സ്ട്രെസ്സും തിരക്കേറിയ ജീവിതശൈലിയും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുമോ? 
Health

സമ്മർദവും തിരക്കും ബിപി കൂടാൻ കാരണമാകുമോ?

ജോലി, കുടുംബം മറ്റുകാര്യങ്ങള്‍ അങ്ങനെ എപ്പോഴും തിരക്ക് പിടിച്ച ഓട്ടത്തിലാണ് ഇന്ന് മിക്കവരും, അത്ര മത്സരമാണ് ചുറ്റും. തൊഴിലിടത്തിലായാലും വ്യക്തിജീവിതത്തിലായാലും ഇക്കാര്യത്തില്‍ വലിയ വ്യത്യാസമില്ല. എന്നാല്‍ ഈ തിരക്ക് നിറഞ്ഞ ജീവിതവും അമിത സമ്മര്‍ദവും ഓരോ വ്യക്തിയുടേയും ശാരീരിക, മാനസികാരോഗ്യത്തിന് വില്ലനായി മാറുന്നു എന്നതാണ് വസ്തുത. ഉയര്‍ന്ന രക്തസമ്മര്‍ദം ആണ് അതില്‍ പ്രധാനം. കുടുംബം, ജോലി, വ്യക്തി ജീവിതം എന്നീ ഉത്തരവാദിത്വങ്ങളും കര്‍ത്തവ്യങ്ങളും ഒരുമിച്ച് സുഗമമായി മുന്നോട്ടുകൊണ്ടു പോകുവാന്‍ സാധിക്കാത്തത് വിട്ടുമാറാത്ത സമ്മര്‍ദാവസ്ഥയിലേക്കും അതുവഴി രക്തസമ്മര്‍ദം ഉയരുന്നതിനും കാരണമായേക്കാം. എന്നാല്‍ പ്രതീക്ഷ കൈവിടാതെ , ചെറിയ ചില മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവന്നാല്‍ രക്താതിസമ്മര്‍ദത്തിനെതിരെ പോരാടുവാനും നമ്മുടെ ആരോഗ്യം തിരികെപ്പിടിക്കുവാനും സ്വസ്ഥമായ ജീവിതം നയിക്കുവാനും സാധിക്കും.

സ്ട്രെസ്സും തിരക്കേറിയ ജീവിതശൈലിയും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുമോ?

മാനസിക സമ്മര്‍ദവും രക്തസമ്മര്‍ദവും തമ്മിലുള്ള ബന്ധം

അമിതമായ മാനസിക സമ്മര്‍ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നതിന് കാരണമാകുന്നു. ശരീരത്തിന് ഒരു നിശ്ചിത അളവില്‍ ഇവ ആവശ്യമാണെങ്കിലും ദീര്‍ഘകാലമായി നീണ്ടു നില്‍ക്കുന്ന മാനസിക സമ്മര്‍ദം ശരീരത്തില്‍ പല തരത്തിലുള്ള രോഗങ്ങള്‍ക്കാണ് വഴിതെളിയിക്കുക. അതിലൊന്നാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം. രക്താതിസമ്മര്‍ദത്തെ വരുതിയിലാക്കുവാന്‍ ആദ്യം ചെയ്യേണ്ടത് അതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കാരണങ്ങളെ കണ്ടെത്തുകയും ചികിത്സ നല്‍കുകയുമാണ്.

ഡോ. സഞ്ജു ഡാനിയേല്‍ ജോണ്‍

ആരോഗ്യകരമായ ജീവിതശൈലി തെരഞ്ഞെടുക്കാം

  • സെല്‍ഫ് കെയറിന് പ്രാധാന്യം നല്‍കുക

    നമുക്ക് വേണ്ടി നാം സമയം മാറ്റിവെക്കുന്നത് ഒരിക്കലും ആര്‍ഭാടമല്ല, അതൊരു ആവശ്യകതയാണ്. നമുക്ക് സന്തോഷവും സമാധാനവും തരുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനായി എല്ലാ ദിവസവും കുറച്ചുസമയമെങ്കിലും മാറ്റിവയ്ക്കാന്‍ തയ്യാറാവുക. ചെറു നടത്തങ്ങള്‍, വായന, പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കുക തുടങ്ങിയവ മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ സഹായിക്കും.

  • നല്ല ശീലങ്ങള്‍ പതിവാക്കാം

    മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയ ശീലമാക്കുന്നത് മാനസികമായും ശാരീരികമായും ആശ്വാസം നല്‍കും. എല്ലാ ദിവസവും കുറച്ചു സമയം ഇത്തരം കാര്യങ്ങള്‍ക്കായി മാറ്റിവെക്കാം.

  • വ്യായാമം ശീലമാക്കാം

    ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും, മാനസിക സമ്മര്‍ദത്തിനുമുള്ള ഫലപ്രദമായ ചികിത്സ തുടര്‍ച്ചയായ വ്യായാമമാണ്. ദിവസവും ചുരുങ്ങിയത് 30 മിനിട്ടെങ്കിലും യോഗ, നീന്തല്‍, ചെറിയ നടത്തം എന്നിങ്ങനെയുള്ള മിതമായ വ്യായമങ്ങള്‍ക്കായി മാറ്റിവെക്കാം. വ്യായാമ സമയത്ത് ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക ഹോര്‍മോണുകളാണ് എന്‍ഡോര്‍ഫിന്‍സ്. സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണാണിത്.

സ്ട്രെസ്സും തിരക്കേറിയ ജീവിതശൈലിയും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുമോ?
  • ഭക്ഷണം ബുദ്ധിപരമായി തെരഞ്ഞെടുക്കാം

    രക്തസമ്മര്‍ദവും മാനസിക സമ്മര്‍ദവും നിയന്ത്രിക്കുവാന്‍ സമീകൃതാഹാരം പിന്തുടരേണ്ടതുണ്ട്. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ മാംസം, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതായിരിക്കണം ഡയറ്റ്. മദ്യം, കാപ്പി, സോഡിയം ഉപഭോഗം എന്നിവ കുറയ്ക്കുന്നത് രക്തസമ്മര്‍ദം നിയന്ത്രിക്കുവാന്‍ സഹായിക്കും.

  • നന്നായി ഉറങ്ങാം

    ആവശ്യത്തിന് ഉറക്കവും വിശ്രമവും ലഭിക്കേണ്ടത് ശരീരത്തിന്‍റെ മൊത്തമായുള്ള ആരോഗ്യത്തിന് അനിവാര്യമായ ഘടകമാണ്. ദിവസവും രാത്രി ചുരുങ്ങിയത് 7 മുതല്‍ 9 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങേണ്ടതുണ്ട്. നല്ല ഉറക്കം ലഭിക്കുന്നതിനായി രാത്രി മനസ്സും ശരീരവും ശാന്തമായിരിക്കുന്നതിനുള്ള ശീലങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമാക്കാം. ഉറങ്ങുന്ന സമയം ഇലക്ട്രോണിക് ഡിവൈസുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. സുഖകരമായി ഉറങ്ങുവാന്‍ സാധിക്കുന്ന തരത്തില്‍ കിടപ്പുമുറി മനോഹരമായി സജ്ജീകരിക്കുന്നതിലൂടെയും നല്ല ഉറക്കം ലഭിക്കും.

സ്ട്രെസ്സും തിരക്കേറിയ ജീവിതശൈലിയും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുമോ?

തിരക്ക് പിടിച്ച ജീവിതത്തില്‍ സ്ട്രെസ് എങ്ങനെ വരുതിയിലാക്കാം

  • ചിട്ടയോടെ ജീവിക്കാം

    സമയം എങ്ങനെ ചെലവഴിക്കണമെന്ന കൃത്യമായ ധാരണയുണ്ടായിരിക്കുന്നതിലൂടെ അനാവശ്യ സ്ട്രെസ്സും, വെപ്രാളപ്പെട്ട് ജീവിക്കുന്ന രീതിയും ഒഴിവാക്കുവാന്‍ നമുക്ക് സാധിക്കും. ഓരോ കാര്യത്തിനും എത്രത്തോളം സമയം വിനിയോഗിക്കണമെന്ന് നേരത്തേ കണക്കാക്കി അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാം. ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ക്കായി ഒരു To - Do - List തയ്യാറാക്കുകയും അതില്‍ ആദ്യം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഓരോ പ്രവൃത്തിക്കും ആവശ്യമായ സമയം നല്‍കിക്കൊണ്ട് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാം. നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുവാന്‍ സാധിക്കുന്നതിലും അധിക സമയം ചിലവഴിക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍, 'സാധ്യമല്ല' എന്ന് പറയുവാന്‍ പഠിക്കാം. നിങ്ങള്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്ന സമയത്ത് മാത്രം പ്രവൃത്തികള്‍ ഏറ്റെടുക്കാം.

  • നിങ്ങളെ പിന്തുണയ്ക്കുന്ന ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാം

    ദൃഢവും ആരോഗ്യകരവുമായ സാമൂഹ്യബന്ധങ്ങളിലൂടെ സ്ട്രെസ് കുറയ്ക്കുവാന്‍ നമുക്ക് സാധിക്കും. ആവശ്യമായ സമയങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളും കൂട്ടും മടികൂടാതെ ആവശ്യപ്പെടാം, നിങ്ങളുടെ വികാരങ്ങള്‍ മറച്ചുവെക്കാതെ പങ്കുവെക്കാം, സുഹൃത്തുക്കളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും പിന്തുണയും തേടാം. പലപ്പോഴും നമ്മുടെ മനസ്സിലുള്ള ആശങ്കകളും പ്രശ്നങ്ങളെയും കുറിച്ച് പ്രിയപ്പെട്ടവരോട് കുറച്ചു സമയം ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചാല്‍ തന്നെ നമ്മുടെ ഉളളിലുള്ള ഭാരം കുറയുന്നതായി കാണാം.

സ്ട്രെസ്സും തിരക്കേറിയ ജീവിതശൈലിയും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുമോ?
  • ഇടവേളകളെടുക്കാം

    ജോലികള്‍ക്കിടയിലെ ചെറു ഇടവേളകള്‍ തലച്ചോറിനും ശരീരത്തിനും ഉണര്‍വ്വ് നല്‍കാന്‍ സഹായിക്കുന്നവയാണ്. തുടര്‍ച്ചയായ ജോലി ചെയ്ത് മടുക്കുമ്പോള്‍ ഒന്നോ രണ്ടോ ദിവസം ആ തിരക്കുകളില്‍ നിന്നെല്ലാം മാറി യാത്രകള്‍ പോകാം. ഉണര്‍വ്വോടെ കൂടുതല്‍ മികച്ച രീതിയില്‍ ജോലി തുടരുവാന്‍ ഇതിലൂടെ സാധിക്കും.

  • വിദഗ്ധരുടെ സഹായം തേടാം

    സ്ട്രസ്സും രക്തസമ്മര്‍ദവും നിങ്ങള്‍ക്ക് സ്വയം കൈകാര്യം ചെയ്യുവാന്‍ സാധിക്കുന്നില്ല എങ്കില്‍ ഇതിനായി വിദഗ്ധരുടെ സഹായം തേടുവാന്‍ മടിക്കേണ്ടതില്ല. ഒരു ആരോഗ്യ വിദഗ്ധന് നിങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാനും, കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി പോലുള്ള സ്ട്രെസ് റിഡക്ഷന്‍ മാര്‍ഗങ്ങളിലൂടെ ആശ്വാസം നല്‍കുവാനും സാധിക്കും.

സ്ട്രെസ് എന്നത് ഇന്നത്തെ ജീവിതരീതിയുടെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ പിന്തുടര്‍ന്ന് ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിച്ചാല്‍ ആ പ്രയാസങ്ങളില്‍ നിന്നുമൊക്കെ രക്ഷനേടുവാനും, സന്തോഷകരവും ആരോഗ്യകരവുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. ചെറിയ മാറ്റങ്ങള്‍ വലിയ ഫലങ്ങള്‍ക്ക് കാരണമാകുമെന്ന് എപ്പോഴും ഓര്‍ക്കുക. ഇന്നു മുതല്‍ ആ മാറ്റത്തിലേക്ക് നമുക്ക് ചുവടുവെക്കാം, സ്ട്രെസിനെതിരെയുള്ള പോരാട്ടത്തിന് ഇന്നുതന്നെ തുടക്കമിടാം.

യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത് കലക്‌ടർ ക്ഷണിച്ചിട്ടെന്ന് ദിവ്യ; മുൻകൂർ ജാമ്യാപേക്ഷ നൽകി

ത്രിപുരയിൽ കസ്റ്റഡി പീഡനത്തെ തുടർന്ന് ദളിത് യുവാവ് മരിച്ചു; പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ

നവീന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്‌റ്റർ

കൊല്ലത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

എഡിഎം നവീൻ ബാബു സത‍്യസന്ധനായ ഉദ‍്യോഗസ്ഥനാണെന്ന് പ്രശാന്തൻ തന്നോട് പറഞ്ഞു; ഫാദർ പോൾ