്ങനെ?

  1. ദൈനംദിന ജീവിത പ്രവർത്തനങ്ങളുടെ വിലയിരുത്തൽ: വസ്ത്രധാരണം, പാചകം, അല്ലെങ്കിൽ മരുന്നുകൾ കൈകാര്യം ചെയ്യൽ തുടങ്ങി ദൈനംദിന ജോലികൾ ചെയ്യാനുള്ള രോഗിയുടെ കഴിവ് ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ വിലയിരുത്തുന്നു. ഈ വിലയിരുത്തലിനെ അടിസ്ഥാനമാക്കി, രോഗിക്ക് ചെയ്യാനാകുന്ന രീതിയിൽ അവരെ സഹായിക്കുന്ന ഒരു വ്യക്തിഗത പദ്ധതി ഉണ്ടാക്കുന്നു.

  2. പ്രവർത്തനപരമായ കഴിവുകൾ വർദ്ധിപ്പിക്കുക: വിവിധ സാങ്കേതിക വിദ്യകളിലൂടെ, രോഗിയുടെ കഴിവുകൾ പുനഃസ്ഥാപിക്കാൻ തെറാപ്പിസ്റ്റുകൾ സഹായിക്കുന്നു. ഉദാഹരണത്തിന്, പല്ല് തേക്കുക എന്ന പ്രവർത്തനത്തെ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ ലളിതമായ പല ഘട്ടങ്ങളായി വിഭജിക്കുന്നു. തുടർന്ന് ദൃശ്യപരമോ വാക്കുകളാലോ ഉള്ള സൂചനകൾ നൽകി ആ പ്രവർത്തനം ചെയ്യാൻ രോഗിയെ നയിക്കുന്നു. ഇത് രോഗിയെ സഹായിക്കുക മാത്രമല്ല, രോഗാവസ്ഥയോടുള്ള നിരാശ കുറയ്ക്കാനും സഹായിക്കുന്നു.

  3. ആത്മവിശ്വാസം വളർത്തിയെടുക്കൽ: ഒരു പതിവ് ദിനചര്യ നിലനിർത്താൻ ആൽസ്ഹൈമേഴ്സ് രോഗികളെ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഉത്കണ്ഠയും ആശയക്കുഴപ്പവും കുറയ്ക്കാനും നേടാനാകുന്ന ലക്ഷ്യങ്ങൾ സജ്ജമാക്കി രോഗിയുടെ ആത്മവിശ്വാസം വ‌ർദ്ധിപ്പിക്കാനും സഹായിക്കും. ഇതിലൂടെ ലക്ഷ്യബോധം നിലനിർത്താനും നിരാശ കുറയ്ക്കാനും രോഗി പ്രാപ്തരാകുന്നു.

  4. പാരിസ്ഥിതിക പരിഷ്‌കരണങ്ങൾ: വീടിൻ്റെ അന്തരീക്ഷം സുരക്ഷിതമാണെന്നും രോഗിയെ പിന്തുണയ്ക്കുന്നതാണെന്നും ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് ഉറപ്പ് വരുത്തുന്നു. മുറികളോ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളോ ലേബൽ ചെയ്യൽ, റഗ്ഗുകളോ ചവിട്ടികളോ ഒഴിവാക്കുക, നിലം വ്യക്തവും അലങ്കോലമില്ലാതെ സൂക്ഷിക്കുക, ചലിക്കാൻ സഹായിക്കുന്ന വിവിധ മൊബിലിറ്റി എയ്‌ഡുകൾ നൽകൽ തുടങ്ങിയവ പോലുള്ള ക്രമീകരണങ്ങൾ ശുപാർശ ചെയ്യുന്നത് ഇതിൽ ഉൾപ്പെട്ടേക്കാം. ആശയക്കുഴപ്പവും വീഴാനുള്ള സാധ്യതയും കുറയ്ക്കാൻ മികച്ച ലൈറ്റിംഗ് സഹായിക്കും. ഓട്ടോമാറ്റിക് ലൈറ്റുകൾ ഉപയോഗിക്കുന്നത് രാത്രിയിൽ രോഗി വീഴുന്നത് തടയുന്നു.

  5. പരിചരിക്കുന്നവർക്ക് അറിവും പിന്തുണയും: ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സഹായങ്ങളിലൊന്ന് പരിചരിക്കുന്നവർക്ക് നൽകുന്ന പിന്തുണയാണ്. ആൽസ്ഹൈമേഴ്സ് രോഗിയെ പരിചരിക്കുന്നത് ശാരീരികമായും വൈകാരികമായും ബുദ്ധിമുട്ടുള്ളതാണ്. വെല്ലുവിളി നിറഞ്ഞ പെരുമാറ്റങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നും രോഗിയുമായി ഫലപ്രദമായി ആശയവിനിമയം എങ്ങനെ നടത്താമെന്നും ദൈനംദിന പരിചരണ ജോലികൾ ലഘൂകരിക്കാമെന്നും ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് പരിചരിക്കുന്നവരെ പഠിപ്പിക്കുന്നു. ഇത് പരിചരിക്കുന്നയാളുടെ ക്ഷീണം കുറയ്ക്കുകയും മൊത്തത്തിലുള്ള പരിചരണ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും. ആൽസ്ഹൈമേഴ്സ് രോഗം സങ്കീർണമായ വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ ഒക്കുപ്പേഷണൽ തെറാപ്പിയുടെ സഹായത്തോടെ, ദൈനംദിന ജീവിത പ്രവർത്തനങ്ങൾ, ദിനചര്യകൾ, സമഗ്രമായ പരിചരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, രോഗികളുടെയും അവരെ പരിചരിക്കുന്നവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിൽ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

ഇത്രയും തറയായ പ്രതിപക്ഷനേതാവിനെ കേരളം കണ്ടിട്ടില്ല: വെള്ളാപ്പള്ളി നടേശൻ