ശരിയായ അറിവ് ലഭിക്കുന്നത് ഓർമയിൽ നിന്നല്ല, ആന്തര ബുദ്ധിയിൽ നിന്നാണെന്ന് അമെരിക്കൻ പ്രകൃതിവാദി ഹെൻറി ഡേവിഡ് തോറോ പറഞ്ഞിട്ടുണ്ട്. നമ്മൾ പഠിച്ചതും നമ്മെ പഠിപ്പിച്ചതുമെല്ലാം ചേർത്തുവച്ച് നാം എത്തിച്ചേരുന്ന നിഗമനങ്ങൾ അറിവുകളല്ല, രക്ഷപ്പെടലാണ്. അറിവുകളുടെ മേഖല കുറച്ചുകൂടി അപ്പുറത്താണ്. അതുകൊണ്ടാണ് തോറോ ഇങ്ങനെ പറയുന്നത്: "നമ്മെ പഠിപ്പിച്ചതിൽ നിന്ന് മോചനം നേടുമ്പോഴാണ് യഥാർഥ ജ്ഞാനമുണ്ടാകുന്നത്'.
യഥാർഥ ജ്ഞാനമായിരുന്നു റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയിയുടേത്. ടോൾസ്റ്റോയിയുടെ കഥാപ്രപഞ്ചത്തിൽ നിന്ന് പ്രാതിനിധ്യ സ്വഭാവമുള്ള ഒരു കഥ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ ഒരു നീണ്ടകഥ എന്ന് വിശേഷിപ്പിക്കാവുന്ന "ഇവാൻ ഇല്ലിച്ചിന്‍റെ മരണ'മാവും ചൂണ്ടിക്കാണിക്കുക. അത് ഒരു കഥാപാത്രത്തിന്‍റെ ഉള്ളിലേക്ക് കയറി നോക്കുന്ന രചനയാണ്. മിക്കവാറും പേരും, ഒരാളുടെ പെരുമാറ്റവും ഉപരിപ്ലവമായ ചിന്തകളുമാണല്ലോ രചനയ്ക്ക് വിഷയമാക്കുക. എന്നാൽ സാഹിത്യരചനയ്ക്ക് വേറെയും ഉന്നതമായ തലങ്ങളുണ്ട്. അത് ടോൾസ്റ്റോയ് പൂർണമായി ആവിഷ്കരിച്ചത് "ഇവാൻ ഇല്ലിച്ചിന്‍റെ മരണ'ത്തിലാണ്' (1886).
സമൂഹത്തിൽ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന, ഒരു ഉന്നത ഉദ്യാഗസ്ഥനായിരുന്ന ഇവാൻ ഇല്ലിച്ചിന്‍റെ അന്ത്യനാളുകളാണ് ഇതിൽ പ്രതിപാദിക്കുന്നത്. എല്ലാവർക്കും അന്ത്യനാളുകളുണ്ട്. അതാണ് യഥാർഥ പ്രളയം. ആ കാലത്ത് ഏതൊരുവനും രണ്ടു മനസുകളുണ്ടായിരിക്കും; ഇരട്ട എൻജിൻ എന്നു പറയാം.
രോഗിയെ ആരറിയുന്നു?
ഒന്ന്, അവൻ എന്തായിരുന്നുവെന്ന് സ്വയം മനസിലാക്കിയ മനസ്. മറ്റൊന്ന്, അവനെ യഥാർഥത്തിൽ ലോകം എങ്ങനെ കാണുന്നവെന്ന് തിരിച്ചറിയുന്ന മനസ്. ഈ രണ്ടു മനസുകൾ തമ്മിലുള്ള സംഘർഷത്തിൽ അയാൾ ഭൂമിയും പാതാളവും കാണും. രോഗിയുടെ അന്തഃസംഘർഷങ്ങൾ ഒരിടത്തും വെളിച്ചം കാണാറില്ല. അത് രോഗി തന്നെ കുഴിച്ചുമൂടുകയാണ് പതിവ്. രോഗിയെ മറ്റുള്ളവരാണ് വീക്ഷിക്കുന്നത്, വിലയിരുത്തുന്നത്, നിരൂപണം ചെയ്യുന്നത്. രോഗി മറ്റുള്ളവർക്ക് ഒരു ശിശുവാണ്, അല്ലെങ്കിൽ അടിമയാണ്. അതുമല്ലെങ്കിൽ ഒരു വിശേഷപ്പെട്ട ജീവിയാണ്. രോഗിയെ ഓരോ കാണിയും സൃഷ്ടിക്കുകയാണ്, തന്‍റെ കാഴ്ചപ്പാടിൽ. രോഗിക്ക് ഒരു തിരഞ്ഞെടുപ്പുമില്ല. അയാൾ മറ്റുള്ളവർക്കുള്ള ഒരു വിഭവമാണ്. "ഇവാൻ ഇല്ലിച്ചിന്‍റെ മരണ'ത്തിൽ അയാൾക്ക് മരണത്തെയാണ് നേരിടേണ്ടിവരുന്നത്.
മരണം ഒരു വ്യക്തിയുടെ അവസ്ഥ മാത്രമല്ല, സ്ഥാപനവുമാണ്. മരണം ഒരു വ്യവസ്ഥയാണ്, അത് പലതിന്‍റെയും സ്ഥാനങ്ങൾ തെറിപ്പിക്കുകയും പലതും മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നു. എന്നാൽ ടോൾസ്റ്റോയ് ഇതിനു മുമ്പ് എഴുതിയ കഥയാണ് "ഡയറി ഓഫ് എ ലുനാറ്റിക്' (ഭ്രാന്തന്‍റെ ഡയറി, 1884). ഈ കഥ ടോൾസ്റ്റോയ് കഥകളുടെ മുഴുവൻ പ്രതിനിധാനവും വഹിക്കുന്നുവെന്ന് രണ്ടു മഹാപ്രതിഭകൾ നമ്മോട് പറഞ്ഞത് ഇവിടെ ഓർക്കുകയാണ്. നോവലിസ്റ്റും വിമർശകനുമായ പി.കെ. ബാലകൃഷ്ണനും വിമർശകൻ ഡോ. എൻ.എ. കരീമുമാണ് ആ പ്രതിഭകൾ. എറണാകുളം സർക്കിൾ ബുക്ക് ഹൗസിന്‍റെ പേരിൽ ബി.കെ.എം ബുക് ഡിപ്പോ (ചമ്പക്കുളം) "ഭ്രാന്തന്‍റ ഡയറി' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് 1958 ഓഗസ്റ്റിലാണ്.
ആമുഖത്തിൽ, പി.കെ. ബാലകൃഷ്ണൻ ഇങ്ങനെ എഴുതുന്നു: "ടോൾസ്റ്റോയിയുടെ സാഹിത്യസമുദ്രത്തിൽ നിന്നും അദ്ദേഹത്തിന്‍റെ സമ്പൂർണ പ്രാതിനിധ്യമുള്ള, ഒരു കഥ തെരഞ്ഞെടുക്കാൻ ശ്രമിക്കുക എന്നുള്ളത് സാഹസമാണ്; മിക്കവാറും വിഡ്ഢിത്തമാണ്. എന്നാലും ആ വിഡ്ഢിത്തം തന്നെ ഞങ്ങൾ പ്രവർത്തിക്കുന്നു. ഭ്രാന്തന്‍റെ ഡയറി എന്ന കൊച്ചു കഥയ്ക്ക് മറ്റേതു ടോൾസ്റ്റോയിയൻ ചെറുകഥകളേക്കാളും അദ്ദേഹത്തിന്‍റെ സാഹിത്യകലയെ പ്രതിനിധീകരിക്കാനാവും എന്നുള്ളത് തീർച്ചയാണ്'.
ഇതിലെ കഥാനായകൻ ടോൾസ്റ്റോയി തന്നെയാണെന്ന് സങ്കൽപ്പിച്ചാലും കുഴപ്പമില്ല. കാരണം, "ഞാൻ' എന്ന് പറഞ്ഞാണ് കഥ വിവരിക്കുന്നത്. ടോൾസ്റ്റോയിയുടെ ആഭ്യന്തര സംഘർഷങ്ങളും ഭീതിയും ആകുലതകളും ഇതിൽ പത്തി വിടർത്തുകയാണ്. പൊതുവേ ശാന്തനും ബിസിനസ് കാര്യങ്ങളിൽ താല്പരനുമായ ഒരു ധനികൻ അതിൽ നിന്നെല്ലാം വേറിട്ട് തീർത്തും സ്വകാര്യമായ ചില പ്രശ്നങ്ങളിൽ നീറുകയാണ്. ഇത് മറ്റുള്ളവർക്കറിയില്ല. അവരോട് പറയാൻ പറ്റുന്ന വിഷയമല്ല അത്. അതിന് സാമ്പത്തികമോ, വ്യക്തിപരമായ ലാഭനഷ്ടങ്ങളുടെ കണക്കോ ബാധകമല്ല. മറ്റൊരാളുടെ യുക്തിക്ക് നിരക്കുന്ന പ്രശ്നമല്ല അത്. അതുകൊണ്ടുതന്നെ അത് ഒരാൾ സ്വയം പരിഹരിക്കേണ്ടതാണ്. പരിഹരിക്കാനാവുന്നില്ലെങ്കിൽ അതിനെ ഭ്രാന്ത് എന്ന് വിളിക്കാനാവും ആളുകൾ ശ്രമിക്കുക. ഇവിടെ കഥാനായകൻ തന്നെ തനിക്ക് ഭ്രാന്താണെന്ന് പറയുന്നത് ചില ഭീതിജനകമായ തോന്നലുകളുടെയും അലട്ടലുകളുടെയും പശ്ചാത്തലത്തിലാണ്.
അകാരണമായ ഭയം
എവിടെനിന്നോ ഒരു ഭയം വന്ന് അദ്ദേഹത്തെ കാർന്നു തിന്നുകയാണ്. അതിന് ഉത്തരമില്ല. അത് എത്രവട്ടം ആലോചിച്ചിട്ടും മനസിൽ തന്നെ തങ്ങി നിൽക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് ഒരു എസ്റ്റേറ്റ് വാങ്ങാൻ സഹായിയുമൊത്ത് പോകുകയാണ് കഥാനായകൻ. വാങ്ങുന്ന എസ്റ്റേറ്റിലെ തടി വെട്ടി വിറ്റാൽ മുടക്കുന്ന പണം കിട്ടും എന്ന് പ്രതീക്ഷയാണ് അയാളെ പ്രലോഭിപ്പിക്കുന്നത്. യാത്രയ്ക്കിടയിൽ ഒരു കൊച്ചു വീട്ടിൽ തങ്ങുന്നു. എന്നാൽ ആ മുറിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ തന്നെ മരണത്തെക്കുറിച്ചുള്ള പേടിപ്പിക്കുന്ന ചിന്തകൾ അയാളുടെ മനസിൽ നിറയുകയാണ്. അയാൾ അത് ആരെയും അറിയിക്കാതെ സൂക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. അയാൾ ഉറക്കമുണർന്നപ്പോൾ മുറിയിൽ ആരുമുണ്ടായിരുന്നില്ല.
അയാൾ ഇങ്ങനെ ഓർത്തു (എൻ.എ. കരീമിന്‍റെ പരിഭാഷയിൽ നിന്ന്): "നിറയെ ഇരുട്ടാണ്. വണ്ടിയിൽ വച്ച് പെട്ടെന്ന് ഉറക്കമുണർന്നപ്പോഴുണ്ടായ അതേ വികാരമാണ് എന്നിലുളവായത്. ഇനി ഉറങ്ങുവാൻ കഴിയുന്ന കാര്യം തികച്ചും അസാധ്യം തന്നെയാണെന്ന് എനിക്ക് തോന്നി. ഞാൻ എന്തിന് ഇവിടെ വന്നു? എവിടെയാണ് ഞാൻ പോകുന്നത്? എന്തുകൊണ്ട്, എവിടേക്കാണ് ഞാൻ പോകുന്നത്? എന്തുകൊണ്ട്, എവിടേക്കാണ് ഞാൻ ഇങ്ങനെ ഓടിപ്പോകുന്നത്? രക്ഷപ്പെടാൻ കഴിയാത്ത ഏതോ ഒന്നിൽ നിന്ന് ഓടി രക്ഷപ്പെടുവാൻ ഞാൻ ശ്രമിക്കുകയാണ്. ഞാൻ എപ്പോഴും എന്‍റെ കൂടെത്തന്നെയുണ്ട്. ഞാൻ തന്നെയാണ് എനിക്ക് ഒരു വേദനയായി ത്തീരുന്നത്. ഉറങ്ങുവാനും അങ്ങനെ ഇതൊക്കെ മറക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, അതിന് കഴിയുന്നില്ല. എനിക്ക് എന്നിൽ നിന്ന് രക്ഷപ്പെടുവാൻ സാധിക്കുന്നില്ല'.
തന്നെ വേട്ടയാടുന്ന ഭയത്തിൽ നിന്ന് പുറത്തു കടക്കാനാവാതെ അയാൾ അലയുകയാണ്. അയാൾ മരിക്കുകയാണെന്ന ചിന്ത തലപൊക്കുകയാണ്. ജീവിക്കാനുള്ള ആഗ്രഹം മറുവശത്ത്. ജീവിതം എങ്ങനെയാണ്, ഈ സാഹചര്യത്തിൽ അർഥവത്താകുന്നതെന്ന ചോദ്യം അയാളെ വലിഞ്ഞു മുറുക്കി. ജീവിതവും മരണവും ഒന്നായിത്തീരുന്ന വേദനാജനകമായ അവസ്ഥയാണ് അയാൾ അനുഭവിച്ചത്. ദൈവവിശ്വാസത്തിൽ അഭയം തേടിയെങ്കിലും രക്ഷ കിട്ടിയില്ല. എസ്റ്റേറ്റ് വിൽക്കുവാൻ തീരുമാനിച്ചയാളെ കണ്ടെങ്കിലും അത് വാങ്ങാതെ അയാൾ വീട്ടിൽ തിരിച്ചെത്തുകയാണ്. പ്രാർഥനകളിൽ മുഴുകിയെങ്കിലും ഒന്നിലും താല്പര്യമില്ലാത്തവനായി. എല്ലാം ബോറടിപ്പിക്കുന്ന കാഴ്ചകൾ മാത്രം. അയാൾ ഭാവിയുടെ ജീവിതം കൂടി ജീവിച്ച പ്രതീതി.
പിന്നീട് മോസ്കോയിൽ പോകുമ്പോഴും അയാളെ ഭയം വിട്ടുമാറുന്നില്ല. രാത്രി തള്ളി നീക്കാനാണ് ഏറ്റവും പ്രയാസം. നാടകം കണ്ടശേഷം മുറിയിൽ തിരിച്ചെത്തിയപ്പോൾ ഭയം ഇരട്ടിച്ചു. "ആത്മാവിനെ ശരീരത്തിൽ നിന്ന് പറിച്ചെടുക്കുന്ന അനുഭവം. ഞാൻ ജീവിച്ചിരിക്കുന്നുണ്ട് ' -അയാൾ ചിന്തിച്ചു.
ഉള്ളിൽ മുറിവ്
ദൈവം യഥാർഥത്തിൽ നിലനിൽക്കുന്നുണ്ടോ എന്ന് അയാൾ ആലോചിക്കുന്നുണ്ട്. ദൈവം സൃഷ്ടിയുടെ രഹസ്യം പറഞ്ഞു തന്നിരുന്നെങ്കിൽ ഈ ജീവിതം ജീവിക്കാൻ കൊള്ളാവുന്ന വിധമാക്കാമായിരുന്നു. ഭാവിജീവിതത്തിൽ വിശ്വസിക്കാൻ വയ്യാതായ ആ മനുഷ്യനെ ഭാര്യയും ശകാരിച്ചു. അതൊരു രോഗമാണെന്ന് അവൾ കണ്ടുപിടിച്ചു. എന്നാൽ തന്‍റെ ശാരീരികമായ അവശതകളും സംഘർഷങ്ങളുമെല്ലാം മനസിനെ നിരന്തരമായി തകർക്കുന്ന സംഘട്ടനത്തിന്‍റെ ഫലമാണെന്ന് അയാൾക്ക് നന്നായറിയാം.
അത് പുറംലോകം അറിയാതിരിക്കാൻ കഠിനമായി പരിശ്രമിക്കുകയാണ്. അയാൾ ഒരു വലിയ മുറിവ് ഉള്ളിൽ കൊണ്ടുനടക്കുകയാണ്. ആ മുറിവ് ജീവിതത്തിൽ എല്ലാ നിമിഷത്തിലും ഉലയ്ക്കുകയാണ്. അതിൽ നിന്ന് രക്ഷ നേടാനാവുന്നില്ല. മരണമെന്ന സമസ്യയെ അഭിമുഖീകരിക്കുകയാണ്. മരണം എവിടെയാണ്, അത് എന്തിനാണ് ഇങ്ങനെ നോവിക്കുന്നത് തുടങ്ങിയ ചിന്തകളുടെ നിഴൽ അയാളുടെ മനസിൽ എപ്പോഴുമുണ്ട്.
മറ്റൊരു എസ്റ്റേറ്റ് വാങ്ങുവാൻ അയാൾ പോയി. ആ എസ്റ്റേറ്റ് ലാഭത്തിൽ കിട്ടും. അവിടുത്തെ കൃഷിക്കാർക്ക് കന്നുകാലികളെ മേയ്ക്കാൻ കഴിയണമെങ്കിൽ ഉടമസ്ഥന്‍റെ പാടത്ത് വേലയെടുത്ത് കൊടുക്കണം. അവർക്ക് സ്വന്തമായി കൃഷിഭൂമിയില്ല. ഇതാണ് എസ്റ്റേറ്റ് ഉടമയുടെ ലാഭം. എന്നാൽ ഈ ലാഭചിന്ത അയാളെ പെട്ടെന്ന് പിറകോട്ടടിച്ചു. അയാൾ ഭാര്യയോട് ഇങ്ങനെ വിശദീകരിച്ചു: എന്തുകൊണ്ടെന്നാൽ മറ്റുള്ളവരുടെ ദാരിദ്ര്യത്തിൽ നിന്നും ദുരിതങ്ങളിൽ നിന്നുമാണ് നമുക്ക് ആദായം ലഭിക്കുന്നത്. കർഷകരും നമ്മെപ്പോലെ മനുഷ്യരാണ്. അവരും ജീവിക്കാനാഗ്രഹിക്കുന്നു. വേദോപദേശങ്ങളിൽ പറഞ്ഞിരിക്കുന്നത് പോലെ അവരും പിതാവിന്‍റെ സന്തതികളാണ്'.
ഇതാണ് അയാൾ നേടിയ ബോധോദയം. ഇത് അയാളെ ആശ്വാസതീരത്തെത്തിച്ചു. ഉളളിൽ എന്തോ തകർന്നുവീഴുന്ന പോലെ തോന്നി. ഭാര്യക്ക് സന്തോഷമുണ്ടായില്ലെങ്കിലും, അയാൾക്ക് സ്വന്തം ഭ്രാന്തിൽ നിന്ന് രക്ഷപ്പെടാൻ അത് വഴി തുറന്നു. "ഭീതിയും മരണവുമില്ലെങ്കിൽ തീർച്ചയായും അത് എന്നിലും സ്ഥിതിചെയ്യുന്നില്ല. "അയാൾ സ്വന്തം വെളിപാടിനോട് സമരസപ്പെട്ടു. അയാൾ പള്ളിയിലെ പ്രാർഥന കഴിഞ്ഞ് പുറത്തുവന്നു വാതിൽക്കൽ കണ്ട ഭിക്ഷക്കാർക്ക് കൈയിലുണ്ടായിരുന്ന 35 റൂബിൾ വീതിച്ചു കൊടുത്തു. അങ്ങനെ അയാളെ അലട്ടിയ ഭ്രാന്തിൽ നിന്ന് സ്വാതന്ത്ര്യം നേടുകയാണ്.
ഇത് ടോൾസ്റ്റോയിയുടെ അടിസ്ഥാനദർശനവും ചിന്താമണ്ഡലവും വ്യക്തമാക്കുന്ന കഥയാണെന്ന പി.കെ. ബാലകൃഷ്ണന്‍റെ അഭിപ്രായത്തെ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഒരുവന് അസന്തുഷ്ടി എങ്ങനെയാണുണ്ടാകുന്നത്? അവനിൽ സ്നേഹമില്ലാത്തതാണ് കാരണം. അവൻ മറ്റുള്ളവരെ തന്നെപ്പോലെ കാണുകയാണെങ്കിൽ സമാധാനം ലഭിക്കും. ലാഭവും ആർത്തിയും അഹന്തയും പിന്മാറും. ടോൾസ്റ്റോയ് പറഞ്ഞത് ഓർക്കുക: "ദയ നമ്മുടെ ജീവിതത്തെ സമ്പന്നമാക്കും. ദയയുണ്ടെങ്കിൽ ദുരൂഹമായ വിഷയങ്ങൾ പെട്ടെന്ന് സുതാര്യമാകും; പ്രയാസമേറിയത് എളുപ്പമാകും. ബോറടിപ്പിക്കുന്നത് ഉത്സാഹമുണ്ടാക്കിത്തരും'.
ദയ ജീവിതത്തിന്‍റെ രഹസ്യമാണ്. മണ്ണിനടിയിൽ ആരുമറിയാതെ ഒഴുകുന്ന നീർച്ചാലാണത്. അവിടെയെത്തുകയാണ് ലക്ഷ്യം.
രജത രേഖകൾ
1) എഴുത്തുകാരന്‍റെ, കലാകാരന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യത്തിൽ മഹത്വവത്ക്കരിക്കപ്പെട്ട ഒരു കള്ളത്തരമുണ്ടെന്ന് പറയാതിരിക്കാനാവില്ല. കാരണം, ഈ ജീവിതം വ്യർഥമാണെന്ന് അവർക്കറിയാം. എല്ലാം വിസ്മരിക്കപ്പെടും. നമ്മളെപ്പോലെ മറ്റുള്ളവരും ഇല്ലാതാകും. എല്ലാ സ്നേഹങ്ങളും കെട്ടുകഥകളാകും. എന്നാൽ കലാകാരന്മാർ ഇതറിഞ്ഞുകൊണ്ട് ഭാവിയിൽ ജീവിക്കാനാഗ്രഹിക്കുന്നു. ഭാവിയിൽ തങ്ങളെക്കുറിച്ച് നല്ല കാര്യങ്ങൾ ആരെങ്കിലും പറയുമെന്ന് സങ്കല്പിക്കുകയാണെങ്കിൽ അത് ഇപ്പോൾ ഉന്മാദമുണ്ടാക്കാതിരിക്കുമോ? ആ ഉന്മാദം അവർ ഭാവിയിലേക്ക് തന്നെ നിക്ഷേപിക്കുന്നു. മരണാനന്തരമായ ഭാവിക്കുവേണ്ടി ജീവിക്കുന്നത് ഒരു തിന്മയാണ്. എന്തെന്നാൽ അതിൽ മനുഷ്യത്വമില്ല. അപ്പോൾ ഇന്നത്തെ ജീവിതത്തോട് അനീതി കാണിക്കേണ്ടിവരും. കാരണം, മരണാന്തരജീവിതമാണല്ലോ വേണ്ടത്. മരിച്ചതിനു ശേഷമുള്ള ജീവിതത്തിനു വേണ്ടി ഇന്നത്തെ ജീവിതത്തെ തിരസ്ക്കരിക്കുകയാണ് അവർ ചെയ്യുന്നത്.
2) കല്പറ്റ നാരായണൻ എഴുതുന്നു: "ആറ്റൂരിന് ലക്ഷം വർഷങ്ങൾ ജീവിച്ച മനുഷ്യർ തന്നിലുള്ളതിനാലാവാം, ഏതാനും സഹസ്രാബ്ദങ്ങളുടെ അനുഭവസമ്പത്ത് മാത്രമുള്ള ചരിത്രത്തിൽ വിശ്വാസം പോരാ. കുറേക്കൂടി അകന്നും കുറേക്കൂടി മാറിയും കുറേക്കൂടി ഉയർന്നും കാലാതീതവുമായ കൗതുകങ്ങളിൽ രമിച്ചു വിരമിച്ചു ആറ്റൂർ'. (വൻകാന്തമൊന്നു വലിക്കുന്നുവോ?, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 28).
കല്പറ്റയുടെ കവിതകൾക്കാണല്ലോ ഈ വർഷം കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചത്. തുറന്നുപറയട്ടെ, കല്പറ്റയുടെ കവിതകളിൽ കവിതയുടെ അനുഭൂതി തീരെയില്ല; യാന്ത്രികമായി തോന്നും. മേലുദ്ധരിച്ച ഗദ്യവും വിരസമാണ്. അതിൽ കലയില്ല. കൽപ്പറ്റ എന്തിനാണ് ആറ്റൂരിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നത്? ഒരു കവി സ്വന്തം വഴിയാണ് വെട്ടേണ്ടത്. ആറ്റൂരിന്‍റെ വഴിയല്ല തേടേണ്ടത്. ഓരോ കവിയും മറ്റു കവികളെക്കുറിച്ച് ഇങ്ങനെ പ്രശംസിച്ച് എഴുതുകയാണെങ്കിൽ പിന്നെ വിമർശനം എവിടെയാണ്? ലക്ഷം വർഷങ്ങൾ ജീവിച്ച അനുഭവം ആറ്റൂരിൽ മാത്രമല്ല, ഓരോ മനുഷ്യനിലുമുണ്ട്. അതാണ് ജനിറ്റിക്സ്, കാൾ യുംഗിന്‍റെ കലക്ടീവ് അൺകോൺഷ്യസ്.
2) സക്കറിയയുടെ "ഒരിടത്ത്' എന്ന കഥ ഒരു അദ്ഭുതമായിരുന്നു. ഇപ്പോഴത്തെ കഥകളിൽ ദാർശനിക മാനമില്ല.
3) കടലുകളെയും മീനുകളെയും കുറിച്ച് ഏറെ കവിതകൾ എഴുതിയ കവിയാണ് സത്യൻ മാടാക്കര. അദ്ദേഹത്തിന് കാൽ നൂറ്റാണ്ടിലേറെയായി ദുബായിയിലെ കടൽക്കരയിലായിരുന്നു ജോലി. അദ്ദേഹം എഴുതിയ "പ്രണയ നാവികൻ' (ആശ്രയ മാതൃനാട്, ജൂലൈ) എന്ന കവിതയിലും ഇതു കാണാം.
"കപ്പൽ തുറമുഖം വിട്ടുപോകുമ്പോഴുള്ള
കരച്ചിൽ എന്‍റെ പ്രണയത്തിലുണ്ട് '.
4) ഫിലിം ജേണലിസത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള എം. വേണുകുമാര്‍ എഴുതിയ "സിനിമ - ജീവിതങ്ങൾ സ്വപ്നങ്ങൾ' (പ്രഭാത് ബുക്ക് ഹൗസ്) നടുക്കത്തോടെയാണ് വായിച്ചത്. കോടമ്പാക്കത്തെ ഓർമകൾ ചൂടുപിടിക്കുകയാണ്. അക്കൂട്ടത്തിൽ ശ്രദ്ധേയമായത് കോറിയോഗ്രാഫർ സലിം മാസ്റ്ററെ വർഷങ്ങൾക്കുശേഷം അന്വേഷിച്ചു ചെന്നപ്പോൾ കണ്ടതിനെക്കുറിച്ചുള്ള വിവരണമാണ്: "ഒരു വീടിന്‍റെ പിന്നാമ്പുറത്തെ കോണിപ്പടിക്ക് കീഴെ, ഒടിഞ്ഞ പലക ബെഞ്ചിൽ അദ്ദേഹം കണ്ണടച്ചു കിടക്കുന്നു. തൊട്ടടുത്ത് ദുർഗന്ധം വമിക്കുന്ന ബാത്റൂം. ശ്രദ്ധിക്കാൻ ആരോരുമില്ലാതെ എല്ലും തോലുമായ മനുഷ്യരൂപം. തലേദിവസം കഴിച്ച ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങൾ ചിതറിക്കിടപ്പുണ്ട് '.
സ്വപ്നങ്ങൾക്ക് മാത്രമേ വിലയുള്ളൂ, മനഷ്യനില്ല.
5) വിശ്വൻ പടനിലത്തിന്‍റെ "സിന്ധു സൂര്യകുമാർ കവർ സ്‌റ്റോറി വായിക്കുന്നു' എന്ന കഥാസമാഹാരം സമകാലിക ജീവിതത്തിന്‍റെ പഴുത്ത ലോഹക്കൂട്ട് കാണിച്ചു തരുന്നു. കഥാരചനയുടെ പരിണാമദശയിൽ വിശ്വൻ തന്‍റേതായ സംഭാവന നൽകുന്നു. നവീകരിക്കുക എന്നാൽ ഇതാണ്. ചിന്തയുടെയും ഭാവനയുടെയും വളർച്ച മുരടിച്ചു പോയവർക്ക് ഇത് സാധ്യമല്ല. എല്ലാ നല്ല എഴുത്തുകാരും സ്വയം നവീകരിക്കും. "നോട്സ് ഫ്രം അണ്ടർഗ്രൗണ്ട് ' എന്ന ആദ്യകാല നോവലിൽ നിന്ന് ദസ്തയെവ്സ്കി "ദ് ബ്രദേഴ്സ് കരമസോവി'ലെത്തുമ്പോൾ എത്രമാത്രം വളർന്നു, നവീകരിച്ചു എന്ന് നോക്കുക. ഷേക്സ്പിയറും നവീകരിച്ചിട്ടുണ്ട്. റോമൻ, ഗ്രീക്ക് നാടകങ്ങളുടെ പാരമ്പര്യം വിട്ട് നവീനമായ ഒരു നാടകരചനാ രീതിയാണ് ഷേക്സ്പിയർ അവലംബിച്ചത്. ഇതിന്‍റെ പേരിൽ അദ്ദേഹത്തെ ഇപ്പോഴും വിമർശിച്ചു കൊണ്ടിരിക്കുകയാണ് ചിലർ.
6) അമെരിക്കൻ ഫിലിം കൊമേഡിയനായ ഗ്രൂഷോ മാർക്സ് സത്യം സത്യമായി പറഞ്ഞു: "ഇരുപത് വർഷം ഞാനും എന്‍റെ ഭാര്യയും സന്തോഷത്തോടെയാണ് കഴിഞ്ഞത്. എന്നാൽ പിന്നീടാണ് ഞങ്ങൾ കണ്ടുമുട്ടിയത്'.