നീതു ചന്ദ്രൻ
മാതാപിതാക്കൾ സ്വന്തം കുഞ്ഞിന്‍റെ ജീവനെടുക്കുന്ന സംഭവങ്ങൾ കേരളത്തിൽ തുടർക്കഥയായി മാറുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാകാതെ വരുമ്പോൾ കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ജീവനൊടുക്കുന്നവരും മാനഹാനി ഒഴിവാക്കാൻ കുഞ്ഞിനെ കൊല്ലുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. പ്രസവാനന്തര വിഷാദം (Postpartum Depression) എന്ന സങ്കീർണ മാനസികാവസ്ഥ മൂലം പൊലിയുന്ന കുരുന്നു ജീവനുകൾ നിരവധിയാണ്. കേരളത്തിൽ 28 ശതമാനം സ്ത്രീകളും പ്രസവാനന്തര വിഷാദത്തിലൂടെ കടന്നു പോകുന്നുവെന്നു പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ, ഈ പ്രശ്നത്തിന് അർഹിക്കുന്ന പരിഗണന നൽകി പരിഹാരം കാണാൻ കേരളം ഇനിയും തയാറായിട്ടില്ല.
വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട, ചോരയിറ്റു വീഴുന്ന കൊറിയർ പാക്കറ്റിനുള്ളിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും ആ പിഞ്ചു ശരീരത്തിലെ ജീവന്‍റെ അവസാന മിടിപ്പും നിലച്ചിരുന്നു... പിറന്നു നിമിഷങ്ങൾക്കുള്ളിൽ മരണപ്പെട്ട, ചോരമണം മാറാത്ത പിഞ്ചു പൈതൽ... കൊച്ചി പനമ്പിള്ളി നഗറിലെ വഴിയരികിലേക്ക് വലിച്ചെറിയപ്പെട്ട ചോരക്കുഞ്ഞ് കേരളത്തിന്‍റെ മുഴുവൻ ഉറക്കം കെടുത്തിയിട്ട് അധികം നാളായിട്ടില്ല. ഇതാദ്യമായല്ല കേരളത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ ദാരുണമായി കൊല്ലപ്പെടുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ, മാതാപിതാക്കൾ സ്വന്തം കുഞ്ഞിന്‍റെ ജീവനെടുക്കുന്ന സംഭവങ്ങൾ കേരളത്തിൽ തുടർക്കഥയായി മാറുകയാണ്. 2024 ജനുവരി മുതൽ മേയ് വരെ മാത്രം ഏഴ് കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2023 നവംബർ മുതലുള്ള കണക്കുകൾ ശേഖരിച്ചാൽ, കൊല ചെയ്യപ്പെട്ട കുരുന്നുകളുടെ എണ്ണം 12 ആയി ഉയരുന്നതും കാണാം.
സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാകാതെ വരുമ്പോൾ കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്നവരും, മാനഹാനി ഒഴിവാക്കാൻ കുഞ്ഞിനെ കൊല്ലുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. മാതാപിതാക്കൾ കടന്നു പോകുന്ന സാമൂഹിക സാഹചര്യം, മാനസിക പ്രശ്നം, പ്രസവാനന്തര വിഷാദം, സാമ്പത്തിക പ്രശ്നം, ലൈംഗികാതിക്രമം തുടങ്ങി നിരവധി കാരണങ്ങളാണ് ഓരോ കൊലപാതങ്ങൾക്കും പിന്നിൽ. പ്രസവാനന്തര വിഷാദം (Postpartum Depression) എന്ന സങ്കീർണമായ മാനസികാവസ്ഥ മൂലം പൊലിയുന്ന കുരുന്നു ജീവനുകൾ നിരവധിയാണ്. കേരളത്തിൽ 28 ശതമാനം സ്ത്രീകളും പ്രസവാനന്തര വിഷാദത്തിലൂടെ കടന്നു പോകുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ, ആ പ്രശ്നത്തിന് അർഹിക്കുന്ന പരിഗണന നൽകി പരിഹാരം കാണാൻ കേരളം ഇനിയും തയാറായിട്ടില്ല.
പനമ്പിള്ളി നഗറിലെ വഴിയരികിൽ ചോരക്കുഞ്ഞിനെ കൊറിയർ കവറിൽ പൊതിഞ്ഞ് വലിച്ചെറിഞ്ഞത് കൂട്ടത്തിൽ ഒരു സംഭവം മാത്രമാണ്. അച്ഛനോടുള്ള ദേഷ്യം തീർക്കാൻ ഒന്നര വയസ്സുള്ള കുഞ്ഞിനെ അമ്മ ക്രൂരമായി മർദിച്ചതും അടുത്തിടെയാണ്. കേരളത്തിലങ്ങോളമിങ്ങോളം പല കാരണങ്ങളാൽ ഇല്ലാതാകുന്ന പിഞ്ചുജീവനുകളുടെ കണക്കുകൾ ഭയാനകമായിരിക്കുന്നു. കേരള പൊലീസിന്‍റെ ക്രൈം സ്റ്റാറ്റിസ്റ്റിക്സിൽ നിന്നു ലഭിച്ച വിവരങ്ങൾ പ്രകാരം, 2024 ഫെബ്രുവരി വരെ ആറ് കേസുകളാണ് കുട്ടികളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2023ൽ 25 കേസുകളും.
ഇത്തരം സംഭവങ്ങൾ അറിയുമ്പോൾ, കുറ്റകൃത്യം എന്നതിലുപരി അത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങൾ പൊതുസമൂഹം തിരിച്ചറിയാറില്ല. ഒപ്പം താമസിക്കുന്നവർക്കു പോലും മനസിലാകാത്ത കടുത്ത മാനസികാവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കും ഇത്തരം കേസുകളിൽ പ്രതികളാകുന്നവരിൽ പലരും.
2023 ഡിസംബർ 27ന് തിരുവനന്തപുരം പോത്തൻകോട് 36 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു. അധികം വൈകാതെ കുഞ്ഞിന്‍റെ അമ്മ അറസ്റ്റിലായി. ചോദ്യം ചെയ്തപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടാണ് തന്നെക്കൊണ്ട് ക്രൂരകൃത്യം ചെയ്യിച്ചതെന്ന് അവർ തുറന്നു പറഞ്ഞു. ജനിച്ചപ്പോഴേ അസുഖബാധിതനായിരുന്നു കുഞ്ഞ്. നൂലുകെട്ട് നടത്താൻ പോലും പണമില്ലായിരുന്നു. മുന്നോട്ടുള്ള യാത്ര എത്രമേൽ ദുരിതം നിറഞ്ഞതാണെന്ന ചിന്ത അവരെ സ്വന്തം കുഞ്ഞിന്‍റെ കൊലപാതകിയാക്കി.
ഭിന്നശേഷിയുള്ള കുട്ടികൾക്ക്, ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്ക്, വാക്കിലും നോക്കിലും സഹതാപം മാത്രം പൊതിഞ്ഞു കൊടുക്കുന്നൊരു സമൂഹമാണിത്. സാമ്പത്തികശേഷിയുള്ള കുടുംബങ്ങൾക്കു പോലും അത്തരമൊരു അവസ്ഥയെ തരണം ചെയ്യുക എളുപ്പമല്ല. ഉത്കണ്ഠയും മടുപ്പും സങ്കടങ്ങളും മാത്രം നിറയുന്ന ജീവിതം മാനസികാവസ്ഥയെ തകിടം മറിക്കുന്നുവെന്നത് യാഥാർഥ്യമാണ്.
പ്രസവാനന്തരം സ്ത്രീകളെ ബാധിക്കുന്ന വിഷാദം കുഞ്ഞുങ്ങളുടെ ജീവനെടുത്ത സംഭവങ്ങൾ നിരവധി. കുറ്റകൃത്യം എന്നതിലുപരി, മാനസികമായ അനാരോഗ്യം എന്ന നിലയിലും ഈ കേസുകൾ പരിഗണിക്കപ്പെടേണ്ടിയിരിക്കുന്നു. പ്രസവാനന്തര വിഷാദം വെറും ഒരു തോന്നലല്ല. വേണ്ട രീതിയിൽ പരിഗണിക്കുകയോ ചികിത്സിക്കുകയോ ചെയ്യാതിരുന്നാൽ കുഞ്ഞിന്‍റെയും അമ്മയുടെയും ജീവനെടുക്കാൻ പോലും കാരണമായേക്കാവുന്ന മാനസികാവസ്ഥയാണത്. കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ നൽകിയാൽ മറ്റ് ഏതസുഖത്തെപ്പോലെയും പൂർണമായും ഭേദമാകുന്നതാണ് പ്രസവാനന്തര വിഷാദവും. എന്നാൽ, ആ അവസ്ഥയെ ഗൗരവമായി കാണാനും അതിലൂടെ കടന്നു പോകുന്നവരെ ചേർത്തു പിടിക്കാനും സമൂഹം ഇപ്പോഴും മടിച്ചു നിൽക്കുന്നു.
2024 മാർച്ച് 5
കോട്ടയം പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഉരുളികുന്നം ഞണ്ടുപാറ സ്വദേശി കുടിലിപ്പറമ്പിൽ ജെയ്സൺ തോമസ് (42), ഭാര്യ ഇളങ്ങുളം കളരിയ്ക്കൽ കുടുംബാംഗം മെറീന (28), മക്കളായ ജെറാൾഡ് (നാല്), ജെറീന (രണ്ട്) ജെറിൽ (ഏഴ് മാസം) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മക്കളെയും ഭാര്യയെയും കൊന്ന് ജെയ്സൺ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പാലാ പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായി. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകങ്ങൾക്കു കാരണമെന്നായിരുന്നു നിഗമനം. രാവിലെ വീട്ടിലെത്തിയ ഓട്ടൊ റിക്ഷ ഡ്രൈവറാണ് മൃതദേഹങ്ങൾ ആദ്യം കാണുന്നത്.
2024 മാർച്ച് 1
താനൂരിൽ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഒട്ടുംപുറം ആണ്ടിപ്പാട്ട് വീട്ടിൽ ജുമൈലത്ത് (29) അറസ്റ്റിലായി. കോഴിക്കോട് മെഡിക്കൽ കോളെജിൽ വച്ചാണ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവം പുറത്തറിയാതിരിക്കാനാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനു നൽകിയ മൊഴി. ഒരു വർഷമായി ഭർത്താവിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു ജുമൈലത്ത്. കുഞ്ഞിനെ കൊന്ന് വീടിനോടു ചേർന്നുള്ള പറമ്പിൽ കുഴിച്ചിടുകയായിരുന്നു.
2024 ഫെബ്രുവരി17
പാലക്കാട് ഷൊർണൂരിൽ ഒരു വയസുകാരി ശിഖന്യയെ കൊലപ്പെടുത്തിയ കേസിൽ അമ്മ ശിൽപ്പ അറസ്റ്റിലായി. ജോലിക്കു പോകാൻ കുഞ്ഞ് തടസമായതാണ് കൊലപാതകത്തിൽ കലാശിച്ചത്. മാവേലിക്കരയിലെ വാടകവീട്ടിൽ വച്ചാണ് ശിൽപ്പ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് പങ്കാളിയായ അജ്മലിന് സന്ദേശം അയച്ചിരുന്നു.
2024 ജനുവരി
കൊല്ലത്ത് രണ്ടു മക്കളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ദേവനാരായണൻ (9) ദേവനന്ദ (4) എന്നിവരെയാണ് കൊലപ്പെടുത്തിയത്. പട്ടത്താനം ചെമ്പകശേരിയിൽ ജവഹർ നഗറിൽ ജോസ് പ്രമോദാണ് (41) ജീവനൊടുക്കിയത്.
2023 ഡിസംബർ
ആലപ്പുഴ തലവടിയിൽ മൂന്നു വയസ് വീതമുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദിൽ എന്നിവരാണ് മരിച്ചത്. കടബാധ്യതയും രോഗവുമാണ് കാരണമായി കണ്ടെത്തിയത്.
2023 ഡിസംബർ 7
പത്തനംതിട്ട തിരുവല്ലയിൽ നവജാത ശിശുവിന്‍റെ മുഖത്ത് തുടർച്ചയായി വെള്ളമൊഴിച്ച് കൊലപ്പെടുത്തി. അമ്മ മുല്ലപ്പള്ളി സ്വദേശി നീതു (20) അറസ്റ്റിൽ.
2023 ഡിസംബർ 12
അമ്മയും കാമുകനും ചേർന്ന് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. കൊച്ചി എളമക്കരയിൽ അശ്വതി, കാമുകൻ ഷാനിഫ് എന്നിവരാണ് കുഞ്ഞിനെ കൊന്നത്.
2023 ഡിസംബർ 19
ചിറയിൻകീഴ് ചിലമ്പിൽ പടവത്ത് വീട്ടിൽ അനുഷ്കയെ (8) അമ്മ മിനി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞു. ഭിന്നശേഷിയുള്ള കുട്ടിയായിരുന്നു.
2023 ഡിസംബർ 27
തിരുവനന്തപുരം പോത്തൻകോട് 36 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു. കാരണം സാമ്പത്തിക ബുദ്ധിമുട്ട്. അമ്മ മഞ്ഞമല സുരിത അറസ്റ്റിൽ.
ഭാഗം1 : ബാലമരണങ്ങൾ തുടർക്കഥയാകുമ്പോൾ
ഭാഗം 2: പ്രസവാനന്തര വിഷാദം എന്ന നീരാളിക്കൈ