സെല്ലുലൈറ്റിസ്  
Health

കരുതൽ വേണം... സെല്ലുലൈറ്റിസിനെതിരേ

കാലുകളിലും മുഖത്തുമാണ് സാധാരണയായി സെല്ലുലൈറ്റിസ് കണ്ടു വരുന്നത്.

റീന വർഗീസ് കണ്ണിമല

സെല്ലുലൈറ്റിസ്... അധികം അറിയപ്പെടാത്ത നിശബ്ദ രോഗം. രോഗപ്രതിരോധ ശേഷി കുറവുളളവരെയാണ് ഈ രോഗം കടന്നാക്രമിക്കുന്നത്. കൊവിഡ് വന്നവരിലും പ്രമേഹ രോഗികളിലും മറ്റും സെല്ലുലൈറ്റിസ് വളരെ പെട്ടെന്നു മൂർധന്യാവസ്ഥയിലെത്തുന്നതായി കാണാം. പ്രത്യേകിച്ചു വലിയ കാരണങ്ങളൊന്നുമില്ലാതെ ചെറിയൊരു പ്രാണിയുടെ കുത്തേറ്റാൽ പോലും തീവ്രവേദനയോടെ ദിവസങ്ങൾ കഴിക്കേണ്ടി വരുന്ന അവസ്ഥയാണ് സെല്ലുലൈറ്റിസ്.

ചർമത്തിന്‍റെ ആന്തരിക പാളികളെ ബാധിക്കുന്ന ഒരു ബാക്റ്റീരിയൽ അണുബാധയാണിത്. ചെറിയ ചുവപ്പു നിറമാണ് ആദ്യ ലക്ഷണം. പിന്നീട് ആ ഭാഗം നീരു വയ്ക്കുകയും പനിക്കുകയും കടുത്ത വേദന ഉണ്ടാകുകയും ചെയ്യുന്നു. തക്ക സമയത്ത് ശ്രദ്ധിക്കാത്ത പക്ഷം രോഗം മൂർച്ഛിക്കുകയും നീരു വച്ച് വല്ലാത്ത രോഗാവസ്ഥയിലേക്ക് എത്തുകയും ചെയ്യും. രോഗിക്ക് പനിയും ക്ഷീണവും അനുഭവപ്പെടും.

കാലുകളിലും മുഖത്തുമാണ് സാധാരണയായി സെല്ലുലൈറ്റിസ് കണ്ടു വരുന്നത്. എന്നാൽ, ഈ ബാക്റ്റീരിയൽ അണുബാധ ശരീരത്തിന്‍റെ ഏതു ഭാഗത്തുമുണ്ടാകാം. ചെറിയ പ്രാണികളുടെ ദംശനമോ എട്ടുകാലികളുടെ വിഷമോ ശരീരത്തെവിടെ ഏറ്റാലും സെല്ലുലൈറ്റിസായി മാറാം.

അമിത വണ്ണമുള്ളവരിലും നീരു വന്ന കാലുകളുള്ളവരിലും വൃദ്ധരിലും പ്രമേഹ രോഗികളിലും ഇത് വളരെ വേഗം വ്യാപിക്കുന്നു. സെല്ലുലൈറ്റിസിനു കാരണമായ സ്ട്രെപ്റ്റോ കോക്കി, സ്റ്റാഫൈലോ കോക്കസ് ഓറിയസ് എന്നീ ബാക്റ്റീരിയകൾക്ക് രോഗ പ്രതിരോധ ശേഷി കുറഞ്ഞ ഇത്തരക്കാരുടെ ശരീരം വളർന്നു പെരുകാൻ അനുയോജ്യമായതാണ് ഇവരിൽ ഈ ബാക്റ്റീരിയകൾ പെറ്റു പെരുകി സെല്ലുലൈറ്റിസ് മൂർധന്യാവസ്ഥയിൽ എത്തുന്നതിനു കാരണം.

തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ ചർമത്തിലെ ഈ അണുബാധ അസ്ഥിയിലേക്കും പടരാം.

2015-ൽ 21.2 ദശലക്ഷം ആളുകളിൽ സെല്ലുലൈറ്റിസ് ഉണ്ടായി. ഇതിൽ ലോകമെമ്പാടും ഉള്ള രോഗികളിൽ 2015ൽ ജീവൻ പൊലിഞ്ഞത് 16,900 പേർക്കാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അമെരിക്കയിൽ പ്രതിവർഷം ആയിരം പേരിൽ രണ്ട് പേർക്ക് കാലിനെ ബാധിക്കുന്ന സെല്ലുലൈറ്റിസ് കണ്ടു വരുന്നു. ഇംഗ്ലണ്ടിൽ ഓരോ ആശുപത്രിയിലും രോഗികളിൽ 1.6 ശതമാനം സെല്ലുലൈറ്റിസ് രോഗികളാണ്.

കാലിലോ കൈയിലോ മുഖത്തോ ചെറിയ ചുവപ്പു നിറത്തിൽ വേദനയും നീരും, കൂടാതെ പനിയുമുണ്ടായാൽ ഇനി വച്ചു കൊണ്ടിരിക്കാതെ വേഗം നല്ലൊരു ഡോക്റ്ററെ കാണുക. കാരണം ഈ രോഗം അപ്രതീക്ഷിതമായി കടന്നു വന്ന് അസ്ഥിക്കു വരെ ദോഷം ചെയ്യുന്ന വലിയ പ്രശ്നകാരിയാണ്. അതു കൊണ്ടു തന്നെ മുളയിലേ നുള്ളിക്കളയാൻ മറക്കാതിരിക്കുക... ജാഗ്രതൈ... സെല്ലുലൈറ്റിസ്....

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും