ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം മാറിമാറി കയറിയിറങ്ങി നേരം കളയുന്നവർ സ്ഥിരം കേൾക്കുന്ന പരിഹാസമാണ്, ''എപ്പോൾ നോക്കിയാലും ഫോണിൽ കുത്തിക്കൊണ്ടിരിക്കും'' എന്നത്. കുട്ടികളിലും കൗമാരക്കാരിലുമെല്ലാം ഇത് ദീർഘകാലാടിസ്ഥാനത്തിൽ മാനസികവും ബൗദ്ധികവുമായ പല പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയാറുമുണ്ട്.
എന്നാൽ, മധ്യവസ്കരുടെയും മുതിർന്ന പൗരൻമാരുടെയും കാര്യത്തിൽ സമൂഹ മാധ്യമ ഉപയോഗം കാര്യമായ പ്രശ്നമുണ്ടാക്കുന്നില്ലെന്നു മാത്രമല്ല, ചില ഗുണഫലങ്ങൾ നൽകുകയും ചെയ്യുന്നു എന്നാണ് പുതിയൊരു പഠന റിപ്പോർട്ടിൽ വ്യക്തമാകുന്നത്.
പ്രായം കൂടുന്നതിനനുസരിച്ച്, മാനസികാരോഗ്യം വർധിപ്പിക്കാനും പിൽക്കാലത്ത് വിഷാദരോഗം വരാതിരിക്കാനും സമൂഹ മാധ്യമ ഉപയോഗം സഹായിക്കുന്നു എന്നാണ് ഇതിൽ പറയുന്നത്.
ട്രാൻസ്‌ലേഷണൽ സൈക്യാട്രി എന്ന ജേണലിൽ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 45 വയസിനു മുകളിലേക്കുള്ളവരിൽ രണ്ട് വർഷം നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ വിഷാദരോഗം വരാനുള്ള സാധ്യത അത് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് 24 ശതമാനം കുറവായിരിക്കുമെന്നാണ് കണ്ടെത്തൽ.
വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങൾ ഉള്ളവരിൽ അത് കുറയാനും സോഷ്യൽ മീഡിയ ഉപയോഗം സഹായിക്കുന്നു എന്നും കണ്ടെത്തി. 14,423 വൊളന്‍റിയർമാരാണ് പഠനത്തിൽ പങ്കെടുത്തത്.