വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലുള്ള സെൻട്രൽ പോസ്റ്റ് ഓഫീസ് സമുച്ചയത്തിനു മുന്നിൽ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്ന വിനോദസഞ്ചാരി.  Manu Shelly
Lifestyle

വിയറ്റ്നാം: പതിവ് റൂട്ട് മാറ്റിപ്പിടിച്ച് മലയാളികൾ

മനു ഷെല്ലി

കൊച്ചി: വിയറ്റ്നാം എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസില്‍ ഓടിയെത്തുക രണ്ട് ചിത്രങ്ങളാണ്. സംവിധായകന്‍ സിദ്ദീഖിന്‍റെ സൂപ്പര്‍ഹിറ്റ് സിനിമയായ വിയറ്റ്നാം കോളനിയും അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന്‍റെ ക്യാമറയില്‍ പതിഞ്ഞ യുദ്ധഭീകരതയില്‍ വസ്ത്രം പോലുമില്ലാതെ ഭയന്നോടുന്ന ഒമ്പതുവയസുകാരിയായ ഫാന്‍ തി കീം ഫുകി എന്ന പെണ്‍കുട്ടിയും.

കോളനി കീഴടക്കാന്‍ പുറത്തുനിന്നെത്തിയ മുതലാളിമാരുടെ തന്ത്രങ്ങളെ സാധാരണക്കാരായ നാട്ടുകാരെ അണിനിരത്തി തുരത്തുന്ന സിനിമയുടെ പ്രമേയം വിയറ്റ്നാമിന്‍റെ ചരിത്രവുമായി ഇഴചേരുന്നതാണ്. 1940 മുതല്‍ 1975 വരെയുള്ള തുടര്‍ച്ചയായ യുദ്ധങ്ങള്‍ വിയ്റ്റ്നാമിനെ അടിമുടി തകര്‍ക്കുന്നതായിരുന്നു. യുദ്ധങ്ങളുടെ നാടായ വിയറ്റ്നാമിനെ ലോകമനസാക്ഷിക്ക് മുന്നില്‍ ചോദ്യചിഹ്നമാക്കിയത് സൗത്ത് വിയറ്റ്നാമിലെ ത്രാങ് ബാങ് ഗ്രാമത്തില്‍ അമെരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിക്കുമ്പോള്‍ വസ്ത്രം പോലും കത്തിച്ചാമ്പലായി നിലവിളിച്ചോടി നിക്ക് ഉട്ടിന്‍റെ ക്യാമറയ്ക്ക് മുന്നിലേക്ക് ഓടിയെത്തിയ ഒമ്പതുവയസുകാരിയായിരുന്നു. ലോകം ചര്‍ച്ചചെയ്യുകയും പുലിറ്റ്സര്‍ പുരസ്കാരത്തിലേക്ക് നയിക്കുകയും ചെയ്ത നാപാം പെണ്‍കുട്ടി ഇന്നും വിയറ്റ്നാം എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്ന രൂപമാണ്.

വിയറ്റ്നാം ഇന്ന് ലോകവിനോദസഞ്ചാര ഭുപടത്തില്‍ ഇടം നേടി കഴിഞ്ഞിരിക്കുകയാണ്. കേരളവുമായി ഏറെ സമാനതകളുള്ള ഈ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യത്തേക്ക് ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്നും സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. കാപ്പിയും കശുവണ്ടിയും റബറും കയറ്റുമതി ചെയ്യുന്ന ഇവിടെ കമ്മ്യൂണിസ്റ്റ് ഭരണമാണ്. കടലും മലനിരകളും തോളുരുമ്മി നില്‍ക്കുന്ന ഇവിടെ ഭൂപ്രകൃതിയും കാലവസ്ഥയും കേരളത്തിന് സമാനമാണ്.

കൊച്ചിയില്‍ നിന്ന് അഞ്ചരമണിക്കൂര്‍ പറന്നുകഴിഞ്ഞാല്‍ വിയറ്റ്നാമിന്‍റെ യൂറോപ്യന്‍ സിറ്റി എന്ന് വിളിക്കുന്ന ഹോ ചി മിന്‍ നഗരത്തിലെത്തും. മറ്റുരാജ്യങ്ങള്‍ വഴിയായിരുന്നു വിയറ്റ്നാമിലേക്ക് വിമാനസര്‍വീസ് ഉണ്ടായിരുന്നത്. സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ വിയറ്റ്ജെറ്റ് ഇന്ത്യയെയും വിയറ്റ്നാമിനെയും ബന്ധിപ്പിച്ചു 35 വിമാനസര്‍വീസാണ് ആഴ്ചയില്‍ നടത്തുന്നു. ആഴ്ചയില്‍ നാലു വിമാനങ്ങള്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ വിയറ്റ്നാമിലേക്കു നേരിട്ടുള്ള സര്‍വീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിയറ്റ്ജെറ്റ് . രാത്രി 11.50 ന് കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം വിയറ്റ്നാമിലെ വലിയ നഗരവും വാണിജ്യ വ്യവസായ തലസ്ഥാനം കൂടിയായ ഹോ ചി മിനില്‍ പ്രദേശിക സമയം രാവിലെ 6.40 ന് എത്തും. ഹോ ചി മിന്‍ സിറ്റിയിലെ നിരത്തുകളിലേക്ക് എത്തിയാല്‍ ഒരു യുറോപ്യന്‍ നഗരത്തിലെത്തിയ പ്രതീതിയാണ്. അടിമുടി മാറിയ വിയറ്റ്നാമില്‍ പഴയതൊന്നും മറക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് ഹോ ചി മിന്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധ സ്മാരകമായ മ്യൂസിയം.

വിയറ്റ്നാമിന്‍റെ കലകളും ഭക്ഷണരുചികളും ഏവരെയും ആകര്‍ഷിക്കുന്നതാണ്. കടല്‍മത്സ്യങ്ങളോടാണ് കൂടുതല്‍ പ്രിയം. ഗ്രാമീണ കലകളുടെ പ്രദര്‍ശനനഗരിയായ ഡോ തിയേറ്റര്‍ വിയറ്റ്നാമിലെ മറ്റൊരു ആകര്‍ഷണമാണ്. പരമ്പരാഗത വാദ്യോപകരങ്ങള്‍ ഉപയോഗിച്ച് മനുഷ്യരും പാവകളും കഥാപാത്രങ്ങളായി മാറുന്ന ഡോ തിയേറ്ററിലെ പ്രദര്‍ശനങ്ങള്‍ സഞ്ചാരികളെ ഏറെ പ്രിയപ്പെട്ടതാണ് .

ഒരു ദിവസം ഒരു ഷോ മാത്രമാണ്. വിദേശികളും സ്വദേശികളും പ്രായഭേദമില്ലാതെ ആസ്വദിക്കാവുന്ന രീതിയിലാണ് മിത്തും യാഥാർഥ്യങ്ങളും ഇഴചേര്‍ത്ത് പെപ്പര്‍ഷോ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത പിന്നോക്ക വിഭാഗങ്ങളുടെ കലാ രൂപങ്ങള്‍ക്കും പാശ്ചത്യ സംഗീതത്തിനൊപ്പം തന്നെ പ്രാധാന്യം നല്‍കിയാണ് വിയറ്റ്നാം ജനത പുതിയ കാലത്തേക്ക് ചുവടുവയ്ക്കുന്നത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു