അത്തച്ചമയം ഘോഷയാത്ര: ചമഞ്ഞൊരുങ്ങി തൃപ്പൂണിത്തുറ 
Onam Carnival

അത്തച്ചമയം ഘോഷയാത്ര: ചമഞ്ഞൊരുങ്ങി തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ വെള്ളിയാഴ്ച അത്തച്ചമയം ഘോഷയാത്ര. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന ചിങ്ങമാസത്തിലെ അത്തം നാളിലാണ് അത്തച്ചമയം ഘോഷയാത്ര നടക്കുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷത്തിന്‍റെ തുടക്കം കൂടിയാണ് ഈ സാംസ്‌കാരികോത്സവം.

അത്തം നാളില്‍ കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി, സൈന്യ സമേതനായി, പ്രജകളെ കാണാന്‍ തൃപ്പൂണിത്തുറയിലെ വീഥികളില്‍ കൂടി നടത്തിയിരുന്ന ഘോഷയാത്രയുടെ തുടർച്ചയാണിത്. കേരളത്തിലെ മിക്കവാറും എല്ലാ നാടന്‍ കലാരൂപങ്ങളുടെയും സാന്നിദ്ധ്യമാണ് ഇതിന്‍റെ സവിശേഷത. നെറ്റിപ്പട്ടം കെട്ടിയ ആനകളും വാദ്യാഘോഷങ്ങളും അകമ്പടി സേവിക്കും.

1949-ല്‍ തിരു-കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിര്‍ത്തിയെങ്കിലും 1961-ല്‍ ഓണം സംസ്ഥാനാഘോഷമായതോടെ അത്തച്ചമയം ബഹുജനാഘോഷമായി വീണ്ടും തുടങ്ങി. മുന്‍പ് ഹില്‍ പാലസില്‍ നിന്ന് തുടങ്ങിയിരുന്ന ഘോഷയാത്ര ഇപ്പോള്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ അത്തം നഗറില്‍ നിന്ന് തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്നു.

രാജകീയ അത്തച്ചമയം മൂന്ന് ദിവസത്തെ ചടങ്ങുകളോടെയാണ് നാലാം ദിവസം അത്തച്ചമയ ഘോഷയാത്രയിലേക്ക് എത്തിയിരുന്നത്. അതിനു മുമ്പ് തന്നെ അത്തച്ചമയം ദേശമറിയിക്കല്‍ ചടങ്ങ് ആനപ്പുറത്ത് പെരുമ്പറ കൊട്ടി അറിയിച്ചിരുന്നു. മതസൗഹാര്‍ദത്തിന്‍റെ പ്രതീകമായി കക്കാട്ടു കാരണവപ്പാടും, നെട്ടൂര്‍ തങ്ങളും കരിങ്ങാച്ചിറ കത്തനാരും രാജാവിനെ കാണാനെത്തും.

തുടര്‍ന്ന് വീരാളിപ്പട്ടുടുത്ത് തങ്കത്തലപ്പാവണിഞ്ഞ് കൊച്ചിരാജാവ് പല്ലക്കിലേറും. തുടര്‍ന്നാണ് ഘോഷയാത്ര നടത്തിയിരുന്നത്. ഘോഷയാത്രക്കു ശേഷം സദ്യയും പാരിതോഷികങ്ങളും നല്കും. അന്നേ ദിവസം സര്‍വ്വജന സദ്യയും ഉണ്ടാകുമായിരുന്നു.

ഗതകാലങ്ങളിലെ സ്മരണീയങ്ങളായ നിമിഷങ്ങള്‍, മതസൗഹാര്‍ദ്ദത്തികൊടി കൂടി പ്രതീകമായി ഓണക്കാലത്ത് എല്ലാ വര്‍ഷവും ആഘോഷിക്കപ്പെടുകയാണ് അത്തച്ചമയ ഘോഷയാത്രയിലൂടെ.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം