Lifestyle

പ്രായമായവരിലെ ഹൈപ്പർ ടെൻഷൻ ശ്രദ്ധിക്കാം

പൊതുവേ തലവേദന, തലകറക്കം, മനം പുരട്ടൽ, ഇരുട്ടു കയറൽ, കണ്ണു മങ്ങുക എന്നിങ്ങനെ ഹൈപ്പർ ടെൻഷൻ ലക്ഷണങ്ങളായി കാണാറുണ്ട്

ഈ കാലഘട്ടത്തിൽ ചെറുപ്പമെന്നോ പ്രായമായവർക്കെന്നോ വ്യത്യാസമില്ലാതെ ടെൻഷനും വർധിച്ചു കൊണ്ടിരിക്കുന്നു. നിശബ്ദനായ കൊലയാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥകളിൽ പ്രധാനപ്പെട്ട ഒന്നാണ് രക്താതിമർദം അഥവാ ഹൈപ്പർ ടെൻഷൻ എന്നത്.

രക്തം രക്തക്കുഴലുകളിലേക്ക് ഒഴുകുമ്പോൾ അവയുടെ ഭിത്തികളിൽ ഉണ്ടാകുന്ന അമിത മർദത്തെയാണ് ഹൈപ്പർ ടെൻഷൻ അഥവാ രക്താതിമർദം എന്നു പറയുന്നത്. പൊതുവേ തലവേദന, തലകറക്കം, മനം പുരട്ടൽ, ഇരുട്ടു കയറൽ, കണ്ണു മങ്ങുക എന്നിങ്ങനെ ഹൈപ്പർ ടെൻഷൻ ലക്ഷണങ്ങളായി കാണാറുണ്ട്. ചിലർക്ക് രക്ത സമ്മർദം അധികം കൂടിയാൽ അത് മറ്റ് അവയവങ്ങളെയും ബാധിച്ചേക്കാം.

സങ്കീർണതകൾ

രക്തസമ്മർദത്തിൻ്റെ സങ്കീർണതകൾ പൊതുവേ മൂന്ന് അവയവങ്ങളിലാണ് ബാധിക്കാറുള്ളത്- ഹൃദയം, വൃക്ക, തലച്ചോർ.

രക്ത സമ്മർദം ക്രമാതീതമായി കൂടിക്കഴിഞ്ഞാൽ തലച്ചോറിൽ രക്തം കട്ട പിടിക്കാനും രക്തസ്രാവം പോലുള്ള അപകടങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. പുതിയ പഠനങ്ങൾ പ്രകാരം ഹൈപ്പർ ടെൻഷൻ നിയന്ത്രണമില്ലാത്ത ആളുകൾക്ക് ഓർമക്കുറവും, ബോധ നിലവാരത്തിലുള്ള കുറവ് വരാനുള്ള ( കോഗ്നിടിവ് ഡിക്ലൈൻ) സാധ്യയും ഏറെയാണ്.

നിയന്ത്രണമില്ലാത്ത രക്തസമ്മർദം കാരണം വൃക്കകളിലെ അരിപ്പകളിലേക്കുള്ള രക്തയോട്ടം കുറയുകയും വൃക്കയുടെ വലുപ്പം കുറയുകയും, തുടർന്ന് പ്രവർത്തനം നടക്കാതെ വരുകയും ഡയാലിസ് വരെ അനിവാര്യമാകാൻ സാധ്യതയുമുണ്ട്.

ഹൃദയത്തിലെ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും, ബിപി കൂടുകയും ചെയ്യുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുകയും ഹൃദയസ്തംഭനം, ഹാർട്ട് ഫെയിലിയർ പോലുള്ളവ ഉണ്ടാകാനുള്ള സാധ്യതകളും ഏറെയാണ്. കൂടാതെ ഹാർട്ട് ഫെയിലിയർ മൂലം രക്തയോട്ടം ശരിയായ രീതിയിൽ നടക്കാതിരിക്കുന്നത് വഴി കാലുകളിൽ നീര് വയ്ക്കുകയും ചെയ്യുന്നു.

കാരണങ്ങൾ

രോഗത്തിൻ്റെ സ്വഭാവമനുസരിച്ച് രണ്ട് ഗണങ്ങളിലേക്ക് രക്താതിമർദത്തെ തരം തിരിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തേത് പ്രാഥമിക രക്താതിമർദവും (പ്രൈമറി ഹൈപ്പർടെൻഷൻ) രണ്ടാമത്തേത് ദ്വിതീയ രക്താതിമർദവും (സെക്കണ്ടറി ഹൈപ്പർ ടെൻഷൻ) ആണ്. പാരമ്പര്യം, ഉപ്പിൻ്റെ അമിത ഉപയോഗം, വ്യായാമത്തിൻ്റെ കുറവ്, മാനസിക സമ്മർദം തുടങ്ങിയ പൊതുവായ കാരണങ്ങൾ മൂലമോ പ്രത്യക്ഷത്തിൽ വലിയ കാരണങ്ങളൊന്നും ഇല്ലാതെയോ കാണപ്പെടുന്ന രോഗാവസ്ഥയാണ് പ്രാഥമിക രക്താതിമർദം. മറ്റേതെങ്കിലും രോഗത്തിൻ്റെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന രക്താതിമർദത്തെ ദ്വിതീയ രക്താതിമർദം എന്ന ശ്രേണിയിൽ ഉൾപ്പെടുത്തുന്നു.

തൈറോയിഡിൻ്റെ പ്രവർത്തന വൈകല്യങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ, സ്റ്റിറോയിഡ് മരുന്നുകളുടെ സ്ഥിരമായ ഉപയോഗം, അഡ്രിനൈൽ ഗ്രന്ഥിയെ ബാധിക്കുന്ന ചില അസുഖങ്ങൽ, വേദന സംഹാരികളുടെ സ്ഥിരമായ ഉപയോഗം തുടങ്ങിയ നിരവധിയായ കാരണങ്ങൾ മൂലം ദ്വിതീയ രക്താതിമർദം കാണപ്പെടാം.

രക്തസമ്മർദം എങ്ങനെ നിർണയിക്കാം

ബിപി നോക്കുന്നതിനു മുൻപ് ചായ, കാപ്പി എന്നിവ കുടിക്കാനോ പുകവലിക്കാനോ പാടില്ല. ഒരിക്കലും ധൃതിയിൽ ഓടിയെത്തിയും ബിപി നോക്കാൻ പാടില്ല. ഒന്നിലധികം തവണ ബിപി പരിശോധന നടത്തുന്നതിലൂടെയാണ് ഡോക്ടർമാർ ഒരാളുടെ കൃത്യമായ ബിപി വാല്യൂവിൽ എത്തുന്നത്.

ചികിത്സാരീതി

ഒന്നിലധികം തവണ പരിശോധിച്ചിട്ടും തുടർച്ചയായി ബിപി ഉയർന്നുനിൽക്കുകയാണെങ്കിൽ, ആദ്യം നോൺ ഫാർമക്കോളജി, അതായത് മരുന്നുകൾ ഒന്നുമില്ലാത്ത ട്രീറ്റ്‌മെന്‍റാണ് പൊതുവേ നിർദേശിക്കുന്നത് പക്ഷേ, അമിതമായ രക്തസമ്മർദം കാണുകയാണെങ്കിൽ മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യും.

ഉപ്പ് കൂടുതലുള്ള ഭക്ഷ്യവസ്തുക്കളായ പപ്പടം, അച്ചാർ, ബേക്കറി ബിസ്കറ്റുകൾ എന്നിവ ഒഴിവാക്കുക, വ്യായാമം ചെയ്യുക , അമിത ഭാരം നിയന്ത്രിക്കുക തുടങ്ങിയവയെല്ലാം ചെയ്ത ശേഷവും ബിപി കുറയുന്നില്ല എന്ന് കാണുമ്പോഴാണ് മെഡിക്കൽ ട്രീറ്റ്‌മെന്‍റിലേക്ക് പോകുന്നത്. ബിപിക്കായി നിരവധി മരുന്നുകൾ ലഭ്യമാണെങ്കിലും പ്രായമായവരിൽ മറ്റുള്ളവരെ പോലെ എല്ലാ മരുന്നുകളും ഫലപ്രദമാകണമെന്നില്ല. കാരണം അവർ മറ്റു പല മരുന്നുകൾ കഴിക്കുന്നതിനാൽ വേറെയും സങ്കീർണതകളിലേക്ക് അത് നയിച്ചേക്കാം.

രക്തസമ്മർദം പെട്ടെന്ന് കുറഞ്ഞു കഴിഞ്ഞാൽ വീഴാനുള്ള സാധ്യത പ്രായമായവരിൽ ഏറെയായതിനാൽ, വളരെ ക്രമാതീതമായ ഉയർന്ന ബിപി അല്ലെങ്കിൽ മറ്റ് അവയവങ്ങൾക്കൊന്നും കേടു പാടുകളൊന്നും ഇല്ലെങ്കിൽ ബിപി രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ പതിയെ കുറയ്ക്കുകയാണ് അഭികാമ്യം.

ശ്രദ്ധിക്കേണ്ട വഴികൾ

ചിട്ടയായ ഭക്ഷണക്രമങ്ങൾ, ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ, ചിട്ടയായ ബി പി പരിശോധന മുതലായവ വഴിയും ബിപി നിയന്ത്രിക്കാൻ സാധിക്കും. അതുപോലെതന്നെ അടുത്ത് തന്നെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ പോയി കൃത്യമായ ഇടവേളകളിൽ ബിപി പരിശോധിക്കുകയും ചെയ്യുക. ഡോക്ടർമാരും മറ്റ് ഹോസ്പിറ്റൽ സ്ഥാപനങ്ങളും നൽകുന്ന പഥ്യാഹാരപരമായ നിയന്ത്രണങ്ങൾ അടിസ്ഥാനമാക്കിയുള്ള ബോധവൽക്കരണ ക്ലാസുകളിൽ പങ്കെടുക്കുക.

കൃത്യനിഷ്ഠമായ ജീവിതശൈലിയും, ഡോക്ടർ നിർദ്ദേശിക്കുന്ന ചെക്കപ്പുകളും കൃത്യമായി ചെയ്ത് ബി പി നിയന്ത്രിക്കാൻ സാധിക്കുന്നു.

ആരോഗ്യമുള്ള ശരീരത്തിന് വേണ്ടത് ആരോഗ്യമുള്ള മനസാണ്. മാനസിക സമ്മർദ്ദങ്ങൾ ഒന്നുമില്ലാത്ത ആരോഗ്യകരമായ ഒരു ജീവിതമാണ് നാം നയിക്കേണ്ടത്.

വിവരങ്ങൾക്ക് കടപ്പാട് : ഡോ. ജാബിർ എംപി, സീനിയർ സ്പെഷ്യലിസ്റ്റ്, ഇന്റെണൽ മെഡിസിൻ, ആസ്റ്റർ മിംസ്, കോഴിക്കോട്

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?