ശിവചൈതന്യം നിഞ്ഞുനില്‍ക്കുന്ന നാളുകളാണ് ശിവരാത്രി ദിനങ്ങൾ. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു. ആലുവ മണപ്പുറം ശിവരാത്രി ആഘോഷങ്ങൾക്ക് തയ്യാറെടുത്തു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളെല്ലാം മണപ്പുറത്ത് പൂർത്തിയായി. അമ്യൂസ്മെന്‍റ് പാർക്കും 200 ഓളം സ്റ്റാളുകളും ആഘോഷങ്ങളുടെ ഭാഗമായി മണപ്പുറത്ത് ഉണ്ടാകും.
വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് മണപ്പുറത്ത് ആഘോഷപരിപാടികൾ നടത്തുന്നത്.
ഇന്നു ശിവരാത്രി ദിവസത്തിൽ ആലുവ മണപ്പുറത്തേയ്ക്ക് എത്തുന്ന ഭക്തർക്കായി പ്രത്യേക ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭക്തരുടെ സൗകര്യരാർഥം കെഎസ്ആർടിസിയുടെ 250 ബസുകൾ പ്രത്യേക സർവീസ് നടത്തുന്നുണ്ട്. ഇവയ്ക്ക് പുറമേ ട്രെയിനുകളും കൊച്ചി മെട്രോയും സ്വകാര്യ ബസും പ്രത്യേക സർവീസ് നടത്തുന്നുണ്ട്.
അതേസമയം വരുന്ന ഒരുമാസത്തോളം ആലുവ മണപ്പുറത്തേയും നഗരത്തിലേയും ക്രമസമാധാന പരിപാലനവും ട്രാഫ്രിക് നിയന്ത്രണവും ജില്ലാ പോലീസ് മോധാവിയുടെ നേതൃത്വത്തിലായിരിക്കും. ശിവരാത്രി ദിനത്തിൽ ആലുവയുടെ വിവിധ ഭാഗങ്ങളിലായി 1200 ഓളം പോലീസുകാരെ വിന്യസിക്കും. ഒപ്പം മണപ്പുറത്ത് എത്തുന്ന ജനങ്ങൾക്ക് വൈദ്യസഹായം മറ്റും ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയിൽ നിന്നുള്ള പ്രത്യേക സംഘവും സ്ഥലത്ത് ഉണ്ടാകും.
ശിവരാത്രി ദിവസത്തിൽ ആലുവ നഗരത്തിൽ ഡ്രൈഡേ പ്രഖ്യാപിക്കാനും ജില്ലാ ഭരണകുടം തീരുമാനിച്ചിട്ടുണ്ട്. നിരോധിന ലഹരിവസ്തുകൾ പിടികൂടാനും പ്രത്യേക സ്ക്വാഡിനെ രൂപികരിക്കും. ഭക്തരുടെ സുരക്ഷയുടെ ഭാഗമായി അടിയന്തര ഘട്ടത്തിൽ രക്ഷാപ്രവർത്തനം ആവശ്യമായി വന്നാൽ മുങ്ങൽ വിദഗ്ധരും ഫയർ ഫോഴ്സിന്‍റെ സ്കൂബ ഡൈവിങ് സിവിൽ ഡിഫൻസേഴ്സും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അതേസമയം ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ആലുവ നഗരസഭയുടെ ആഭിമുഖ്യത്തിൽ കലാ - സാംസ്കാരിക പരിപാടിയായ ദൃശ്യോത്സവം ഇത്തവണയും ഉണ്ടാകും.