ജിബി സദാശിവന്‍
കൊച്ചി: അറബിക്കടലിന്‍റെ റാണിയായ കൊച്ചിയെ അഴകിന്‍റെ റാണിയാക്കി മാറ്റുന്ന എറണാകുളം മറൈൻ ഡ്രൈവ് ഇനി ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ലൊക്കേഷനാകും. അബ്ദുള്‍ കലാം മാര്‍ഗ് മുതല്‍ വടക്കേ അറ്റത്തുള്ള ടാറ്റ കനല്‍ വരെയുള്ള നടപ്പാതയാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ലൊക്കേഷനാക്കി മാറ്റുന്നത്. നിശ്ചിത വാടക ഈടാക്കിയായിരിക്കും വിവാഹ ചടങ്ങുകള്‍ക്ക് സ്ഥലം അനുവദിക്കുക. പത്ത് ലക്ഷം രൂപ ചെലവഴിച്ച് ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് വിശാല കൊച്ചി വികസന അഥോറിറ്റി ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള മെട്രൊ വാര്‍ത്തയോടു പറഞ്ഞു.
മറൈൻ ഡ്രൈവിലെ നടപ്പാത ഉപയോഗിക്കുന്നവര്‍ക്കും ആസ്വാദകര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ലൊക്കേഷന്‍ ഒരുക്കുക. ടാറ്റ കനാലിനടുത്തുള്ള 140 സെന്‍റ് സ്ഥലം നിലവില്‍ കെട്ടിടാവശിഷ്ടങ്ങള്‍ കൊണ്ട് കുമിഞ്ഞു കൂടിയിരിക്കുകയാണ്. ഇവിടെ തത്കാലം പാർക്കിങ്ങിന് സൗകര്യമൊരുക്കും. ആദ്യഘട്ടമെന്ന നിലയില്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് പാർക്കിങ്ങിന് നല്‍കുകയും പിന്നീട് അനുയോജ്യമായ പദ്ധതികള്‍ നല്‍കാനുമാണ് ആലോചിക്കുന്നത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ലൊക്കേഷനായി മറൈന്‍ ഡ്രൈവ് മാറുമ്പോള്‍ ആവശ്യമായ പാർക്കിങ് സൗകര്യം കൂടി ഒരുക്കേണ്ടിവരും എന്ന കണക്കുകൂട്ടലിലാണ് ഇവിടം വികസിപ്പിക്കുക.
ടൂറിസം പ്രോത്സാഹനം, വാട്ടര്‍ഫ്രണ്ട് പുനരുജ്ജീവനം, സാംസ്കാരിക സംരക്ഷണം എന്നിവയ്ക്ക് സൗകര്യമൊരുക്കി മറൈന്‍ ഡ്രൈവില്‍ ഫ്ളോട്ടിങ് ബോട്ട് ജെട്ടി സ്ഥാപിക്കും. ഒരേ സമയം മുപ്പതോളം ബോട്ടുകള്‍ നിര്‍ത്തി വിനോദ സഞ്ചാരികളെ കയറ്റാനും ഇറക്കാനും കഴിയുന്ന തരത്തിലാകും നിര്‍മാണം. 'അറബിക്കടലിന്‍റെ റാണി അഴകിന്‍റെ റാണി' എന്ന പദ്ധതിയും മറൈൻ ഡ്രൈവിനു വേണ്ടി ഒരുങ്ങുന്നുണ്ട്. അന്‍പത് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി തയാറാക്കുന്നത്.
ഇതടക്കം മറൈന്‍ ഡ്രൈവിന്‍റെ സമഗ്ര സൗന്ദര്യവത്കരണത്തിനാണ് ജിസിഡിഎ തയാറെടുക്കുന്നത്. മറൈന്‍ ഡ്രൈവ് ഷോപ്പിംഗ് കോംപ്ലക്സില്‍ മള്‍ട്ടിപര്‍പ്പസ് സ്പേസ് ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്. കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്കും ചെറിയ പരിപാടികള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഇവിടത്തെ എഴുനൂറു ചതുരശ്ര അടി സ്ഥലം ഉപയോഗപ്പെടുത്താനാണ് ആലോചന.
ഇവിടെ നിന്നുള്ള കായല്‍ക്കാഴ്ച അതിമനോഹരമാണ്. ഇവിടെ പൊതു ഇടമാക്കി മാറ്റാനാണ് ആലോചിക്കുന്നത്. കൊച്ചിയുടെ പ്രധാന ടൂറിസം കേന്ദ്രമാക്കി മറൈന്‍ ഡ്രൈവിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് തയാറാക്കുന്നത്.