ന്യൂഡൽഹി: ഇരുപത്തേഴു വർഷത്തിനുശേഷം ലോകസുന്ദരി മത്സരത്തിന്റെ വേദി വീണ്ടും ഇന്ത്യയിലേക്ക്. എഴുപത്തൊന്നാം ലോസുന്ദരി മത്സരമാണ് ഈ വർഷം രാജ്യത്തു നടക്കുക. നവംബറിലാകും പരിപാടി. 1996ലായിരുന്നു ഇന്ത്യ ഇതിനു മുൻപ് ലോകസുന്ദരി മത്സരത്തിനു വേദിയായത്. അന്നു ബംഗളൂരുവിലായിരുന്നു മത്സരം.
130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ഒരു മാസം നീളുന്ന മത്സരത്തിൽ പങ്കെടുക്കുമെന്നു മിസ് വേൾഡ് ഓർഗവൈസേഷൻ സിഇഒയും ചെയർപെഴ്സണുമായ ജൂലിയ മോർലി. മിസ് വേൾഡ് ഓർഗനൈസേഷന്റേതിനു സമാനമായ മൂല്യങ്ങൾ നിലനിൽക്കുന്ന ഈ "മനോഹര രാജ്യത്തു വച്ചു തന്റെ കിരീടം കൈമാറുന്നതിൽ ആവേശം തോന്നുന്നുവെന്ന് സൗന്ദര്യമത്സരത്തിന്റെ പ്രചാരണത്തിനായി ഇന്ത്യയിലുള്ള ഇപ്പോഴത്തെ ലോകസുന്ദരി, പോളണ്ടിന്റെ കരോലിന ബിയലാവ്സ്ക പറഞ്ഞു. ഇത്തവണ മിസ് ഇന്ത്യ സിനി ഷെട്ടിയാണ് ഇന്ത്യയ്ക്കു വേണ്ടി മത്സരിക്കുന്നത്.
ഏഴു പതിറ്റാണ്ടിലെത്തിയ ലോകസുന്ദരി മത്സരത്തിൽ ആറു തവണയാണ് ഇന്ത്യ കിരീടം ചൂടിയത്. 1966ൽ റീത്ത ഫാരിയയായിരുന്നു ആദ്യ വിജയി. ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മുഖി (1999), പ്രിയങ്ക ചോപ്ര (2000), മാനുഷി ചില്ലാർ (2017) എന്നിവരാണ് റീത്തയെ കൂടാതെ ലോകസുന്ദരിപ്പട്ടം ഇന്ത്യലെത്തിച്ചത്.