റീന വർഗീസ് കണ്ണിമല
മത്തങ്ങ വിഭവങ്ങളുടെ പരമ്പരയിൽ ഇന്നൊരു കിടിലൻ ബൺ പരിചയപ്പെടാം.
ആവശ്യമുള്ള ഘടകങ്ങൾ:
മത്തങ്ങ വേവിച്ചുടച്ചത്-260 ഗ്രാം
മുട്ട ഒന്ന്
ഉപ്പ്ഒരു ടീസ്പൂൺ
ഇൻസ്റ്റന്‍റ് യീസ്റ്റ് നാലു ടീസ്പൂൺ
പഞ്ചസാര നാലു ടീസ്പൂൺ
മൈദ നാനൂറു ഗ്രാം
വെജിറ്റബിൾ ഓയിൽ 30 മില്ലി
അലങ്കരിക്കാൻ
എള്ള് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം:
വേവിച്ചുടച്ച മത്തങ്ങയിൽ രണ്ടാം ചേരുവകൾ ചേർത്ത് നന്നായിളക്കുക.ശേഷം മൂന്നാം ചേരുവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.അഞ്ചാറു മിനിറ്റ് നന്നായി ഇളക്കി അത് ഇലാസ്റ്റിക് പരുവം എത്തുമ്പോൾ എണ്ണ ചേർത്ത് വീണ്ടും നന്നായി കുഴച്ച് നല്ല ഒരു ബോളാക്കി മാറ്റി അതിന്‍റെ പുറത്ത് കുറച്ച് എണ്ണ കൂടി പുരട്ടി ഒരു അടപ്പുപയോഗിച്ച് ഒരു മണിക്കൂർ നേരം അത് പുളിച്ചു പൊങ്ങി വരാനായി മൂടി വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം വീണ്ടും അതെടുത്ത് എട്ടുരുളകളാക്കി വീണ്ടും പതിനഞ്ചു മിനിറ്റു കൂടി പൊങ്ങി വരാനായി മൂടി വയ്ക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം അവയുടെ നടുക്ക് ഒരു കുഴിയൻ തവിയുടെ നനഞ്ഞ പുറം ഭാഗം കൊണ്ട് അമർത്തി ഓരോ ചെറിയ കുഴികളുണ്ടാക്കി അവയിൽ എള്ള് വിതറുക. എന്നിട്ട് ചൂടാക്കിയ നോൺസ്റ്റിക് ഫ്രൈയിങ് പാനിൽ ചെറുതീയിൽ മൂടി വച്ച് ഫ്രൈ ചെയ്ത് എടുക്കുക. അഞ്ചാറു മിനിറ്റ് കൂടുമ്പോൾ തിരിച്ചും മറിച്ചുമിട്ട് പതിയെ ഫ്രൈ ചെയ്തെടുത്തു വേണം ഉപയോഗിക്കാൻ. ഹെൽത്തി-ഹോംലി-പംപ്കിൻ ബൺ റെഡി!
(കൂടുതൽ മത്തങ്ങ വിഭവങ്ങൾ അടുത്ത ദിവസം)