A sick kid AI
Lifestyle

കുഞ്ഞുങ്ങൾക്കിത്തിരി വീട്ടുവൈദ്യം

ഇന്നിത്തിരി ഗൃഹവൈദ്യമാകാം, പ്രത്യേകിച്ചും ശിശുക്കൾക്ക് ഉപകരിക്കുന്ന ഗൃഹവൈദ്യം.

റീന വർഗീസ് കണ്ണിമല

പെരുമഴക്കാലത്തിന്‍റെ ഓർമയുണർത്തി കർക്കിടകം വന്നെത്തി. സൂക്ഷിക്കാനേറെയുള്ള സമയം. കാലാവസ്ഥ, ഋതുഭേദം. ഇതു പനികളുടെ, വിട്ടുമാറാത്ത ജലദോഷത്തിന്‍റെ, വിവിധതരം ചുമകളുടെയൊക്കെ കാലം. നാടെങ്ങും പനിമരണങ്ങൾ വർധിക്കുകയാണ്. ഇതിൽ കൂടുതലും കുട്ടികളാണ്. അതിൽ തന്നെ നവജാതശിശുക്കളുടെ കാര്യം പറയുകയും വേണ്ട. അതു കൊണ്ടു തന്നെ നവജാത ശിശുക്കളുള്ള അമ്മമാരാണ് ഏറെ സൂക്ഷിക്കേണ്ടത്. പൈതങ്ങൾക്കു ജലദോഷം വന്നാൽ ഉണ്ടാകുന്ന പൊല്ലാപ്പ് ചില്ലറയല്ല. അതു കൊണ്ട് ഇന്നിത്തിരി ഗൃഹവൈദ്യമാകാം, പ്രത്യേകിച്ചും ശിശുക്കൾക്ക് ഉപകരിക്കുന്ന ഗൃഹവൈദ്യം.

ജലദോഷത്തിന്

പണ്ടൊക്കെ പാളയിൽ കുളിപ്പിച്ച കുഞ്ഞിനെ തോർത്തിയെടുത്തയുടൻ കുഞ്ഞു മൂർധാവിൽ കൃഷ്ണതുളസിയില നീര് പിഴിഞ്ഞൊഴിക്കുമായിരുന്നു മുത്തശ്ശിമാർ. ഇത് ചില്ലറ വൈദ്യമാണെന്നു കരുതിയാൽ നിങ്ങൾക്കു തെറ്റി. വെള്ളം തൊടാതെ തുളസിയില കൈയിലിട്ട് ഞെരടിപ്പിഴിഞ്ഞ് എടുക്കുന്ന നീര് കുഞ്ഞുങ്ങളെ കുളിപ്പിച്ചയുടൻ മൂർധാവിൽ പുരട്ടിയാൽ പനിയോ ചുമയോ ജലദോഷം പോലുമോ അഞ്ചയലത്തെത്തില്ല. ഇളം പ്രായത്തിലേ ഇങ്ങനെയൊരു ശീലം തുടർന്നു പോന്നാൽ പൈതങ്ങൾ നല്ല ആരോഗ്യമുള്ളവരായി വളരും.

ചർമരോഗങ്ങൾക്ക്

കുഞ്ഞുങ്ങളെ ശൈശവത്തിൽ നാൽപ്പാമരാദി കേരം പുരട്ടി കുളിപ്പിക്കുന്നതു ശീലമാക്കുക. മണ്ണിൽ കളിക്കാത്ത കുഞ്ഞുങ്ങൾക്കും ചൊറിയുണ്ടാവാറുണ്ട്. അതിനു കാരണം കൊതുക് പോലുള്ള ക്ഷുദ്രപ്രാണികൾ കടിക്കുന്നതാണ്. ചർമത്തിലുണ്ടാകാവുന്ന ഏതു രോഗത്തിനും പ്രതിവിധിയാണ് നാൽപാമരാദി കേരം തൈലം. ഇത് മേലാസകലം പുരട്ടി പതിനഞ്ചു മിനിറ്റു കഴിഞ്ഞു വേണം കുഞ്ഞുങ്ങളെ കുളിപ്പിക്കേണ്ടത്. നാൽപാമരപ്പട്ട ഇട്ടു തിളപ്പിച്ച ഇളം ചൂടു വെള്ളത്തിൽ വേണം കുഞ്ഞുങ്ങളെ കുളിപ്പിക്കേണ്ടത്. പകർച്ച വ്യാധികളുള്ള സമയത്ത് ഉങ്ങ്, പാണൽ തുടങ്ങിയവയും നാൽപാമരപ്പട്ടയുടെ കൂടെ ഇട്ടു തിളപ്പിച്ച വെള്ളമാണ് കുളിപ്പിക്കാൻ നല്ലത്.

A sick kid

പകർച്ച വ്യാധികൾക്കെതിരെ അന്തരീക്ഷ ശുദ്ധിയും

പനികൾ നാടെമ്പാടും പകരുമ്പോൾ ഉങ്ങ്, പാണൽ, തുളസിയില, ആര്യവേപ്പില, കുന്തിരിക്കം, കർപ്പൂരം തുടങ്ങിയവ ചേർത്ത് വീടകങ്ങൾ പുകയ്ക്കുന്നത് പനികൾ പകരാതിരിക്കാനും അന്തരീക്ഷത്തിലെ രോഗാണുക്കൾ നശിക്കാനും വളരെ നല്ലതാണ്. ഇതും കുഞ്ഞുങ്ങളുള്ള വീടുകൾക്ക് ഏറെ നന്നാണെന്നു പ്രത്യേകം പറയേണ്ടല്ലോ.

ചില പനിക്കൂർക്ക മാജിക്കുകൾ

ശിശുക്കളുടെ മൂക്കടപ്പിനും, ജലദോഷത്തിനും ഇനിയുമുണ്ട് മാർഗങ്ങൾ. പ്രത്യേകിച്ചും പനിക്കൂർക്ക കൊണ്ട്. അവയിൽ ചിലതു കൂടി കുറിക്കാം. പനിക്കൂർക്കയില ചെറുതീയിൽ വാട്ടിപ്പിഴിഞ്ഞ് നീരെടുക്കണം. അത് ചെറു ചൂടോടെ അഞ്ചു തുള്ളി വീതം നാലു നേരം കുഞ്ഞുങ്ങൾക്കു നൽകുക. ഈ നീരിൽ തുണി മുക്കി നെറ്റിയിലിടുക. പനിക്കൂർക്കയില വാട്ടിയുണക്കി ചുട്ട് അതിന്‍റെ ചാമ്പൽ സൂക്ഷിച്ചു വയ്ക്കുക. ഇത് പൈതങ്ങളുടെ മൂർധാവിൽ പുരട്ടുന്നത് ജലദോഷവും നീരിറക്കവും മാറുന്നതിന് അത്യുത്തമമാണ്. നവജാത ശിശുക്കളുടെ മുലയൂട്ടുന്ന അമ്മമാർ ഇത്തരം കാലാവസ്ഥകളിൽ അവർ കഴിക്കുന്ന ഭക്ഷണം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമ്മയുടെ ഭക്ഷണം നല്ലതല്ലെങ്കിൽ അത് കുഞ്ഞിനു മുലപ്പാലിലൂടെ കിട്ടുകയും തന്മൂലമുള്ള രോഗപീഡകൾ കുഞ്ഞിനെ വിടാതെ പിന്തുടരുകയും ചെയ്യും. അതിനാൽ പനി-ജലദോഷക്കാലത്ത് മുലയൂട്ടുന്ന അമ്മമാർ പനിക്കൂർക്ക ഇലയരച്ചു ചേർത്ത് കഞ്ഞി വച്ച് അതു കുടിക്കുന്നതു ശീലമാക്കുക. ഈ ശീലം പിന്തുടരുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് ജലദോഷം ഉണ്ടാവുകയേ ഇല്ല.

സുപ്രീം കോടതിക്ക് സത്യം ബോധ്യമായി: ഷഹീൻ സിദ്ദിഖ്

'ഡൽഹിയിൽ കൃത്രിമ മഴ വേണം'; അനുവാദം തേടി ഡൽഹി സർക്കാർ, മറുപടി നൽകാതെ കേന്ദ്രം

ഓസ്ട്രേലിയൻ പര്യടനം: ഷഫാലിയെ പുറത്താക്കി, മിന്നു മണി ഇന്ത്യൻ ടീമിൽ

എം.എസ്‌. സുബ്ബലക്ഷ്‌മി പുരസ്‌കാരം ടി.എം. കൃഷ്‌ണയ്ക്ക് നൽകുന്നത് തടഞ്ഞ് ഹൈക്കോടതി

അമ്പലപ്പുഴയിലെ 'ദൃശ്യം' മോഡൽ കൊലപാതകം: വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി