ഒരു കുഞ്ഞ് അരിമണി വലിപ്പം. പൂ പോലെ മൃദുലം. മനുഷ്യ ശരീരത്തിനുള്ളിൽ എവിടെയും കടന്നു ചെന്ന് മരുന്നുകൾ വിതരണം ചെയ്യാനുള്ള കഴിവ്. അതേ..., ഇതു സോഫ്റ്റ് ടൈനി റോബോട്ടുകളുടെ കാലം.
സിംഗപ്പൂരിലെ എൻടിയുവിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് കൗതുകകരവും ഏറെ പ്രതീക്ഷാ നിർഭരവുമായ ഈ കുഞ്ഞൻ റോബോട്ടിന്‍റെ സ്രഷ്ടാക്കൾ. ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട ചികിത്സകളിലേയ്ക്ക് ഈ കുഞ്ഞൻ റോബോട്ടുകളുടെ പ്രവർത്തനം സഹായകമാകും എന്നാണ് വിലയിരുത്തൽ.
എൻടിയുവിന്‍റെ സ്കൂൾ ഒഫ് മെക്കാനിക്കൽ ആൻഡ് എയ്റോസ്പേസ് എൻജിനീയറിങിലെ എൻജിനീയർമാരാണ് ഈ സോഫ്റ്റ് വെയർ വികസിപ്പിച്ചിരിക്കുന്നത്.
മനുഷ്യ ശരീരത്തിലേയ്ക്ക് നാലു വ്യത്യസ്ത മരുന്നുകൾ വരെ കൊണ്ടു പോകാനും വ്യത്യസ്ത ഡോസുകളിൽ നൽകാനും കഴിയുന്ന മിനിയേച്ചർ റോബോട്ടുകളുടെ കന്നിയങ്കമാണ് ഇത്.
ഈ മിനിയേച്ചർ റോബോട്ടുകൾ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതും ചികിത്സാഫലങ്ങൾ ഗണ്യമായി മെച്ചപ്പെടുത്താൻ ശേഷിയുള്ള കൃത്യതയുള്ള പ്രവർത്തനങ്ങൾ നൽകാൻ ശേഷിയുള്ളതുമാണ് എന്ന് ഗവേഷക സംഘം ഉറപ്പു നൽകുന്നുണ്ട്.രോഗിക്കായി നിശ്ചയിച്ച മരുന്നു വിതരണത്തിനായി ഈ റോബോട്ടുകളെ കാന്തിക ക്ഷേത്രങ്ങൾ ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്.