Lifestyle

ആരോഗ്യമുള്ള ജനതയ്ക്ക് പഴമയുടെ സ്വന്തം ഇലക്കറികൾ

ആനക്കൊടിത്തൂവ (Laportea interrupta)

കേരളത്തിലാകമാനം കള സസ്യമായി കാണപ്പെടുന്നൊരു ചൊറിയണയിനമാണ് ആനക്കൊടിത്തൂവ. ആനച്ചൊറിയണം, ആനത്തൂവ, കുപ്പത്തുമ്പ എന്നീ പേരുകളിലും അറിയപ്പെടുന്ന ആനക്കൊടിത്തൂവ ചൊറിച്ചിലുണ്ടാക്കുന്നൊരു സസ്യമാണ്. ഉപദ്രവകാരിയായ ഒരു കള എന്നല്ലാതെ ഭഷ്യയോഗ്യമായൊരു ഔഷധ സസ്യമാണ് ഇതെന്ന് എത്ര പേർക്കറിയാം? തലച്ചോറിന്‍റെ പ്രവർത്തനം ഉദ്ദീപിപ്പിക്കാനും, ത്വക് രോഗങ്ങളും മുടി കൊഴിച്ചിലും തടയാനുള്ള ശേഷിയുമാണ്‌ ആനക്കൊടിത്തൂവയുടെ ഔഷധ ഗുണങ്ങൾ.

മുൻപ് ഇതിനെ കേരളത്തിലെല്ലായിടങ്ങളിലും ഭഷ്യാവശ്യത്തിനുപയോഗിച്ചു വന്നിരുന്നു. പരമ്പരാഗതമായി കർക്കിടക മാസത്തിൽ കഴിക്കാൻ ആയുർവേദം നിർദേശിച്ചിട്ടുള്ള പത്തില തോരനിലും മരുന്ന് കഞ്ഞിയിലും ആനക്കൊടിത്തൂവ ഒരു പ്രധാന ചേരുവയാണ്. വെള്ളത്തിൽ നല്ലവണ്ണം കഴുകിയാൽ കൈ ചൊറിയാതെ ഇതിനെ അരിഞ്ഞെടുക്കാൻ കഴിയും ആനക്കൊടിത്തൂവ തിളപ്പിച്ച്‌കഴിഞ്ഞാൽ പിന്നെ ചൊറിച്ചിൽ പമ്പ കടക്കും.

ആനക്കൊടിത്തൂവയുടെ ഉപയോഗങ്ങൾ

പത്തില ഔഷധ കഞ്ഞി: നെയ്യുണ്ണി, താള്, തകര, കുമ്പളം, മത്തൻ, വെള്ളരി, മുള്ളന്ചീര, ആനക്കൊടിത്തൂവ, ചീര, ചേമ്പ് എന്നിവയുടെ ഇലകളിട്ടു വേവിച്ച വെള്ളത്തിൽ അരിയിട്ടു കഞ്ഞി വയ്ക്കാം.

ചൊറിയണം തോരൻ: ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ ഉഴുന്നും കടുകുമിട്ട് മൂപ്പിക്കുക. അതിൽ ചിരകിയ തേങ്ങ, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, മുളക്, കറിവേപ്പില,മഞ്ഞൾപ്പൊടി എന്നീ ചേരുവകൾ ഇട്ടു വഴറ്റിയെടുക്കുക. പിന്നീട് ഇലയും പാകത്തിന് ഉപ്പും ചേർത്ത് പാത്രം അടച്ചു വച്ച് വേവിക്കുക. നിങ്ങളുടെ ചൊറിയണം തോരൻ തയ്യാറായിക്കഴിഞ്ഞു.

പത്തില തോരൻ: നെയ്യുണ്ണി, താള്, തകര, കുമ്പളം, മത്തൻ, വെള്ളരി, മുള്ളൻ ചീര, ആനക്കൊടിത്തൂവ, ചീര, ചേമ്പ് എന്നീ പത്തു സസ്യങ്ങളുടെ ഇലകൾ തന്നെയാണ് പത്തില തോരനുണ്ടാക്കാനും ഉപയോഗിക്കുന്നത്. ചൊറിയണം തോരനുണ്ടാക്കുന്നതു പോലെ തന്നെ പത്തില തോരനും തയാറാക്കാം.

ചൊറിയണം പരിപ്പിട്ടുകറി: പരിപ്പ്-100 ഗ്രാം, ചൊറിയണം- ഒരു പിടി, സവാള- 1, വെളുത്തുള്ളി- ഒരല്ലി, കറിവേപ്പില- ഒരു തണ്ട്, ഉപ്പ്, മുളകുപൊടി, എണ്ണ എന്നിവ ആവശ്യത്തിന്. പരിപ്പ് വെള്ളം കൂടുതലൊഴിച്ചു വേവിക്കുക. പകുതി വേവാകുമ്പോൾ കഴുകി വൃത്തിയാക്കിയ ചൊറിയണം ഇലയും ഉപ്പും ചേർത്ത് പത്തു മിനിട്ട് കൂടി വേവിക്കുക. വെള്ളം മുഴുവൻ വറ്റരുത്.ഒരു പാനിൽ എണ്ണ ചൂടാക്കി ചെറുതായിട്ടരിഞ്ഞ സവാളയും വെളുത്തുള്ളിയും കറിവേപ്പിലയും അതിലിട്ട് മൂപ്പിക്കുക. സവാള ബ്രൗണ്‍നിറമാകുമ്പോൾ മുളക് പൊടിയും ചേർത്തിളക്കുക.വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചൊറിയണവും ചേർത്തിളക്കി അടുപ്പിൽ നിന്നും വാങ്ങി വയ്ക്കാം. ചോറിന്‍റെയോ ചപ്പാത്തിയുടെയോ ഈ കറി ഉപയോഗിക്കാം.

പൊന്നിൻകുടങ്ങൾക്ക് പൊന്നാരവീരൻ (Coffee Senna)

പൊൻതകര, പൊന്നാര വീരം, പൊന്നാരം എന്നൊക്കെ അറിയപ്പെടുന്ന ഈ ചെടി തകര വർഗത്തിൽ പെടുന്നു.ഇതിന്‍റെയും ഇലയും പൂവുമെല്ലാം കറിവയ്ക്കാം. ഇതിൽ സ്വർണം അടങ്ങിയിരിക്കുന്നതിനാൽ കുഞ്ഞുങ്ങൾക്ക് ബുദ്ധി വികാസത്തിന് അത്യുത്തമമെന്ന് ആയുർവേദം പറയുന്നു.തന്നെയല്ല ഓർമശക്തി വർധിക്കുന്നതിനും ഇത് വളരെ നല്ലതാണ്.

നമുക്ക് ഇതിന്‍റെ ഒരു പാചകക്കുറിപ്പു കൂടി നോക്കാം:

തകര പൂവ്- ഒരു പിടി, ചെറിയഉള്ളി അരിഞ്ഞത്-അഞ്ചാറെണ്ണം, പച്ചമുളക് അരിഞ്ഞത്- രണ്ടെണ്ണം,മഞ്ഞള്‍പൊടി- അര ടീസ്പൂൺ,ഉപ്പ് - പാകത്തിന്

തേങ്ങ ചുരണ്ടിയത്- കാൽമുറി, കറിവേപ്പില- ഒരു തണ്ട്, കോഴി മുട്ട - രണ്ട്

കടുക്-അര ടീസ്പൂൺ.

ചീന ചട്ടി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടി വരുമ്പോൾ മഞ്ഞള്‍പൊടി,മുളക്, തേങ്ങ, ഉപ്പ്, കറിവേപ്പില എന്നിവ ഇട്ടു ചെറുതായി വഴറ്റുക. മുട്ട പൊട്ടിച്ച് ഒഴിക്കുക ചിക്കി എടുകുക മുക്കാല്‍വേവായാല്‍പൂവ് ചേര്‍ക്കുക. തോരന്‍റെഡി.ഇതിൽ ഇലയും ചേർക്കാം.ഇല ചേർക്കുന്നുണ്ടെങ്കിൽ തേങ്ങ വാട്ടിയയുടൻ ഇല അരിഞ്ഞത് ചേർത്ത് അവസാനം മാത്രമേ പൂവ് അരിഞ്ഞത് ചേർക്കാവൂ.

ബുദ്ധിച്ചീര കുടകൻ (Centella asiatica)

ഇനി നമുക്ക് ബുദ്ധിയെയും ഹൃദയത്തെയും ഒരുപോലെ സംരക്ഷിക്കുന്ന ഒരു ഇലച്ചമ്മന്തി പരിചയപ്പെടാം.മറ്റൊന്നുമല്ല, വയലോരങ്ങളിലെല്ലാം പാഴായി വളരുന്ന കുടങ്ങലാണ് ഈ താരം.കുടകൻ,മുത്തിൾ എന്നെല്ലാം പേരുള്ള ഈ കുഞ്ഞൻ ബൗദ്ധികനിലവാരം ഉയർത്തുന്നതിലും ഓർമശക്തി വർധിപ്പിക്കുന്നതിലും അൽഷിമേഴ്സിനെ ചെറുക്കുന്നതിലും ഹൃദയാരോഗ്യ സംരക്ഷണത്തിലുമെല്ലാം ബ്രഹ്മിയെക്കാൾ മുന്നിലാണ്.ഇതിന്‍റെ രണ്ടില ദിവസവും കഴിച്ചാൽ ദീർഘകാലം ഓജസുറ്റ ബൗദ്ധികനിലവാരത്തോടെ ജീവിക്കാം.ഇത് പച്ചയ്ക്ക് ഉപ്പും മുളകും ചേർത്ത് ചമ്മന്തിയരച്ച് കറിയാക്കിയും ഉപയോഗിക്കാം.

ഓട്ടിസം പോലെയുള്ള മഹാരോഗങ്ങളെ ചെറുക്കാൻ ഇത്തരം പരമ്പരാഗത ഭക്ഷണങ്ങൾ കേരളജനതയെ പണ്ടു സഹായിച്ചിരുന്നു. പ്രത്യേകിച്ച് ഗർഭിണികൾക്കും കുട്ടികൾക്കും ഇത് അത്യുത്തമമാണെന്നു പറയേണ്ടതില്ലല്ലോ. വൈകിയിട്ടില്ല,നമുക്കും അവരുടെ ഈ ആരോഗ്യ പാത പിന്തുടരാം.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു