ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം 
Lifestyle

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയുടെ 54-ാമത് പതിപ്പിനു തുടക്കമായി

ഷാർജ: ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയുടെ 54-ാമത് പതിപ്പ് ഷാർജ ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഈ മാസം 29 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന പ്രദർശനത്തിൽ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു.

വാച്ചുകൾ, സ്വർണ്ണം, വിലയേറിയ കല്ലുകൾ എന്നീ മേഖലകളിലെ ഏറ്റവും വലിയ പ്രദർശനമാണിത്. പ്രമുഖ അന്താരാഷ്ട്ര കമ്പനികളെയും ബ്രാൻഡുകളെയും പ്രതിനിധീകരിച്ച് 900ത്തിലധികം പ്രദർശകർ പങ്കെടുക്കുന്നു. ഒപ്പം, അപൂർവ ആഭരണങ്ങളുടെ വില്പനയും പ്രദർശനവും ഇവിടെ ഉണ്ട്.

ഉദ്ഘാടനത്തിന് ശേഷം ശൈഖ് അബ്ദുല്ല ബിൻ സാലം പ്രദർശന ഹാളുകൾ സന്ദർശിച്ചു. സ്വർണ്ണം, ആഭരണ വ്യവസായം, വ്യാപാര വിപണി എന്നിവയിലെ ഏറ്റവും പുതിയ രീതികളും സാങ്കേതികതകളും മറ്റും സംബന്ധിച്ച് അധികൃതർ അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു.

ജ്വല്ലറി ഡിസൈനുകൾ, വജ്രങ്ങൾ, 21 കാരറ്റ് സ്വർണം, പ്ലാറ്റിനം, വെള്ളി, വ്യത്യസ്ത നിറങ്ങളിലുള്ള രത്നക്കല്ലുകൾ, മുത്തുകൾ, വജ്രങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ പാക്കേജിംഗിനുള്ള ഉപകരണങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുന്നു.

ഇന്ത്യയിൽ നിന്ന് 70 പ്രദർശകരും ഹോങ്കോങ്ങിൽ നിന്നും ഇറ്റലിയിൽ നിന്നും 50 പ്രദർശകരും സാന്നിധ്യമറിയിക്കുന്നുണ്ട്. പ്രദർശകരുടെ പട്ടികയിൽ ഇന്ത്യ, ഹോങ്കോംഗ്, ഇറ്റലി എന്നിവ മുന്നിലാണ്. യുഎഇ, യു.കെ, യു.എസ്, റഷ്യ, സിംഗപ്പൂർ, ചൈന, ജപ്പാൻ, തുർക്കി, സഊദി അറേബ്യ, ബഹ്‌റൈൻ, ലബനാൻ എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങളും ഷോയിൽ പങ്കെടുക്കുന്നു.

ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറ ക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ, ഈസ ഹിലാൽ എന്നിവരും ശൈഖ് അബ്ദുല്ല ബിൻ സാലമിനൊപ്പം ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

ഷാർജ സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ അൽ ഹസാമി, ഷാർജ എക്‌സ്‌പോ സെന്‍റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ, ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ അവദി, പ്രദർശന പങ്കാളിത്ത രാജ്യങ്ങളെ പ്രതിനിധീകരിച്ച് നയതന്ത്രജ്ഞർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ