കാപ്പിക്കപ്പിലെ കൊടുങ്കാറ്റടക്കിയ മാളവിക ഹെഗ്ഡെ 
Lifestyle

കാപ്പിക്കപ്പിലെ കൊടുങ്കാറ്റടക്കിയ മാളവിക ഹെഗ്ഡെ

നീതു ചന്ദ്രൻ

സിനിമാക്കഥകളെ പോലും വെല്ലുന്ന ജീവിതമാണ് മാളവിക ഹെഗ്ഡെയുടേത്. ചാരത്തിൽ നിന്നുയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ എന്ന വിശേഷണം നൂറു ശതമാനം യോജിക്കുന്ന സൂപ്പർ വുമൺ. കഫെ കോഫീ ഡേ എന്ന വമ്പൻ ബിസിനസ് ശൃംഖലയെ പടുകുഴിയിൽ നിന്ന് പിടിച്ചെഴുന്നേൽപ്പിച്ച് ഉയർച്ചയിലേക്ക് നയിച്ച വണ്ടർ വുമൺ.

പൊരുതി നേടിയ വിജയം

കാപ്പിക്കപ്പിലെ കൊടുങ്കാറ്റടക്കിയ മാളവിക ഹെഗ്ഡെ

കടം കയറുന്നതോടെ അതു വീട്ടാൻ പോലും മടിച്ച് നാടു വിടുന്ന ബിസിനസ് രാജാക്കന്മാർ വാർത്തകളിൽ നിരന്തരം ഇടം പിടിച്ചപ്പോഴും, ഒളിച്ചോടാതെ പൊരുതി വിജയം നേടിയ മാളവികയുടെ കഥ ഡോക്യുമെന്‍ററിയായി പുറത്തിറക്കാൻ ഒരുങ്ങുകയാണ് നെറ്റ്‌ഫ്ലിക്സ്. ഭർത്താവിന്‍റെ അപ്രതീക്ഷിത മരണം ഏൽപ്പിച്ച ആഘാതം വിട്ടു മാറും മുൻപേയാണ് മാളവിക കടത്തിന്‍റെ നിലയില്ലാക്കയത്തിൽ മുങ്ങിയ സിസിഡിയെ ചേർത്തു പിടിച്ചത്. രാജ്യത്തെ മുഴുവൻ ബിസിനസ് മേഖലയെയും സ്വാധീനിച്ച വിയോഗമായിരുന്നു വി.ജി. സിദ്ധാർഥയുടേത്. നേത്രാവതി പുഴയിൽ നിന്ന് സിദ്ധാർഥയുടെ മരവിച്ച ശരീരം കണ്ടെടുക്കുമ്പോൾ, ഇനിയൊരിക്കലും കഫെ കോഫീ ഡേക്ക് ഒരു തിരിച്ചു വരവില്ലെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു.

കടത്തിനു മേൽ കടം

കാപ്പിക്കപ്പിലെ കൊടുങ്കാറ്റടക്കിയ മാളവിക ഹെഗ്ഡെ

സിദ്ധാർഥ മരണം വരിക്കുമ്പോൾ 7000 കോടി രൂപയായിരുന്നു സിസിഡിയുടെ കടബാധ്യത. എത്ര വലിയ ബിസിനസ്മാനും പതറിപ്പോകുന്ന കൂറ്റൻ കടം. പക്ഷേ, സകല മുൻവിധികളെയും തകർത്തു കൊണ്ട് സിദ്ധാർഥയുടെ ഭാര്യ മാളവിക ഹെഗ്ഡെ സിസിഡിയുടെ തലപ്പത്തേക്കു വന്നു. ഒപ്പമുണ്ടാകുമെന്ന് ജീവനക്കാർക്ക് ‍ഉറപ്പു കൊടുത്തു. ഉറച്ച തീരുമാനങ്ങളെടുത്തു. 2020ലാണ് മാളവിക കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് എത്തിയത്. അതിനു മുൻപേ കമ്പനിയിലെ 25,000 ത്തോളം വരുന്ന ജീവനക്കാർക്കായി മാളവിക ഒരു കത്തെഴുതി. കമ്പനിയുടെ ഭാവിസുരക്ഷിതമാക്കുമെന്ന് ഉറപ്പു നൽകിക്കൊണ്ടുള്ള കത്ത്. അതിനു ശേഷം രാവും പകലുമെന്നുമില്ലാത്ത അവർ കമ്പനിയെ കടത്തിൽ നിന്നുയർത്തിക്കൊണ്ടു വരാനായി ജോലി ചെയ്തു.

ഉയിർത്തെഴുന്നേൽപ്പ്

കാപ്പിക്കപ്പിലെ കൊടുങ്കാറ്റടക്കിയ മാളവിക ഹെഗ്ഡെ

വലിയ കടബാധ്യതയ്ക്കൊപ്പം കൊവിഡ്-19 മഹാമാരി ബിസിനസ് മേഖലയെയാകെ സൃഷ്ടിച്ച വൻ പ്രതിസന്ധിയും. പക്ഷേ, മാളവിക പതറാതെ മുന്നോട്ടു പോയി. ഒരു കാരണവശാലും കമ്പനിയുടെ സിഗ്നേച്ചർ കോഫികളുടെ വില വർധിപ്പിക്കരുതെന്നായിരുന്നു അവരെടുത്ത ആദ്യ തീരുമാനം. പകരം, നഷ്ടത്തിലായിരുന്ന ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടി. ഐടി പാർക്കുകളിലും കമ്പനികളിലും സ്ഥാപിച്ചിരുന്ന നൂറു കണക്കിന് കോഫി വെൻഡിങ് മെഷീനുകൾ പിൻവലിച്ചു. 1000 ഔട്ട്‌ലെറ്റുകൾ 500 ആയി കുറഞ്ഞതോടെ കടബാധ്യത 5000 കോടിയായും കുറഞ്ഞു. നിക്ഷേപകരെ സമീപിച്ച് കൂടുതൽ നിക്ഷേപം കമ്പനിയിലേക്കെത്തിച്ചു.

പണം കടം നൽകിയ ഓരോരുത്തരെയായി നേരിട്ട് സമീപിച്ച് പലിശയിൽ ഇളവുകൾ ആവശ്യപ്പെട്ടു. സിസിഡിയുടെ പ്രധാന ഓഹരികൾ മൈൻഡ്ട്രീ, ശ്രീറാം, വേ ടു വെൽത്ത് തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് വിറ്റു. അതു വഴി കടം 2693 കോടിയായി വീണ്ടും കുറഞ്ഞു. ബ്ലാക്സ്റ്റോൺ പ്രൈവറ്റ് ഇക്വിറ്റിയുമായുള്ള പാർട്ണർഷിപ്പും സ്വന്തമാക്കി. ഇതൊന്നും മതിയാകില്ലെന്നു മനസിലായപ്പോൾ സ്വന്തം ഫാമിലെ അറബിക്ക ബീൻസ് കയറ്റുമതി ചെയ്തുതുടങ്ങി. ഒപ്പം മോളുകളിലും കമ്പനികളിലും സിസിഡി വാല്യു എക്സ്പ്രസ് കിയോസ്കും സ്ഥാപിച്ചു. 2019 മാർച്ചിൽ 7200 കോടി രൂപയായിരുന്നു സിസിഡിയുടെ കടബാധ്യതയെങ്കിൽ, 2020 മാർച്ച് 31നുള്ളിൽ ബാധ്യത 3100 കോടി രൂപയായ‌ും നിലവിൽ 465 കോടി രൂപയായും കുറഞ്ഞു.

കോഫി വിപ്ലവം

കാപ്പിക്കപ്പിലെ കൊടുങ്കാറ്റടക്കിയ മാളവിക ഹെഗ്ഡെ

കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകളാണ് എൻജിനീയറിങ് ബിരുദധാരിയായ മാളവിക. 1991ലായിരുന്നു സിദ്ധാർഥയുമായുള്ള വിവാഹം. ഇരുവർക്കും ഇഷാൻ, അമർത്യ എന്നിങ്ങനെ രണ്ടു മക്കൾ. കഫെ കോഫീ ഡേ എന്ന ആശയം സിദ്ധാർഥ ആദ്യമായി പങ്കുവച്ചപ്പോൾ തന്നെ മാളവിക അതിനെതിരായിരുന്നു. അഞ്ച് രൂപയ്ക്ക് കാപ്പി കിട്ടുന്ന അക്കാലത്ത് 25 രൂപയ്ക്ക് കാപ്പി വിൽക്കുന്നത് പ്രായോഗികമല്ലെന്നായിരുന്നു മാളവികയുടെ വാദം. പക്ഷേ, കാപ്പിക്കൊപ്പം ഇന്‍റർനെറ്റ് സർഫിങ് എന്ന ഓപ്ഷൻ കൂടി സിദ്ധാർഥ മുന്നോട്ടുവച്ചതോടെ മാളവിക അത് അംഗീകരിച്ചു. അങ്ങനെ 1996ൽ ആദ്യ സിസിഡി ഔട്ട്ലെറ്റ് തുറന്നു. 2008 മുതൽ സിസിഡിയുടെ പ്രവർത്തനങ്ങൾ മാളവിക കൈകാര്യം ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും നോൺ എക്സിക്യൂട്ടീവ് ബോർഡ് മെംബർ മാത്രമായിരുന്നു അവർ.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം