Lifestyle

പഠനത്തിലും ഓർമ്മയിലും ഗട്ട് മൈക്രോബുകളുടെ സ്വാധീനത്തെക്കുറിച്ച് ഇൻഡോ-ജർമ്മൻ ഗവേഷണം

ദഹനാരോഗ്യം, നാഡീവ്യവസ്ഥ എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയിൽ വലിയ മുന്നേറ്റങ്ങളുണ്ടാക്കാൻ ഈ പഠനത്തിനാകുമെന്നാണ് പ്രതീക്ഷ

കൊച്ചി: മനുഷ്യശരീരത്തിൽ ദഹനപ്രവര്‍ത്തനവും പ്രതിരോധവും നടത്താൻ സഹായിക്കുന്ന സൂക്ഷ്മാണുക്കളായ ഗട്ട് മൈക്രോബുകളെക്കുറിച്ചുള്ള ഗവേഷണം പഠനത്തിലും ഓർമ്മയിലും അവ വലിയ സ്വാധീനമുണ്ടാക്കുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ്. കേരള സർക്കാരിന്റെയും കീഴിൽ പുതുതായി സ്ഥാപിതമായ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ എക്സലൻസ് ഇൻ ന്യൂറോഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്തും (സെനാഭ്), കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോ സയൻസും, ജർമ്മനിയിലെ ബ്രൗൺഷ്വീഗിലെ സാങ്കേതിക സർവകലാശാലയുമായി സഹകരിച്ച് നടത്തുന്ന ഗവേഷണത്തിലാണ് ഗട്ട് മൈക്രോബുകളുടെ സ്വാധീനത്തെക്കുറിച്ചുള്ള കണ്ടെത്തൽ.

ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെയും (ഡിഎസ്‌ടി) ജർമ്മൻ അക്കാദമിക് എക്‌സ്‌ചേഞ്ച് സർവീസിന്റെയും (ഡിഎഎഡി) ധനസഹായത്തോടെ നടക്കുന്ന ഈ നൂതന ഗവേഷണത്തിൽ സൂക്ഷ്മാണുക്കളുടെ അസന്തുലിതാവസ്ഥയായ ഗട്ട് ഡിസ്ബയോസിസും, സാഹചര്യമനുസരിച്ച് വളരാനും പുനഃസംഘടിക്കാനുമുള്ള തലച്ചോറിലെ ന്യൂറൽ നെറ്റ്‌വർക്കുകൾളുടെ കഴിവായ ന്യൂറോപ്ലാസ്റ്റിസിറ്റിയും തമ്മിലുള്ള ബന്ധം പഠനവിധേയമാക്കും.

പഠനത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് കുസാറ്റിലെ സെന്റർ ഫോർ ന്യൂറോസയൻസ് ഓണററി ഡയറക്ടറും സെനാഭിന്റെ ഡയറക്ടർ ഇൻ ചാർജ്ജുമായ ഡോ.ബേബി ചക്രപാണിയാണ്. കുസാറ്റിലെ ഗവേഷണവിദ്യാർത്ഥിനിയായ കൃഷ്ണപ്രിയയും പഠനത്തിൽ ഭാഗമാണ്. ബ്രൗൺഷ്‌വീഗ് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ ബയോസെന്റർ ഡയറക്‌ടറും ബ്രൗൺഷ്‌വീഗിലെ ഹെൽംഹോൾട്ട്‌സ് സെന്റർ ഫോർ ഇൻഫെക്‌ഷൻ റിസർച്ചിലെ ന്യൂറോ ഇൻഫ്ലമേഷൻ ആൻഡ് ന്യൂറോ ഡിജനറേഷൻ റിസർച്ച് ഗ്രൂപ്പിന്റെ തലവനുമായ ഡോ. മാർട്ടിൻ കോർട്ടെയാണ് ജർമൻ ടീമിനെ നയിക്കുക.

"അൽഷിമേഴ്‌സ്, പാർക്കിൻസൺസ്, മറ്റ് മസ്തിഷ്‌ക തകരാറുകൾ തുടങ്ങിയ ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളെ ഗട്ട് മൈക്രോബുകളിലെ മാറ്റങ്ങൾ എങ്ങനെ സ്വാധീനിക്കുമെന്നതിനെക്കുറിച്ചുള്ള ധാരണകളെ മെച്ചപ്പെടുത്താൻ ഈ പഠനം സഹായകരമാകും," ഡോ. ചക്രപാണി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ, ജർമ്മൻ ഗവേഷകർ തമ്മിലുള്ള എക്സ്ചേഞ്ച് പ്രോഗ്രാമുകളും സംയുക്ത ഗവേഷണ പ്രസിദ്ധീകരണങ്ങളും പ്രോത്സാഹിപ്പിക്കാനും ഈ ഗവേഷണം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദഹനാരോഗ്യം, നാഡീവ്യവസ്ഥ എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയിൽ വലിയ മുന്നേറ്റങ്ങളുണ്ടാക്കാൻ ഈ പഠനത്തിനാകുമെന്നാണ് പ്രതീക്ഷ.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...