സ്തനാർബുദം: അറിയേണ്ടതെല്ലാം 
Health

സ്തനാർബുദം: അറിയേണ്ടതെല്ലാം

ഒക്റ്റോബർ മാസം സ്തനാർബുദ അവബോധ മാസം

റീന വർഗീസ് കണ്ണിമല

ഒക്റ്റോബർ മാസം സ്തനാർബുദ അവബോധ മാസമായ ആചരിക്കുകയാണ്. സ്തനാർബുദത്തെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.മലയാളികളിൽ വർധിച്ചു വരുന്ന സ്തനാർബുദത്തെ തടയുക,പ്രാരംഭ ദിശയിൽ തന്നെ രോഗനിർണയം നടത്തി രോഗത്തെ പൂർണമായും ചികിത്സിച്ചു ഭേദമാക്കുക, അർബുദബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഒക്റ്റോബർ മാസം പിങ്ക് മാസമായി ആചരിക്കുന്നത്.

ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ സൗജന്യ സ്തനാർബുദ പരിശോധന ഇപ്പോൾ നടന്നു വരുന്നു.ഒക്റ്റോബർ ഒന്നിനു തുടങ്ങിയ സൗജന്യ സ്തനാർബുദ പരിശോധന എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടന്നു വരുന്നു.ഇത് ഒക്റ്റോബർ 31 വരെയുണ്ടാകും. 30 വയസോ അതിന് മുകളിലോ പ്രായമുള്ള വനിതകൾക്ക് ക്ലിനിക്കിന്‍റെ സേവനം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കും പരിശോധന ബുക്ക് ചെയ്യുന്നതിനും 0471 2522299 എന്ന നമ്പരിൽ പകൽ 10 മണിക്കും 4 മണിക്കുമിടയിൽ ബന്ധപ്പെടാം.

സ്തനാർബുദം:എന്ത് ? എങ്ങനെ?

സ്തനകോശങ്ങളുടെ നിയന്ത്രണാതീത വളർച്ചയാണ് സ്തനാർബുദത്തിന്‍റെ മൂല കാരണം.ഇങ്ങനെ വളരുന്ന കോശങ്ങൾ മുഴയായിട്ടോ എക്സ്-റേ ദൃശ്യങ്ങളിൽ കാണാനാവുന്ന രീതിയിലുള്ളതോ ആയ ട്യൂമറുകളായി രൂപാന്തരപ്പെടുന്നു. ഇവ ഒരു പുറ്റു പോലെ ചുറ്റുമുള്ള ടിഷ്യൂക്കളിലേയ്ക്ക് വളരുകയോ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുകയോ ചെയ്യുമ്പോൾ അർബുദം അതിന്‍റെ മാരകമായ അവസ്ഥയിലേയ്ക്കു രൂപാന്തരപ്പെടുന്നു.സ്തനാർബുദം സ്ത്രീകൾക്കു മാത്രമുണ്ടാകുന്ന അർബുദമായിട്ടാണ് പരക്കെ കരുതപ്പെടുന്നത്.എന്നാൽ അപൂർവമായി ഇത് പുരുഷന്മാരിലും കണ്ടു വരുന്നു.സ്തനാർബുദത്തിന്‍റെ കൃത്യമായ കാരണങ്ങൾ ഇപ്പോഴും ശാസ്ത്ര ലോകം കണ്ടെത്തിയിട്ടില്ല.

എന്നാൽ നിരവധി നിരീക്ഷണ പരീക്ഷണങ്ങൾ വ്യക്തമാക്കുന്ന ചില ഘടകങ്ങൾ ഇങ്ങനെ:

സാധാരണയായി അൻപതു വയസിനു മുകളിലുള്ള സ്ത്രീകളിലാണ് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതൽ. പാരമ്പര്യ രോഗമായും ഇതു കണ്ടു വരുന്നു.കുടുംബത്ത് മാതാവിനു സ്തനാർബുദം ഉണ്ടായിരുന്നു എങ്കിൽ മക്കളിലേയ്ക്ക് അതു പടരാം.ഒരാൾ അർബുദബാധിതൻ, ബാധിത ആയിരിക്കെ ജന്മം നൽകിയ കുഞ്ഞിന് അർബുദാവസ്ഥയിലുണ്ടായിരുന്ന ആ പിതാവിന്‍റെ അല്ലെങ്കിൽ മാതാവിന്‍റെ ആ യമെത്തുമ്പോൾ അർബുദം സ്ഥിരീകരിക്കപ്പെടാം.പെൺകുട്ടിയാണെങ്കിൽ അതു സ്തനാർബുദമായി കണ്ടു വരുന്നു.ശരീരത്തിലെ ക്രമാതീതമായ ഈസ്ട്രജൻ ഹോർമോണാണ് സ്തനാർബുദത്തിന് ഒരു കാരണം.

സ്തനാർബുദം :ലക്ഷണങ്ങൾ ഇങ്ങനെ

മൃദുവായ, വൃത്താകൃതിയിലുള്ള വേദനയില്ലാത്ത മുഴകളാണ് സ്തനാർബുദത്തിന്‍റെ പ്രധാന ലക്ഷണം.ഉള്ളിലേയ്ക്കു തിരിയുന്ന മുലക്കണ്ണുകൾ,മുലപ്പാലല്ലാതെയുണ്ടാകുന്ന മുലക്കണ്ണ് ഡിസ്ചാർജ്,സ്തനങ്ങൾ മുഴുവനായോ ഭാഗികമായോ വീർക്കുന്നത്,മുലക്കണ്ണിന് വേദന, മുലക്കണ്ണിന്‍റെ ചർമത്തിന് ചൊറിച്ചിൽ ,കട്ടിയാകൽ ,അല്ലെങ്കിൽ ചുവപ്പ് നിറം കാണുക എന്നിവയാണ് മറ്റു ചില ലക്ഷണങ്ങൾ.

ചിലരിൽ അത് കോളർബോണിനു ചുറ്റുമുള്ള ലിംഫ് നോഡുകളിലേയ്ക്കോ കൈയ്ക്ക് അടിയിലേയ്ക്കോ വ്യാപിച്ചേക്കാം.സ്തനത്തിൽ മുഴ അനുഭവപ്പെടുന്നതിനു മുമ്പ് തന്നെ അവിടെ വീക്കമോ മുഴയോ കണ്ടേക്കാം.ലിംഫ് നോഡുകൾ വീർക്കുന്നതും സ്തനാർബുദത്തെ സൂചിപ്പിക്കാം.

പരീക്ഷയുടെ ഫലങ്ങളെ ആശ്രയിച്ച്, മാമോഗ്രാം (സ്തനത്തിന്‍റെ എക്സ്-റേ), ബ്രെസ്റ്റ് അൾട്രാസൗണ്ട്, എംആർഐ (മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ്) അല്ലെങ്കിൽ ഒരു ഡക്റ്റോഗ്രാം (മുലക്കണ്ണ് നാളത്തിന്‍റെ എക്സ്-റേ) തുടങ്ങിയ ഇമേജിങ് ടെസ്റ്റുകളിലൂടെ ഇത് കണ്ടെത്താം.പ്രാരംഭ ദിശയിൽ തന്നെ കണ്ടെത്തിയാൽ ചികിത്സിച്ചു മാറ്റുവാൻ ഏറ്റവും എളുപ്പമുള്ള അർബുദമാണ് സ്തനത്തിലുണ്ടാകുന്നത്. സ്തനാർബുദത്തെ കൃത്യമായ ചികിത്സ കൊണ്ടു തോൽപിച്ച് ഇരുപതും മുപ്പതും അതിലേറെയും വർഷം ജീവിച്ചിരിക്കുന്ന ധാരാളം പേർ ഇന്നും നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട് എന്നത് പ്രത്യാശ പകരുന്നതാണ്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ