മല്ലാടി ബ്രദേഴ്സ് ഗോകുലം ഗോശാലയിൽ 
Lifestyle

മല്ലാടി ബ്രദേഴ്സ് ഗോകുലം ഗോശാലയിൽ | Video

ദീപാവലി ഉത്സവത്തിൽ ഗോക്കൾക്കായി ദശദിന അഖണ്ഡ സംഗീത വിരുന്നൂട്ടിയ ഗോശാല...! ലോകത്തിനു മാതൃകാ പാഠമായെന്ന് മല്ലാടി ബ്രദേഴ്സ്

ഡോ. സഞ്ജീവൻ അഴീക്കോട്

"സന്ദർശനം അത്യന്തം ബ്രഹ്മാനന്ദമേ...

ചാല സ്വാനുഭവ വേദ്യമേ.."

സർവദേവരൂപിണിയായ ഗോമാതാവിനു മുന്നിൽ സംഗീതസേവ നടത്തി ഗോആരതിയുഴിഞ്ഞപ്പോൾ മല്ലാടി സഹോദരന്മാർക്ക് എന്തെന്നില്ലാത്ത ഒരു ദിവ്യാനുഭൂതി...!

കാസർഗോഡ് കേന്ദ്ര സർവകലാശാലയ്ക്കടുത്ത് പെരിയ ബേക്കൽ ഗോകുലം ഗോശാല പരമ്പര വിദ്യാപീഠത്തിൽ ദശദിന ദീപാവലി സംഗീതോത്സവത്തിൽ പങ്കെടുക്കാൻ ഇതാദ്യമായാണ് വിഖ്യാത സംഗീതജ്ഞരായ മല്ലാടി ബ്രദേഴ്സ് ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് കഴിഞ്ഞ ദിവസമെത്തിയത്. സ്കന്ദഷഷ്ഠി സന്ധ്യക്ക് ഗോശാലയിലെ നന്ദിലോകത്തിൽ സജ്ജമാക്കിയ സംഗീത മണ്ഡപത്തിൽ ആരംഭിച്ച മല്ലാടി ബ്രദേഴ്സിന്‍റെ കച്ചേരി രാത്രി പത്തേകാൽ വരെ നീണ്ടു. കച്ചേരിക്കൊടുവിൽ സർവദേവരൂപിണിയായ ഗോമാതാവിനെയും കാമധേനുവിനെയും സ്തുതിച്ച് പാടിയപ്പോൾ ഇരുന്നൂറിലധികം വരുന്ന ഗോശാലയിലെ കാളകൾക്കും പശുക്കിടാങ്ങൾക്കുമൊപ്പം സദസ്യരും പരമാനന്ദ സാഗരത്തിലാറാടി.

കച്ചേരി കഴിഞ്ഞ് ആദരമേറ്റുവാങ്ങിയ മല്ലാടി സഹോദരന്മാരായ മല്ലാടി ശ്രീരാം പ്രസാദും മല്ലാടി രവികുമാറും ഗോശാലയിലെ ഗോആരതിയിൽ പങ്കെടുത്തു. പക്കമേളക്കാരായ പ്രശസ്ത സിനിമാ സംഗീതജ്ഞൻ കൂടിയായ എമ്പാർ കണ്ണൻ, മൃദംഗ വിദ്വാൻ ബാലകൃഷ്ണകമ്മത്ത്, ഘടം വിദ്വാൻ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.

'ചാല സ്വാനുഭവവേദ്യ മേ...' ദിവ്യാനുഭവം

''ഗോമാതാവിന്ന് സമർപ്പിച്ച സംഗീത സേവ ദിവ്യാനുഭവം തന്നെ...'', മല്ലാടി സഹോദരന്മാർ പറഞ്ഞു.

''ലോകമെമ്പാടും ഗോശാലകൾ കാണാം. പക്ഷേ, അവിടെയെവിടെയും ഇത്തരമൊരു അന്തരീക്ഷമില്ല. ശ്രീകൃഷ്ണപരമാത്മാവിന്‍റെ ഗോപൂജ സന്ദേശം കൃത്യമായി നടപ്പാക്കുന്ന ഗോകുലം ഗോശാല ലോകത്തിന് മാതൃകയാണ്. സമാധാനസന്ദേശമാണ് ഗോകുലം ലോകത്തിന് പകരുന്നത്. എല്ലാ ഗോശാലയിലും ഇതു പോലുള്ള കച്ചേരികൾ ഉണ്ടാവേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച്, യുദ്ധകലുഷിതമായ സമകാലിക സമൂഹത്തിൽ സംഗീതാർച്ചനയ്ക്ക് പ്രസക്തി വർധിച്ചു വരുകയാണ്. സർവ ചരാചരങ്ങളും ആസ്വദിക്കുന്ന സംഗീതം സർവ ലോകത്തിനും സുഖം ഭവിക്കാനുള്ള യജ്ഞം കൂടിയാണ്''.

ഗോശാലയിലെ കച്ചേരി അനുഭവത്തെക്കുറിച്ചും അവർ പറഞ്ഞു:

''സംഗീത ജീവിതത്തിൽ ഇത്തരമൊരു ദിവ്യാനുഭൂതി ഇതാദ്യമാണ്. ത്യാഗരാജ സ്വാമികൾ പാടിയതു പോലെ

ആ മാനുവലു സന്ദർശനം

അത്യന്തം ബ്രഹ്മാനന്ദമേ..

ഈ ലാഗനി

വിവരിമ്പലേനു

ചാല സ്വാനുഭവ വേദ്യമേ.... ലീലാ സൃഷ്ട ജഗത്രയമനേ.''

മല്ലാടി സഹോദരന്മാർ ഇരുവരും ഏകസ്വരത്തിൽ ത്യാഗരാജ സ്വാമികളുടെ കീർത്തനം ചൊല്ലിയാണ് ആ ദിവ്യാനുഭവത്തെ അടയാളപ്പെടുത്തിയത്.

കന്നഡത്തിൽ രചിച്ച സംഗീത പുസ്തക പ്രകാശന ചടങ്ങിലും മല്ലാടി ബ്രദേഴ്സ് പങ്കെടുത്തു. ത്യാഗരാജ കീർത്തനങ്ങളടക്കം കർണാടക സംഗീതത്തിലെ

അപൂർവ രാഗങ്ങളും കീർത്തനങ്ങളും പാടി ജനകീയമാക്കിയ മല്ലാടി സഹോദരന്മാരുടെ നിരവധി സംഗീത ആൽബങ്ങളുണ്ട്. സ്വദേശത്തും വിദേശത്തും ആയിരക്കണക്കിന്ന് കച്ചേരികൾ നടത്തി സഹൃദയ പ്രശംസപിടിച്ചു പറ്റിയ മല്ലാടി ബ്രദേഴ്സ് ഇതാദ്യമായാണ് ഗോകുലം ഗോശാല സംഗീതോത്സവത്തിലെത്തിയത്

130 കച്ചേരികൾ; 300 കലാപ്രതിഭകൾ

"പശുർവേത്തി ശിശുർ വേത്തി

വേത്തിഗാനരസംഫണി...."

അതെ പശുവും ശിശുവും പാമ്പും ഒരു പോലെ ആസ്വദിക്കുന്ന സംഗീതം- പത്തു ദിവസങ്ങളിലായി 100 ഗായകർ, 36 വയലിൻ വിദ്വാന്മാർ, 38 മൃദംഗ വാദകർ, 17 ഘടം കലാകാരന്മാർ, 22 തരം വാദ്യങ്ങൾ - 130 കച്ചേരികൾ.... സംഗീത കുലപതികളും ഉപകരണ സംഗീത വിദ്യാന്മാരും യുവപ്രതിഭകളുമടക്കം 300ൽ പരം കലാകാരന്മാർ പങ്കെടുത്ത അപൂർവ സംഗീതസദ്യ.

ബെൽജിയം, സിംഗപ്പൂർ, ഒമാൻ, ദുബായ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നും കേരളം, കർണാടകം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഗോമാതാ സംഗീതാർച്ചനയ്ക്ക് കലാകാരന്മാരെത്തിയത്. വയലിൻ വിദുഷി എ. കന്യാകുമാരി, 11ാം വയസ്സിൽ വയലിൻ കച്ചേരി നടത്തി ആസ്വാദക മനസിൽ സ്ഥാനം പിടിച്ച കുമാരി ഗംഗ, പ്രശസ്ത സിനിമാ സംഗീതജ്ഞൻ എമ്പാർ കണ്ണൻ ചെന്നൈ, വയലിൻ വീണ രംഗത്ത് പ്രശസ്തരായ കുമരേഷ് - ജയന്തി ദമ്പതികൾ, കർണാടക സംഗീത കുലപതി പട്ടാഭിരാമ പണ്ഡിറ്റ്, അഭിഷേക് രഘു ബംഗളുരു ബ്രദേഴ്സ്, ഡോ. എൻ.ജെ. നന്ദിനി, പ്രശസ്ത സംഗീതജ്ഞരായ എടയാർ ബ്രദേഴ്സ് തുടങ്ങിയ നിരവധി പ്രഗത്ഭർ ഇക്കുറി കച്ചേരിക്കെത്തിയിരുന്നു.

സംഗീത കുലപതി

പട്ടാഭിരാമ പണ്ഡിറ്റ്, കൃഷ്ണേന്ദു വഡേക്കർ എന്നിവരുടെ കർണാടക ഹിന്ദുസ്ഥാനി ജുഗൽ ബന്ദിയോടെ നവംബർ ഒന്നിന് ആരംഭിച്ച നാലാമത് ദശദിന ദീപാവലി സംഗീതോത്സവം പത്തിന് രാത്രി ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യവും സംഘവും അവതരിപ്പിക്കുന്ന നാമസങ്കീർത്തനത്തോടെയാണ് മംഗളം പാടി സമാപിക്കുന്നത്. ഭാഗവതഗ്രാമം സ്ഥാപകനും സപ്താഹ ആചാര്യനുമായ സ്വാമി ഉദിത് ചൈതന്യയടക്കമുള്ള ആധ്യാത്മിക ആചാര്യന്മാരും സംന്യാസിവര്യന്മാരും കലാസ്വാദകരുമടക്കം പ്രമുഖ വ്യക്തിത്വങ്ങൾ വിവിധദിവസങ്ങളിലായെത്തി.

അന്നലക്ഷ്മിയെയും ഭൂമിയെയും പൂജിച്ച് അന്നമയമായ കൃഷിഭൂമിയെ അമൃതസമാനമാക്കാൻ ദീപാവലി ഉത്സവത്തിൽ ഭാരതീയർ ഗോപൂജ അടക്കമുള്ള പ്രത്യേക അനുഷ്ഠാനങ്ങൾ നടത്താറുണ്ട്. ഗോമാതാ സേവയ്ക്ക് പക്ഷേ ദശദിന സംഗീതാർച്ചന നടത്തുന്ന ചടങ്ങ് ലോകത്ത് ഇതാദ്യമായി തുടങ്ങിയത് ഗോകുലം ഗോശാലയാണ്. ഗോകുലം ഗോശാല സാരഥികളായ പരമ്പര വിദ്യാപീഠം ആചാര്യനും ജ്യോതിഷ ഗവേഷകനുമായ ഡോ. വിഷ്ണു പ്രസാദ് ഹെബ്ബാറും സഹധർമിണിയും ഗവേഷകയും കെമിക്കൽ ബയോളജിസ്റ്റുമായ ഡോ. നാഗരത്ന ഹെബ്ബാറുമാണ് ദശദിന ദീപാവലി സംഗീതോത്സവം നിയന്ത്രിക്കുന്നത്.

സർവലോകത്തിനും സുഖം ഭവിക്കാൻ ഗോശാല മധ്യത്തിൽ പത്തു ദിവസം നീണ്ട അഖണ്ഡസംഗീതദീപാവലി ഉത്സവം ഒരുക്കി അത്യുത്തര കേരളത്തിലെ ഗോകുലം ഗോശാല ലോകചരിത്രത്തിൽ സ്ഥാനംപിടിച്ചിരിക്കുകയാണ്.

ഗോശാലപുരസ്കാരം യേശുദാസിന്

ഗോകുലം ഗോശാല പരമ്പര വിദ്യാപീഠം പുരസ്കാരം സംഗീത ചക്രവർത്തി ഡോ. കെ.ജെ. യേശുദാസിന് നല്കുമെന്ന് മാനേജിങ് ട്രസ്റ്റി ഡോ. വിഷ്ണുപ്രസാദും ഡോ. നാഗരത്ന ഹെബ്ബാറും അറിയിച്ചു. 51000 രൂപയും താമ്ര ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വിഖ്യാത നർത്തകി ഡോ. പദ്മസുബ്രഹ്മണ്യത്തിനായിരുന്നു കഴിഞ്ഞ വർഷം പുരസ്കാരം നല്കി ആദരിച്ചത്.

കൈക്കൊട്ടിക്കളി അധ്യാപിക ഗീതാ ശർമ ഗുരുവായൂരിന് ഗുരു പ്രതിഭാ പുരസ്കാരവും (25000) സിങ്കപ്പൂരിലെ മൃദംഗ വാദകൻ സിദ്ധാന്തിന് യുവപ്രതിഭ പുരസ്കാരവും നൽകും.

രാജസ്ഥാൻ ശംഭുകാള നന്ദി, ഗുജറാത്ത് ഗീർ രുഗ്മിണി, യശോദ കമല, ഹള്ളികാർ രമാമണി, കപില കാള, വെച്ചൂർ പശു, രാജസ്ഥാൻ കാൻക്രേജ്, തമിഴ്നാട് കാങ്കയം, ആന്ധ്ര ഓങ്കോൾ, കാസർഗോഡ് കുള്ളൻ തുടങ്ങി വിവിധ ദേശങ്ങളിൽ നിന്നുള്ള നാടൻ പശുക്കളും കാളകളുമായി 225 ഗോക്കളുണ്ട്. ഗോവർദ്ധനം, നന്ദിനി, നന്ദിലോകം എന്നിങ്ങനെ പേരിട്ട ശാലകളിലാണ് ഇവരെ പാർപ്പിക്കുന്നത്. നിശ്ചിത സമയങ്ങളിൽ മേയാൻ പുൽ മേടയിലേക്ക് വിടുന്നുമുണ്ട്. എല്ലാ ദിവസവും രാവിലെ 8.30 നും വൈകു ന്നേരം 6 നും ഗോരസ സേവയും ഒമ്പതിനും പന്ത്രണ്ടിനും ഗോപൂജയും സന്ധ്യക്ക് 6-30 മുതൽ 7.30 വരെ ഗോ ആരതിയുമുണ്ടാവും.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേരാണ് ഗോശാല സന്ദർശിക്കാനെത്തുന്നത്. കാസർഗോഡ് പെരിയ കേന്ദ്രസർവകലാശാലയ്ക്കു പടിഞ്ഞാറും ബേക്കൽ കോട്ടയ്ക്കു കിഴക്കുമായുള്ള ആലക്കോട്ട് എന്ന ഗ്രാമത്തിലാണ് ഗോകുലം ഗോശാല പരമ്പര വിദ്യാപീഠം.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും