Interest on personal loans will increase 
Lifestyle

പേഴ്സണൽ ലോണുകളുടെ പലിശ കൂടും

വായ്പാ പലിശയിൽ വർധന വരുത്താൻ ബാങ്കുകളുടെ നീക്കം

ബിസിനസ് ലേഖകൻ

കൊച്ചി: ഈടില്ലാത്ത വായ്പകളുടെ പലിശ നിരക്ക് വീണ്ടും കൂടാന്‍ സാഹചര്യമൊരുങ്ങുന്നു. വ്യക്തിഗത, കണ്‍സ്യൂമര്‍, ഇന്‍സ്റ്റന്‍റ് ഡിജിറ്റല്‍ എന്നീ മേഖലകളില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന വായ്പകളുടെ പലിശ നിരക്ക് ഒന്നര ശതമാനം വരെ കൂടാനാണ് സാധ്യത. ഈടില്ലാത്ത വായ്പകളുടെ റിസ്ക് വെയ്റ്റേജ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് വർധിപ്പിച്ചിരുന്നു. ഇതോടെ മതിയായ ഈടുകള്‍ സ്വീകരിക്കാതെ വായ്പകള്‍ നല്‍കുമ്പോള്‍ അധിക ബാധ്യതയുണ്ടാകുമെന്നതിനാല്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിര്‍ബന്ധിതരാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

നഷ്ടസാധ്യതകള്‍ കൂടുതലുള്ളതിനാല്‍ ഇത്തരം വായ്പകള്‍ നല്‍കുമ്പോള്‍ ബാങ്കുകള്‍ കരുതലായി സൂക്ഷിക്കുന്ന പണത്തില്‍ 25 ശതമാനം വരെ വർധന വരുത്തണമെന്നാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ള നിര്‍ദേശം ഈടില്ലാത്ത ഉപഭോക്തൃ വായ്പകളുടെ റിസ്ക്ക് വെയ്‌റ്റേജ് 100 ശതമാനത്തില്‍ നിന്നും 125 ശതമാനമായാണ് ഉയര്‍ത്തിയത്. വായ്പകള്‍ കിട്ടാക്കടമാകാന്‍ സാധ്യത കൂടുന്നതിനനുസരിച്ച് ബാങ്കുകള്‍ കൂടുതല്‍ തുക കരുതലായി സൂക്ഷിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ വ്യക്തിഗത വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ ഈടാക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ഫെബ്രുവരി 29 മുതല്‍ പുതിയ നിബന്ധന നിലവില്‍ വരും.

കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി മുന്‍നിര ധനകാര്യ സ്ഥാപനങ്ങളേറെയും ഇന്‍സ്റ്റന്‍റ് ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്നതിന് പുതിയ സാഹചര്യം വെല്ലുവിളി സൃഷ്ടിക്കും. ഇതിനുപുറമേ നിലവിലുള്ള വായ്പകളുടെ തിരിച്ചടവ് സാധ്യത വിലയിരുത്തി അധികവായ്പകള്‍ നല്‍കുന്ന എവര്‍ഗ്രീനിങ് നടപടികള്‍ക്കും റിസര്‍വ് ബാങ്ക് മൂക്കുകയറിടാന്‍ ഒരുങ്ങുകയാണ്. ഈടില്ലാ വായ്പകളുടെ അസാധാരണമായ വളര്‍ച്ച ബാങ്കുകളുടെ നിലനില്‍പ്പ് വരെ അവതാളത്തിലാക്കുമെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു.

അതേസമയം റിസര്‍വ് ബാങ്കിന്‍റെ പുതിയ നടപടികള്‍ വ്യക്തിഗത വായ്പകളുടെ അനാരോഗ്യകരമായ വളര്‍ച്ച നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ചെയര്‍മാന്‍ ദിനേഷ് ഖാര ഇന്നലെ ലോക സാമ്പത്തിക ഫോറത്തില്‍ പറഞ്ഞു. റീട്ടെയ്‌ൽ വായ്പകളില്‍ 30 ശതമാനത്തിലധികം വളര്‍ച്ച ദൃശ്യമാകുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?