Lifestyle

മരിച്ചവരെ പേടിയില്ലാത്ത പൂമംഗലംകാരി

നീതു ചന്ദ്രൻ

വെള്ള പുതച്ച മൃതദേഹങ്ങൾ മുന്നിലെത്തുമ്പോൾ ബിന്ദു ശിവദാസന് ഭയം തോന്നാറില്ല... മനസു പതറാതെ മൃതദേഹങ്ങൾ സംസ്കരിച്ച് മരണാനന്തര കർമങ്ങൾക്കായുള്ള അവശേഷിപ്പുകൾ കുടത്തിൽ ശേഖരിച്ച് ബന്ധുക്കൾക്കു നൽകുന്നതിൽ മാത്രമായിരിക്കും ബിന്ദുവിന്‍റെ ശ്രദ്ധ. ഒരു വർഷത്തിനിടെ സ്വന്തം അമ്മയുടേതടക്കം മുന്നൂറ്റിമുപ്പതിൽ അധികം മൃതദേഹങ്ങൾ മനസു പതറാതെ സംസ്കരിച്ച ബിന്ദു ശിവദാസന് മൃതദേഹങ്ങളുടെ സംസ്കാരം ഒരു ജോലി മാത്രമല്ല, ഒരു പുണ്യകർമം കൂടിയാണ്.

തൃശൂർ ജില്ലയിലെ പൂമംഗലം പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ശാന്തിതീരം ആധുനിക വാതക ശ്മശാനത്തിന്‍റെ നടത്തിപ്പുകാരിയാണ് നാൽപ്പത്താറുകാരിയായ ബിന്ദു ശിവദാസൻ. അപ്രതീക്ഷിതമായാണ് താനീ ജോലിയിലേക്കെത്തിയതെന്ന് എടക്കുളം കപ്പേള സെന്‍ററിനു സമീപം താമസിക്കുന്ന ബിന്ദു പറയുന്നു. 2018ൽ കേരളമാകെ പ്രളയത്തിൽ മുങ്ങും വരെ വീട്ടു ജോലികളും കൂലിപ്പണിയും ചെയ്താണ് ബിന്ദുവും ഭർത്താവ് ശിവദാസനും കുടുംബം പുലർത്തിയിരുന്നത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു.

പ്രളയം വന്നതോടെ കാര്യങ്ങളെല്ലാം അവതാളത്തിലായി. സ്ഥിരം വീട്ടു പണികൾ നഷ്ടപ്പെട്ടതോടെ തൊഴിലുറപ്പു പദ്ധതി മാത്രമായി ആശ്രയം. പക്ഷേ കൊവിഡ് കൂടി എത്തിയതോടെ അക്ഷരാർഥത്തിൽ തകർന്നു പോയി. ശിവദാസന് വല്ലപ്പോഴുമുള്ള കൂലിപ്പണി കൊണ്ട് കുട്ടികളുടെ പഠനവും വീട്ടുചെലവും കൂട്ടിമുട്ടിക്കാനാകാതെ ഇരുവരും വലഞ്ഞു. അതിനിടെയാണ് 2022 മേയിൽ, പൂമംഗലം പഞ്ചായത്തിന്‍റെ ശ്മശാനം നടത്തിപ്പിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വാർത്ത പത്രത്തിൽ കണ്ടത്. ഒരു ജോലി അത്യാവശ്യം ആയതു കൊണ്ട് അപേക്ഷിക്കാമെന്ന് തീരുമാനിച്ചു. എങ്കിലും മക്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നറിഞ്ഞതിനു ശേഷം മതിയെന്നായിരുന്നു ആദ്യത്തെ തീരുമാനം. മക്കളും ഭർത്താവും ഒപ്പം നിന്നതോടെ പഞ്ചായത്തിലെത്തി അപേക്ഷ നൽകി.

അന്ന് പഞ്ചായത്ത് വരെ വരാനുള്ള ബസ് കൂലി പോലുമില്ലാത്തതിനാൽ‌ നടന്നാണ് പഞ്ചായത്തിലെത്തി അപേക്ഷ നൽകിയതെന്ന് ബിന്ദു. അധികം വൈകാതെ ഇന്‍റർവ്യൂവിന് ക്ഷണം വന്നു. 17 പേരോളം ഇന്‍റർവ്യൂവിന് എത്തിയിരുന്നു.

വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെങ്കിലും കുറച്ചു നാൾ കഴിഞ്ഞപ്പോൾ ജോലിക്കു തെരഞ്ഞെടുക്കപ്പെട്ടതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ആദ്യം വാതക ശ്മശാനത്തിലെ ചെടികൾ നനയ്ക്കാനും മറ്റുമാണ് നിയോഗിച്ചിരുത്. 2022 നവംബർ 27നായിരുന്നു ശ്മശാനത്തിന്‍റെ ഉദ്ഘാടനം. വലപ്പാടുള്ള ശ്മശാനത്തിൽ പോയി സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കണ്ടു പഠിച്ചിരുന്നു. അതിനു ശേഷമാണ് സംസ്കാരം നടത്തിത്തുടങ്ങിയത്.

ഇപ്പോൾ രാവിലെ എട്ടു മണിക്കു മുൻപേ ബിന്ദു ശ്മശാനത്തിലെത്തും. തലേന്നു സംസ്കരിച്ച മൃതദേഹങ്ങളിൽ നിന്നു മരണാനന്തര കർമങ്ങൾക്കായുള്ള ഭൗതികാവശിഷ്ടങ്ങൾ ശേഖരിച്ച് മൺകുടത്തിലാക്കി ബന്ധുക്കൾക്ക് നൽകുന്നത് അതിരാവിലെയാണ്. മത വ്യത്യാസമില്ലാതെയാണ് ശ്മശാനത്തിൽ സംസ്കാരം നടത്തുന്നത്. ഭർത്താവും കൂടെയുണ്ട്. ഒരാൾക്കു മാത്രമേ ജോലി നൽകുകയുള്ളൂ എങ്കിലും, ഒരാളെക്കൂടി സഹായിയായി നിർത്താമെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു. അതു പ്രകാരമാണ് ഭർത്താവിനെ കൂടെ കൂട്ടിയത്.

ഒരു മെഷീനാണ് ഇപ്പോൾ ശ്മശാനത്തിലുള്ളത്. രണ്ടും മൂന്നും മൃതദേഹങ്ങളൊക്കെ എത്തുമ്പോൾ വേഗത്തിൽ സംസ്കരിച്ച് മാറ്റേണ്ടതായി വരും. പണിയില്ലാത്ത ദിവസങ്ങളിലെല്ലാം ശിവദാസൻ ‍ബിന്ദുവിനൊപ്പമുണ്ടാകും. ഇതിപ്പോൾ തനിക്കൊരു ജോലി മാത്രമല്ല, ഒരു പുണ്യകർമമാണെന്നാണ് കരുതുന്നതെന്ന് ബിന്ദു. ശമ്പളത്തിനു വേണ്ടി മാത്രമല്ല ജോലി ചെയ്യുന്നത്.

അതിഥിത്തൊഴിലാളികളുടെ എട്ടു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചപ്പോൾ സംസ്കരിക്കാൻ കൊണ്ടുവന്നിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം സംസ്കരിച്ചത് ഇപ്പോഴും ഉള്ളിൽ ഒരു വേദനയായി നിൽക്കുന്നുണ്ടെന്ന് ബിന്ദു.

''ശ്മശാനത്തിൽ ജോലി ചെയ്യാൻ ഭയമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, എനിക്കൊരു ഭയവും തോന്നിയിട്ടില്ല. മരിച്ചു കഴിഞ്ഞവരെ ഒരു തരത്തിലും ഭയക്കേണ്ടതില്ല, ജീവിച്ചിരിക്കുന്നവരെ മാത്രമാണ് ഭയക്കേണ്ടത്'', ബിന്ദു പറയുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ