പോകുന്ന സ്ഥലങ്ങളിൽ എല്ലാം ഇന്ന് ഫോണുമായി പോകുന്നവരാണ് പലരും, ടോയ്‌ലറ്റിൽ പോവുമ്പോൾ പോലും ഇങ്ങനെയാണ്. എത്രനേരം വേണമെങ്കിലും ഫോണുമായി ടോയ്‌ലറ്റ് സീറ്റിലിരിക്കാൻ പലർക്കും ഒരു മടിയുമില്ല. എന്നാൽ, ടോയ്‌ലറ്റിൽ ഇരുന്ന് ഫോൺ നോക്കുന്നവർക്ക് ഒരു ജാഗ്രതാ നിർദേശവുമായാണ് ആരോഗ്യ വിദഗ്ധർ എത്തിയിരിക്കുന്നത്. ടോയ്‌ലറ്റിൽ ഫോണുമായി ഇരിക്കുന്നവർ പുറത്തേക്ക് ഇറങ്ങുന്നത് മാരക രോഗവുമായാണ് എന്നാണ് മുന്നറിയിപ്പ്. ഈ കാര്യങ്ങളെക്കുറിച്ച് പലർക്കും അറിയാമെങ്കിലും ഇതൊന്നും കാര്യമാക്കാതെയാണ് പലരുടെയും നടപ്പ്.
ഫോണില്‍ കടന്നുകൂടുന്ന രോഗാണുക്കള്‍ 28 ദിവസം വരെ അതില്‍ തന്നെ ജീവനോടെ കാണുമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. പലരിലും കാണുന്ന പതിവ് ആരോഗ്യപ്രശ്നങ്ങളുടെ കാരണം തന്നെ സ്മാര്‍ട് ഫോണുകളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന അണുക്കള്‍ ആണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
മൂത്രാശയ അണുബാധ, വയറിളക്കം, ഭക്ഷ്യവിഷ ബാധ, വയറുവേദന, വിവിധ അണുബാധകള്‍ എന്നിവയെല്ലാം ടോയ്‌ലറ്റില്‍ നിന്നുള്ള രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത് മൂലമുണ്ടാകാം. ഇതിനു പുറമെ ടോയ്‌ലറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകുമ്പോള്‍ അവിടെ ചെലവിടുന്ന സമയം കൂടുകയും ഇതോടെ സ്കിൻ ഇൻഫെക്ഷൻ, ശ്വാസകോശ അണുബാധ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ വരാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഫോണുമായി ടോയ്‌ലറ്റ് സീറ്റിൽ കുനിഞ്ഞിരിക്കുന്നത് കഴുത്തുവേദനയ്ക്കും പുറംവേദനയ്ക്കും കാരണമാകാറുണ്ട്. അത് ഡിജിറ്റൽ ഇടങ്ങളിൽ ചെലവഴിക്കാനുള്ള സമയമാക്കി മാറ്റുമ്പോൾ സ്‌ക്രീൻ സമയം കൂട്ടുകയും, അത് ഭാവിയിൽ വിരസതയിലേക്കും മടിയിലേക്കും നയിക്കുകയും ഉത്കണ്ഠ വർധിപ്പിക്കുകയും ചെയ്യും. ഫോൺ മാത്രമല്ല പത്രവും പുസ്തകവും ഒന്നും ശുചിമുറിയിൽ കൊണ്ടുപോകുന്നതും നല്ലതല്ല.
ശ്രദ്ധിക്കുക
അസാധാരണ സാഹചര്യങ്ങളിൽ അല്ലാതെ 10 മിനിറ്റിൽ കൂടുതൽ ടോയ്‌ലറ്റ് സീറ്റിൽ ചെലവഴിക്കരുത്.
ആരോഗ്യകരമായ മലവിസർജന ശീലം നിലനിർത്താൻ മൊബൈൽ ഫോൺ ശുചിമുറിയിൽ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
കാൽമുട്ടുകൾ ചെറുതായി ഉയർന്ന് ഇരിക്കുന്നത് പോലെയുള്ള നല്ല 'ടോയ്‌ലറ്റ് പോസ്‌ചർ' നിലനിർത്തുക.
പാദങ്ങൾ തറയിൽ ഉറപ്പിച്ച് വേണം ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കേണ്ടത്.
കൈകൾ തുടയിൽ വച്ച് നിവർന്നോ അധികം വളയാതെയോ ഇരിക്കുക.
മുന്നോട്ട് ആഞ്ഞും ആയാസപ്പെട്ടും ശ്വാസംപിടിച്ചും ഇരിക്കുന്ന ശീലം ഒഴിവാക്കുക.