ഡോ. കെ.പി. ജയ്‌കിരൺ
സാമാന്യം ഒഴിഞ്ഞ നിരത്തുകളിലൂടെ ഇടയ്ക്കിടെ പോകുന്ന വാഹനങ്ങൾ, അടഞ്ഞു കിടക്കുന്ന കടകളും അവയ്ക്കു മുന്നിലെ ഓണപ്പരസ്യങ്ങൾ, ഹോട്ടലുകൾക്ക് മുന്നിലെ ഡെലിവറി സർവീസുകാരുടെ തിരക്ക്, വഴിയരികിൽ വിശ്രമിക്കുന്ന ഓട്ടൊറിക്ഷകൾ...
തിരുവോണ പിറ്റേന്ന് ഉച്ചനേരത്തു തിരുവനന്തപുരം നഗരത്തിലൂടെ സുഹൃത്തിനോടൊപ്പം പോയപ്പോൾ കണ്ട കാഴ്ചകൾ ഇതൊക്കെയായിരുന്നു.
'അത്തപ്പൂക്കളങ്ങളും ചെറുപ്പക്കാരും എവിടെ പോയെന്നറിയില്ല'. സുഹൃത്തിന്‍റെ വാക്കുകൾ മനസിൽ എഴുപതുകളിലെയും എൺപതുകളിലെയും ഓണച്ചിത്രങ്ങൾ വരയ്ക്കുകയായിരുന്നു. കവലകളിലെ ക്ലബ്ബുകളിലും ഇടവഴികളിലെ ഒഴിഞ്ഞ കോണുകളിലും അത്തപ്പൂക്കളമൊരുക്കുന്ന കുട്ടികളും ചെറുപ്പക്കാരും വാഹനങ്ങൾ പോകുമ്പോൾ മാത്രം നിൽക്കുന്ന ചെറിയ റോഡുകളിലെ സെവെൻറ്റീസും ഫുട്ബോളും ക്രിക്കറ്റും വൈകുന്നേരത്തെ പരിപാടികൾക്കുള്ള സ്റ്റേജിൽ നിന്നും കേൾക്കുന്ന സംഗീതവും ഓണം കാണാൻ ഓണക്കോടിയും ധരിച്ചു റോഡിലൂടെ നടക്കുന്ന നാട്ടുകാരും.
സ്മാർട്ട് ഫോൺ സെൽഫികളിലും ഇൻസ്റ്റാഗ്രാം റീലുകളിലും വാട്സാപ്പ് സന്ദേശങ്ങളിലും തൊഴിലിടങ്ങളിലെയും കോളെജുകളിലെയും ഓണാഘോഷങ്ങളിലും മാത്രമായി ഓണം ചുരുങ്ങിയപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് മനുഷ്യ ബന്ധങ്ങളുടെ പീലിവിരിച്ചാടലല്ലേ?
'ഹാപ്പി ഓണം എന്നുപറഞ്ഞു അവസാനിപ്പിക്കാവുന്ന ബന്ധങ്ങളേ ഇന്നുളളൂ' എന്ന് നമ്മൾ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് നഗരത്തിനു പുറത്തെ നാട്ടിൻപുറത്തു വഴിയരികിൽ അത്തപ്പൂക്കളങ്ങളും അവയ്ക്കു ചുറ്റും നിൽക്കുന്ന ചെറുപ്പക്കാരെയും കണ്ടത്.
ഓരോ ദേശത്തിനും ഒരു കഥയുണ്ട്. ഒരു ചരിത്രമുണ്ട്. തലമുറകൾ അവിടെ ജീവിച്ച ചരിത്രം. സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ റീജൻസി കാലത്തിൽ ഇംഗ്ലണ്ടിലെ ശരാശരി മനുഷ്യായുസ് വെറും 22 ആയിരുന്നപ്പോൾ അവിടം പശ്ചാത്തലമാക്കി ജെയിൻ ആസ്റ്റൺ രചിച്ച Pride and Prejudice എന്ന നോവൽ ഇന്നത്തെ കുട്ടികൾ വായിക്കേണ്ടതാണെന്ന് ഒരു ഇംഗ്ലീഷ് പത്രത്തിൽ അടുത്തിടെ വായിച്ചത് പ്രസക്തമാണ്. ദാരിദ്ര്യവും പട്ടിണിയും മഹാമാരികളും ജനസംഖ്യയെ കാർന്നു തിന്നിരുന്നപ്പോൾ അതിജീവനത്തിനും ആത്മാഭിമാനത്തിനും മനുഷ്യർ കഷ്ടപ്പെട്ട കാലത്തിലൂടെയാണ് ഇംഗ്ലണ്ട് കടന്നുവന്നതെന്ന് യുവതലമുറ അറിയണമെന്ന പത്രത്തിന്‍റെ വാദം ലോകത്തിനുള്ള സന്ദേശമാണെന്ന് അന്നേ തോന്നിയിരുന്നു.
ഓണക്കാലത്തെ നഗരക്കാഴ്ച അതിനെ ഒന്നുകൂടി ദൃഢമാക്കി. ഇംഗ്ലണ്ടിന്‍റെ ഗതകാലം അവിടത്തെ അന്നത്തെ എഴുത്തുകാർ എങ്ങനെ രേഖപ്പെടുത്തിയോ അതുപോലെ തന്നെ ഓരോ ദേശത്തേയും എഴുത്തുകാർ അവിടങ്ങളിലെ മനുഷ്യരുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് - നമ്മുടെ ചന്തു മേനോനെയും തകഴിയേയും പൊറ്റെക്കാടിനേയും ബഷീറിനെയും പോലെ.
'35 വർഷം മുമ്പാണ് ശ്രീധരൻ ആ ദേശത്തോട് വിടവാങ്ങി നാടുവിട്ടത്. 35 കൊല്ലം കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ !!!! മാറ്റങ്ങളുടെ ഒരു മഹായുദ്ധം വരെ ഇവിടെ നടന്നിട്ടുണ്ട് ' എന്ന് 'ഒരു ദേശത്തിന്‍റെ കഥ' എന്ന നോവലിലൂടെ എസ്.കെ. പൊറ്റെക്കാടും പറഞ്ഞുവയ്ക്കുന്നത് ഇതു തന്നെയാണ്.
മാറ്റങ്ങളുടെ ഒരു മഹായുദ്ധം തന്നെയാണ് എല്ലായിടത്തും നടന്നിട്ടുള്ളത്. അതിൽ ടെലിവിഷനും ഇന്‍റർനെറ്റും സ്മാർട്ട് ഫോണും വാട്സാപ്പും എല്ലാം ആയുധങ്ങളാണ്. നമ്മൾ യോദ്ധാക്കളും. ശ്രീധരന്‍റെ ബാല്യത്തിലൂടെയും കൗമാരത്തിലൂടെയും, യൗവനത്തിലൂടെയും അതിരാണിപ്പാടത്തിലൂടെ പൊറ്റെക്കാട് നമ്മളെ നടത്തുമ്പോൾ നമുക്ക് ബ്രിട്ടീഷ് ഇന്ത്യയും അതിലെ മനുഷ്യരേയും അവരുടെ ജീവിതവും കാണാം. ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ അന്നത്തെ കാലത്തെ മനുഷ്യ ബന്ധങ്ങളും കാണാം. മനുഷ്യനും ഭൂമിയും തമ്മിലുള്ള രണ്ടു നൂറ്റാണ്ടുകളുടെ ബന്ധം കുട്ടനാടെന്ന വലിയ ക്യാൻവാസിൽ 'കയർ' എന്ന നോവലിലൂടെ തകഴി എന്ന മാന്ത്രികൻ വരച്ചു കാട്ടുന്നത് കൂട്ടുകുടുംബ വ്യവസ്ഥയും മരുമക്കത്തായവും സ്വാതന്ത്ര്യ സമരവും ലോക മഹായുദ്ധവും പ്രജാഭരണവുമൊക്കെയാണ്.
വീട്ടിലിരുന്നു സ്മാർട്ട് ഫോണിൽ തടവുമ്പോൾ വരാന്തയിൽ ഊണ് വരുന്ന ഈ കാലത്തു ഊണിനു വേണ്ടി ഒരുകാലത്തെ തലമുറകൾ കഷ്ടപ്പെട്ടത് നമ്മുടെ ചെറുപ്പക്കാർ വായിക്കണം. 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന് പറഞ്ഞാൽ ഇന്ന് പലരും ചോദിക്കും അതെന്താണെന്ന്. ഇന്നലെ ഇങ്ങനെ ഓണം ഉണ്ടവരുടെ കഥകൾ വായിച്ചാലേ ഓണത്തിന്‍റെ മൂല്യം ഷോപ്പിങ് മാളുകളിലെ ഏറ്റവും മികച്ച ഓഫറുകളെക്കാൾ വലുതാണെന്നും ഒരു കാലത്തെ മനുഷ്യ ബന്ധങ്ങൾ നിർവചിച്ചിരുന്ന, കൂട്ടായ്മകളും പരസ്പര സ്നേഹവും നിർമ്മിച്ചിരുന്ന ഒരു മഹാമേളയായിരുന്നു ഓണമെന്നും മനസിലാകൂ. ഇന്ന് ഓണം എന്നത് ഗൂഗിൾ മീറ്റിലും ഷോപ്പിങ് മാളുകളിലും പിന്നെ നാട്ടിലെ വീടുകളിൽ നടക്കാനും ഓടാനുമാവാതെ കഴിയുന്നവർക്കായി ഹോട്ടലുകളിൽ സംഘടിപ്പിക്കുന്ന ഒരു പരിപാടിയുമായി മാറിക്കഴിഞ്ഞു. നാളെ ഇത് എന്തായിരിക്കുമെന്ന് ഇന്ന് പറയാനാവില്ല.
ചെറിയ യാത്രയ്ക്കു ശേഷം പുതിയ ആറുവരി പാതയിലൂടെ നഗരത്തിലേക്കു മടങ്ങുമ്പോൾ ആകെക്കണ്ട ആൾക്കൂട്ടം പ്രശസ്തമായ ഷോപ്പിങ് മാളിന് മുന്നിലായിരുന്നു. വീട്ടിലും ഇടവഴിയിലുമില്ലാത്ത ഓണം റോഡിലെവിടെയെങ്കിലും ഉണ്ടോ എന്ന് തിരക്കി കാറുകളിലും ഓട്ടൊകളിലും ബൈക്കുകളിലും വൈകുന്നേരത്തു ജനം പരക്കം പായുമ്പോൾ ശ്രീധരന്‍റെ അതിരാണിപ്പാടത്തെ ഓണവും തകഴിയുടെ കുട്ടനാട്ടിലെ ഓണക്കളികളും ഒരിക്കലും വിസ്മരിക്കപ്പെടില്ല. അത് പുതിയ രൂപത്തിലും ഭാവത്തിലും വരികതന്നെ ചെയ്യും. അതിന് ആരു മുൻകൈ എടുക്കണം എന്നതാണ് പ്രധാനം.
(തിരുവനന്തപുരം ഗവ. യൂണിവേഴ്സിറ്റി കോളെജ് ജിയോളജി വകുപ്പ് മുൻ മേധാവിയാണ് ലേഖകൻ)