Lifestyle

'കേരളത്തെ വെൽനെസ്സ്, ഫിറ്റ്നസ് ഹബ്ബാക്കി മാറ്റും'; മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ കേരളത്തെ മികച്ച വെൽനെസ്സ്, ഫിറ്റ്നസ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ കായിക മികവിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ഉദ്ദേശത്തോടെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാല് ദിവസങ്ങളിലായി നടക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടി (ഇന്‍റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള) ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്‍റെ കായിക ചരിത്രത്തിൽ ആദ്യമായി കായിക നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ ദേശീയ, അന്തർദേശീയ കായിക വിദഗ്ധരും നിക്ഷേപകരും സംരംഭകരും പങ്കെടുക്കും.

രാജ്യത്ത് ആദ്യമായൊരു സംസ്ഥാനം കായിക മേഖലയിൽ സമ്പൂർണ കായിക നയം രൂപപ്പെടുത്തി ദേശീയ കായിക ചരിത്രത്തിൽ പുത്തൻ അധ്യായം രചിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. "ദേശീയ കായിക ചരിത്രത്തിൽ സമ്പന്നവും സവിശേഷവുമായ സ്ഥാനമാണ് കേരളത്തിനുള്ളത്. മികച്ച കായിക താരങ്ങളെ വാർത്തെടുത്തു നിരവധി വേദികളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ പാരമ്പര്യവും നമുക്കുണ്ട്. ഇവരുടെ കഴിവുകൾ അന്താരാഷ്ട്ര തലത്തിൽ കേരളത്തിന് വലിയൊരു മേൽവിലാസം നേടിതന്നു. ഇതിനെയെല്ലാം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന പുതിയ കായിക നയം ഈ മേഖലയുടെ സമൂല ഉയർച്ചയ്ക്ക് കാരണമാകും. കായിക സമ്പത്ത് വ്യവസ്ഥ എന്ന പുത്തൻ ആശയത്തിലൂടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വികേന്ദ്രീകരണ കായിക ആസൂത്രണ പദ്ധതികൾ നടപ്പിലാക്കും. അതത് പ്രദേശങ്ങളിലെ കായിക ആവിശ്യങ്ങളും അവ നടപ്പിലാക്കാനുള്ള സാഹചര്യങ്ങളും തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്യുന്നത്. സ്വകാര്യ സംരംഭകരേയും സ്റ്റാർട്ടപ്പുകളെയും കായിക മേഖലയിലേക്ക് ആകർഷിപ്പിക്കാൻ ഈ ഉച്ചകോടിയും അതിന്റെ ഭാഗമായി നടക്കുന്ന ചർച്ചകളും ഉപകരിക്കും."- മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരേയും ഉൾക്കൊള്ളുന്ന സ്‌പോർട്സ് മാറ്റത്തിനു വേണ്ടിയുള്ള സ്പോർട്സ് എന്ന രണ്ട് അടിസ്ഥാന കാഴ്ചപ്പാടുകളിലൂന്നിയാണ് കായിക നയം രൂപീകരിക്കുന്നതെന്ന് കായിക വകുപ്പ് മന്തി വി അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രകടന പത്രികയിൽ പറഞ്ഞ, കായിക വകുപ്പുമായി ബന്ധപ്പെട്ട 17 വിവിധയിന പരിപാടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. "കായിക മികവിന്റെ പാരമ്യത്തിലേക്ക് കേരളത്തെ എത്തിക്കാനുള്ള അടിസ്ഥാന കാഴ്ചപ്പാടിൻ്റെ ഭാഗമായാണ് ഇത്തരമൊരു ഉച്ചകോടി നടത്തുന്നത്. ഹോം സ്പോർട്സ്, കമ്മ്യൂണിറ്റി സ്പോർട്സ്, വുമൺ സ്പോർട്സ് എന്നിവയിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് കായിക മേഖലയിൽ നടത്താൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഒരു മാതൃക നടപ്പാത, ഓപ്പൺ ജിംനേഷ്യം, നീന്തൽ പരിശീലന കേന്ദ്രം എന്നിവയും ആരംഭിക്കും."- മന്ത്രി പറഞ്ഞു.

ബി സി സി ഐയുമായി ചേർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ, 40,000 പേർക്ക് ഇരിക്കാവുന്ന അന്തരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പണിയും. കൊച്ചിയിലെ ചെങ്ങമനാട്ടിലാണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്. കേരളത്തിലെ ആദ്യ കാർബൺ ന്യൂട്രൽ സ്‌പോർട്സ് സിറ്റി സ്റ്റേഡിയമാകും ഇത്. ഇൻഡോർ, ഔട്ട്ഡോർ പരിശീലന സൗകര്യം, സ്പോർട്സ് അക്കാഡമി, റിസർച്ച് സെൻ്റർ, എക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്ക്, സ്പോർട്സ് മെഡിസൻ, ഫിറ്റ്നസ് സെൻ്റർ, ഇ- സ്പോർട്സ് അരീന, എന്റര്‍ടെയ്ന്‍മെന്റ്‌ സോൺ ക്ലബ്ബ് ഹൗസ് എന്നീ സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം നിർമിക്കുന്നത്. പുതിയ സ്റ്റേഡിയത്തിനും നിലവിലുള്ളവ നവീകരിക്കുന്നതിനുമായി 1200 കോടി രൂപ വകയിരുത്തും. കൊച്ചി, കോഴിക്കോട്, തൃശൂർ, പത്തനംതിട്ട എന്നിവടങ്ങളിൽ ഡൊമസ്റ്റിക് സ്റ്റേഡിയങ്ങളും നിലവിലുള്ള വികസിപ്പിക്കുന്നതിനുമായി 450 കോടിയുടെ പദ്ധതികൾ പുരോഗമിക്കുകയാണ്.

മീരാൻ ഗ്രൂപ്പും സ്കോർലൈൻ സ്പോർട്സും കേരള ഫുട്ബോൾ അസോസിയേഷനുമായി ചേർന്ന് 8 സ്റ്റേഡിയങ്ങളും 4 ഫുട്ബോൾ അക്കാദമികളുടെ വികസനത്തിനുമായി 800 കോടിയുടെ പദ്ധതിക്ക് സന്നദ്ധത അറിയിച്ചു. കേരളത്തിൽ ഇ- സ്പോർട്സ് വികസിപ്പിക്കുന്നതിനു രാജ്യത്തെ പ്രമുഖ ഇ- സ്പോർട്ടിംഗ് കമ്പനികളായ നോ സ്കോപ്പിംഗ്, ബീറ്റാ ഗ്രൂപ്പും ചേർന്ന് 350 കോടി രൂപയുടെ പദ്ധതികൾക്ക് സന്നദ്ധത പ്രകടിപ്പിച്ചു.

യുവജനങ്ങൾക്കിടയിലെ ലഹരി ഉപയോഗത്തെ തടയാൻ കായിക മേഖലയിലെ അവരുടെ പങ്കാളിത്തം കൊണ്ട് കഴിയുമെന്നു സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. അഞ്ചാം ക്ലാസ്സ് മുതൽ കായിക പ്രാധാന്യത്തെക്കുറിച്ചു കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്തി വി ശിവൻകുട്ടി പറഞ്ഞു.

റവന്യു മന്ത്രി കെ. രാജൻ, കൃഷി മന്ത്രി പി. പ്രസാദ്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, എം എൽ മാരായ കടകംപ്പള്ളി സുരേന്ദ്രൻ, വി. ജോയി, വി. കെ പ്രശാന്ത് , കെ. അൻസാലൻ, സി കെ ഹരീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, ചീഫ് സെക്രട്ടറി വി. വേണു ഐ എ എസ്, കായിക- യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതി നാഥ്‌ ഐഎഎസ്, ഒളിമ്പ്യൻ അശ്വിനി നച്ചപ്പ എന്നിവർ പങ്കെടുത്തു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ