#അഡ്വ. ചാര്‍ളി പോള്‍
"ആത്മഹത്യ ചെയ്യാനുള്ള ഒരു മികച്ച മാര്‍ഗമാണ് സിഗരറ്റ് '' എന്ന കുര്‍ട്ട് വൊ നെഗട്ടിന്റെ വാക്കുകളിലുണ്ട് പുകവലിയുടെ ഭീകരത. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വര്‍ഷം തോറും പുകവലി മൂലം മരിക്കുന്നവരുടെ എണ്ണം ഏകദേശം 8 ദശലക്ഷമാണ്. അതായത് ഓരോ സെക്കൻഡിലും ഭൂമുഖത്ത് ശരാശരി ഒരാള്‍ വീതം പുകവലി മൂലം മരിക്കുന്നു.
ഇന്ത്യയില്‍ ഓരോ വര്‍ഷവും 89 ലക്ഷം പേര് പുകയില മൂലം മരിക്കുന്നു. ആകെ ഉണ്ടാകുന്ന ക്യാന്‍സറിന്റെ 40 ശതമാനവും പുകയില മൂലമാണെന്ന് കണക്കാക്കപ്പെടുന്നു. ദിവസേന 2,200 പേര് ഇന്ത്യയില്‍ പുകയില ജന്യമായ രോഗങ്ങള്‍ മൂലം മരിക്കുന്നുണ്ട്. കേരളത്തില്‍ പ്രതിവര്‍ഷം 25,000 പേര്‍ക്ക് പുതുതായി ക്യാന്‍സര്‍ ബാധയുണ്ടാകുന്നു. കേരളത്തില്‍ ഇപ്പോള്‍ ശ്വാസകോശരോഗികള്‍ 12 ലക്ഷമുണ്ട്. തിരുവനന്തപുരത്തെ റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ എത്തുന്ന രോഗികളില്‍ 51 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളും പുകവലി മൂലം ക്യാന്‍സര്‍ ബാധിച്ചവരാണ്. 87 ശതമാനം ശ്വാസകോശ അര്‍ബുദങ്ങള്‍ക്കും കാരണം പുകവലിയാണ്.
ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും പുകവലി നേരിട്ടും അല്ലാതെയും ബാധിക്കുന്നു. ചുമയില്‍ ആരംഭിച്ച് തൊണ്ടയിലെ അസ്വസ്ഥതക്കൊപ്പം വായ്നാറ്റത്തിനും വസ്ത്രങ്ങളിലെ ദുര്‍ഗന്ധത്തിനും പല്ലിന്റെ നിറവ്യത്യാസത്തിനും ഇത് കാരണമാകുന്നു. കാലക്രമേണ ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, അള്‍സര്‍, ബ്രൊങ്കൈറ്റിസ്, ന്യൂമോണിയ, സ്ട്രോക്ക്, പലതരത്തിലുള്ള അര്‍ബുദങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ ഗുരുതരമായ അവസ്ഥകളുണ്ടാകും. പുകവലിക്കുന്നവരെപ്പോലെ പുകവലിക്കാര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും രോഗബാധയ്ക്കുള്ള സാധ്യതയുണ്ട്. വലിക്കുന്ന ആളുകളുടെ അടുത്തിരിക്കുന്നവര്‍ അവരറിയാതെ വിഷപ്പുക ശ്വസിക്കാനിടവരുന്നു. ഇപ്രകാരുമള്ള പുകവലിയെ നിഷ്ക്രിയ ധൂമപാനം (Passive Smoking) എന്ന് വിളിക്കുന്നു. പുകവലിക്കുന്നവര്‍ പുറത്തേക്ക് ഊതി വിടുന്ന പുകയില്‍ 4,000ത്തിലധികം രാസപദാർഥങ്ങളുണ്ട്. ഇതില്‍ 40 എണ്ണം ക്യാന്‍സര്‍ ഉണ്ടാകുന്നവയാണ്.
കൊച്ചുകുട്ടികളുള്ള വീട്ടിലെ പുകവലി കുഞ്ഞുങ്ങളില്‍ വിട്ടുമാറാത്ത ചുമ, വലിവ്, ന്യൂമോണിയ, ജലദോഷം, ടോണ്‍സിലൈറ്റസ്, ചെവിവേദന, വയറുവേദന എന്നിവയുണ്ടാക്കും. വേണ്ടത്ര പ്രാണവായു തലച്ചോറിന് ലഭിക്കാതെ വരുന്നതു കൊണ്ട് ബുദ്ധിമാന്ദ്യം പോലും സംഭവിക്കാനിടയുണ്ട്. പുകവലിക്കുന്ന അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 200 ഗ്രാം മുതല്‍ 250 ഗ്രാം വരെ തൂക്കം കുറവായി കാണപ്പെടുന്നു. പുകവലി പ്രത്യുല്പാദനക്ഷമത കുറയ്ക്കുന്നു. പുരുഷ വന്ധ്യത സൃഷ്ടിക്കുന്നു. പുരുഷന്മാരില് പുകവലി ബീജങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പുകവലിക്കുന്നത് ശിശുക്കളുടെ അകാല ജനനത്തിനും കാരണമാകാം. ഗര്‍ഭസ്ഥ ശിശുവിന് ശ്വസന സംബന്ധമായ രോഗങ്ങളും ക്യാന്‍സറും ഉണ്ടാകാനിടയുണ്ട്.
സ്ഥിരമായി പുകവലിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത പുകവലിക്കാത്ത വരേക്കാള്‍ 30-40 ശതമാനം കൂടുതലാണ്. വൃക്കരോഗം, കാലുകളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടല്‍, അന്ധത, നാഡീക്ഷതം എന്നിവയും ഉണ്ടാകും. പുകയിലയുടെ ഉപയോഗം വിഷാദം, സ്കിസോഫ്രീനിയ എന്നീ മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
പുകവലി ഉപയോഗം തിമിരത്തിനുള്ള സാധ്യത വര്‍ധിക്കുന്നു. കണ്ണുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് റെറ്റിനയുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുകയും നേത്ര ക്യാന്‍സര്‍ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഇന്റര്‍നാഷന ല്‍ എജന്‍സി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്നെസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുന്നവര്‍ക്ക് പ്രമേഹം ബാധിച്ചാല്‍ അത് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്. പുകവലിക്കുന്നവര്‍ക്ക് എല്ലുകള്‍ക്ക് ബലം കുറയുന്ന ഓസ്റ്റിയോ പോറോസിസ് രോഗം പിടിപെടാനുള്ള സാധ്യതയുമുണ്ട്.
ഓരോ തവണയും നിങ്ങള്‍ ഒരു സിഗരറ്റ് കത്തിക്കുമ്പോള്‍ നിങ്ങളുടെ ആയുസിന്റെ ചെറിയ പങ്ക് എരിഞ്ഞുതീരുകയാണ്. 31നു കടന്നുപോയ ലോക പുകയിലവിരുദ്ധ ദിനം പുകവലി നിര്‍ത്താനുള്ള ദിനം കൂടിയായിരുന്നു. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അതു സാധ്യമാണ്. നിക്കോട്ടിന് തെറാപ്പി, മരുന്നുകള്‍ എന്നീ മാര്ഗങ്ങ ളിലൂടെയും പുകവലി നിര്‍ത്താം. പുകവലി നിര്‍ത്തുമ്പോള്‍ ജീവിതത്തെ തിരികെ പിടിക്കുകയാണ്. ക്യാന്‍സര്‍, ഹൃദയസ്തംഭനം, സ്ട്രോക്ക് തുടങ്ങിയവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ആയുസ് നീട്ടിക്കിട്ടുന്നു. മെച്ചപ്പെട്ട രീതിയില്‍ ശ്വസിക്കാന്‍ കഴിയും. ഭക്ഷണത്തിന് രുചി കിട്ടുന്നു. ശരീര ദുര്‍ഗന്ധം മാറിക്കിട്ടുന്നു. ചുരുക്കത്തില്‍ ഒരു പുതുജീവിതമാണ് ലഭിക്കുക. പുകവലി നിർത്താം, പുതിയ മനുഷ്യനാകാം.
(ട്രെയ്നറും മെന്ററുമാണ് ലേഖകന്‍- 8075789768)