കൊച്ചി: കേരളത്തിന്‍റെ കര്‍ഷക പാരമ്പര്യത്തെയും പുരാതന കൊല്ലവര്‍ഷം കലണ്ടറിനെയും അടയാളപ്പെടുത്തുന്ന 'കാലത്തിന്‍റെ സ്വര്‍ണ്ണനൂല്‍: ആഘോഷത്തിന്‍റെ 1200 വര്‍ഷങ്ങള്‍' എന്ന പ്രദര്‍ശനം ശ്രദ്ധേയം. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ മന്ത്രി പി. രാജീവാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.
കേരളത്തിന്‍റെ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാണ് പ്രദര്‍ശനം. കഠിനമായ ജീവിത യാഥാര്‍ഥ്യങ്ങളെ വരച്ചു കാട്ടുന്നതാണ് പ്രദര്‍ശനത്തിലെ ചിത്രങ്ങളെന്നു മന്ത്രി. ഡെസ്‌ക് ടോപ്പ് കൊല്ലവര്‍ഷ കലണ്ടറും ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. പ്രദര്‍ശനത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടറും ഫോട്ടോഗ്രാഫറുമായ ജിന്‍സണ്‍ എബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കോസ്റ്റ്യൂം ആൻഡ് സ്റ്റൈലിംഗ് ഡിസൈനർ ഹബേല ജോസഫ്, ആര്‍ട്ട് ഡയറക്ടര്‍ മാളവിക രാജീവ്, കലണ്ടറിന്‍റെ ഉല്‍പ്പന്ന പാക്കേജിംഗ് നിര്‍വഹിച്ചിരിക്കുന്ന നിധി ജേക്കബ്ബ്. കോസ്റ്റ്യൂം പ്രൊഡക്ഷന്‍ ദിനു എലിസബത്ത് റോയി, മോഡല്‍ അതുല്യ രവീന്ദ്രകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൊല്ലവര്‍ഷം കലണ്ടറും കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായിരുന്ന കയര്‍ ഉല്‍പ്പാദനവും അടിസ്ഥാനമാക്കി ഫോട്ടോഗ്രാഫിയും പെയിന്‍റിംഗും ചേര്‍ത്ത് തയ്യാറാക്കിയിട്ടുള്ള കലാസൃഷ്ടിയാണ് പ്രദര്‍ശനത്തിൽ.
മറന്നു പോയ മലയാള അക്കങ്ങളെ ഓര്‍മപ്പെടുത്തുകയെന്നതാണ് കൊല്ലവര്‍ഷ കലണ്ടറിലൂടെ ഉദ്ദേശിക്കുന്നത്. പഴയലിപിയിലുള്ള ഒന്നു മുതല്‍ ഒമ്പതുവരെയുള്ള അക്കങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന കൊല്ലവര്‍ഷ കലണ്ടര്‍ പുതിയ രീതിയില്‍ തയാറാക്കി അവതരിപ്പിച്ചിരിക്കുകയാണ്. ചുവര്‍ചിത്ര കലാകാരന്മാർ ഉപയോഗിച്ച് കൈകൊണ്ടു വരച്ചാണ് 12 മാസങ്ങള്‍ അടങ്ങിയ കൊല്ലവര്‍ഷ കലണ്ടര്‍ നാലടി വലുപ്പമുള്ള ക്യാന്‍വാസില്‍ തയാറാക്കിയത്. ബില്‍ബോര്‍ഡ് കലാകാരന്മാരായ പ്രമോദ്, നരേന്ദ്രന്‍, മനോജ് എന്നിവര്‍ മുന്നാഴ്ചകൊണ്ടാണ് കലണ്ടര്‍ വരച്ചത്. കയര്‍ തൊഴിലാളികളോടുള്ള ആദരസൂചകമായി കയര്‍ ആണ് കലണ്ടറിന്‍റെ തീം ആയി എടുത്തിട്ടുള്ളത്.