ഭാഷ കവിയുടെ വിധി 
Literature

ഭാഷ കവിയുടെ വിധി

. ഭാഷ ഒരു അതിജീവനമാണ്. ഭാഷയിൽ സ്വയം മറക്കുന്നതു പോലും പ്രധാനമാണ്. കാരണം, ഭാഷയിലൂടെയല്ലാതെ കവിക്ക് ഒന്നും തന്നെ പറയാനില്ല.

എം.കെ.ഹരികുമാർ

കവിതയിൽ കടമ്മനിട്ട രാമകൃഷ്ണൻ ഒരു ഭാഷ സൃഷ്ടിച്ചു. കാടും കരിമ്പാറയും കാട്ടാളനും ചേർന്ന പുരാതന സംസ്കൃതിയുടെ ജീവസുറ്റ അടയാളങ്ങൾ കടമ്മനിട്ട ആവിഷ്ക്കരിച്ചു. കവിതയുടെ ഭാഷ കവിയുടെ വിധിയാണെന്ന് ഈ പംക്തിയിൽ മുമ്പ് എഴുതിയിട്ടുള്ളതാണ്. വേറൊരു മാർഗവുമില്ലാതെ വരുമ്പോഴാണ് കവി ഭാഷയിൽ സ്വയം പ്രകാശിപ്പിക്കുന്നത്. ഭാഷ ഒരു അതിജീവനമാണ്. ഭാഷയിൽ സ്വയം മറക്കുന്നതു പോലും പ്രധാനമാണ്. കാരണം, ഭാഷയിലൂടെയല്ലാതെ കവിക്ക് ഒന്നും തന്നെ പറയാനില്ല. അതുകൊണ്ട് ഭാഷ കവിക്ക് പഴയ ജന്മങ്ങളെക്കുറിച്ചുള്ള വെളിപാടു പോലെയാണ്. ചില കാഴ്ചകൾ, നൊമ്പരങ്ങൾ വെളിപ്പെടുത്തുകയാണ്. അതിനു പ്രവചന സ്വഭാവമുണ്ടാവാം. ആ ഭാഷ നാം സാധാരണ സഞ്ചരിക്കുന്ന ഭാഷയായിരിക്കില്ല. കവിയുടെ തെരഞ്ഞെടുപ്പാണിത്. ഒരു കവിതയുടെ രൂപം പോലെ തന്നെ ഭാഷയും നിർണായകമാണ്. ഭാഷയിലെ താളം തെറ്റൽ ആ ട്രെയ്‌ൻ പാളം തെറ്റുന്നതുപോലെ ദുരന്തമാണ്. ഭ്രാന്തു പിടിച്ച് വാക്കുകൾക്ക് പിന്നാലെ പോകുന്ന കവി ഭൂതാവിഷ്ടനാണ്. അയാൾക്ക് സൃഷ്ടിയുടെ വേളയിൽ വാക്കുകൾ മാറിപ്പോകാം. അതാണ് ദുരന്തമായിത്തീരുന്നത്.

റഷ്യൻ നോവലിസ്റ്റും കവിയുമായ ഇവാൻ തുർജനേവ് പറയുന്നു: "കവിത ദൈവത്തിന്‍റെ ഭാഷയാണ്. ഞാൻ കവിത ഇഷ്ടപ്പെടുന്നു. എന്നാൽ കവിത കവനങ്ങളിൽ മാത്രമല്ല ഉള്ളത് ;അത് എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണ്. അത് നമുക്ക് ചുറ്റിനുമുണ്ട്. വൃക്ഷങ്ങളെ നോക്കൂ, ആകാശത്തിന്‍റെ എല്ലാ ഇടങ്ങളിലേക്കും നോക്കൂ, സൗന്ദര്യത്തിന്‍റെ, ജീവിതത്തിന്‍റെ ശ്വാസം അവിടെയുണ്ട്. എവിടെയാണോ ജീവിതമുള്ളത്, സൗന്ദര്യമുള്ളത്, അവിടെ കവിതയുമുണ്ട്.'

കാട്ടാളനെന്തിന്?

ചുറ്റുപാടും നോക്കി യഥാതഥമെന്ന പോലെ എഴുതി വച്ചിരിക്കുന്ന പകൽ സത്യങ്ങളിൽ നിന്ന് അപ്രാപ്യമായ ജീവിതത്തിന്‍റെ അതീത മേഖലകളിലേക്ക്, അല്ലെങ്കിൽ അടിയിൽ ഞെരിഞ്ഞമർന്ന അജ്ഞാതമായ ജൈവഗണങ്ങളിലേക്ക് ശ്രദ്ധിക്കാൻ കഴിയുമ്പോഴാണ് കവിയുടെ ഭാഷ സ്വന്തം ആവശ്യത്തിനായി തുടൽ പൊട്ടിക്കുന്നത്. കവിക്ക് സ്വയം മറികടക്കേണ്ടത് അനിവാര്യമാണ്. ലോകത്തിന്‍റെ വേഗത്തിനൊത്ത് കാലഹരണപ്പെടുന്നവയുടെ എണ്ണം പെരുകുകയാണ്. എല്ലാ സ്നേഹലോകങ്ങളും തീവ്രമായ വേഗതയിൽ പിന്നോട്ടമരുകയാണ്. അതിജീവിക്കുക എന്ന പ്രക്രിയയിൽ കവി ഒരു കാട്ടാളനാവുകയാണ്. കടമ്മനിട്ട "കിരാതവൃത്ത'ത്തിൽ എഴുതുന്നത് നോക്കുക:

'കരിമേഘം ചത്തുകിടക്കും

കാകോളക്കടലോ മാനം?

കരിമരണം കാവലിരിക്കും

കടുംനോവിൻ കോട്ടയിലോ ഞാൻ?

എവിടെന്‍റെ കിനാക്കൾ

വിതച്ചോരിടിമിന്നലു പൂക്കും മാനം

എവിടെന്‍റെ തുളസിക്കാടുകൾ,

ഈറൻമുടി കോതിയ സന്ധ്യകൾ?

പച്ചപ്പൈ ചാടി നടക്കും

മുത്തങ്ങാപ്പുല്ലുകളെവിടെ?'

ഈ ഭാഷ കവി തന്‍റെ ചങ്ങലകൾ പൊട്ടിച്ച്, അനാഥമായി തന്‍റെ നഷ്ടപ്പെട്ട കാടന്വേഷിച്ച് പോകുമ്പോൾ സംഭവിക്കുന്നതാണ്. പരിചിതമായ ബിംബങ്ങൾ കടപുഴകി വീഴുന്നു. കടമ്മനിട്ട ഒരു പുരാതനമായ കോട്ട തകർക്കുകയാണ്. മറ്റൊരു ജ്വാലാമുഖി പിറക്കുകയാണ്. പുതിയ ബിംബങ്ങൾ സ്വാഭാവികമെന്ന പോലെ അവതരിക്കുന്നു. ആത്മബന്ധമുള്ള പുതിയ പ്രയോഗങ്ങൾ രൂപപ്പെടുകയാണ്. ജീവിക്കാൻ വേണ്ടിയാണ് എഴുതുന്നത്.

സത്യങ്ങൾ കുഴിച്ചുമൂടി അട്ടഹസിക്കാൻ കവിക്ക് പ്രയാസമാണ്. അയാൾ സത്യത്തോടൊപ്പം ഒലിച്ചു പോവുകയാണ്. ഏതെല്ലാമോ താഴ്വരകളിൽ അപരിചിതരുടെ കൂട്ടത്തിൽ അയാൾ ചെന്നെത്തുന്നു. അപ്പോഴും ആരും കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കാനും ആരും കാണാത്ത കാഴ്ചകൾ കാണാനും അയാൾക്ക് കഴിയുന്നുണ്ട്. ആ ശബ്ദങ്ങളും കാഴ്ചകളും ഒഴിവാക്കാനാവില്ല. തന്‍റെ ബോധമണ്ഡലത്തെ സംവേദനക്ഷമമാക്കുന്ന ദുഃസ്വപ്നത്തോടു പോലും കവി മുഖം തിരിക്കില്ല.

കാറ്റു പോലെ

കഴിഞ്ഞ ദിവസം കവി അസീം താന്നിമൂട് അയച്ചുതന്ന ഒരു യൂട്യൂബ് ലിങ്ക് ഓർക്കുകയാണ്. ഞാൻ അത് കൗതുകപൂർവം കേട്ടു. ഇന്നത്തെ സാംസ്കാരിക അന്തരീക്ഷത്തെ നിർമിച്ചെടുക്കുന്നതിൽ സച്ചിദാനന്ദന്‍റെ പങ്കിനെക്കുറിച്ചാണ് അസീം ഈ ലിങ്കിൽ പറയുന്നത്. കെ.ബി. ഷൈൻ മുണ്ടയ്ക്കലിന്‍റെ യുട്യൂബ് ലിങ്കിലാണ് ഇത് കണ്ടത്. സച്ചിദാനന്ദന്‍റെ സാംസ്കാരിക, പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് അസീം ഒരു ലഘു പ്രഭാഷണം നടത്തുന്നുണ്ട്. നിരന്തരം സാമൂഹ്യ ജീവിതത്തിൽ ഇടപെടുന്ന ഒരു കവിയായി സച്ചിദാനന്ദനെ അദ്ദേഹം വിലയിരുത്തുന്നു. തുടർന്ന് സച്ചിദാനന്ദൻ തന്‍റെ "അതിജീവനം' എന്ന കവിത വായിക്കുന്ന ദൃശ്യവും കാണാൻ കഴിഞ്ഞു.

ഈ കവിത സച്ചിദാനന്ദൻ തന്നെ വായിച്ചു കേട്ടത് നന്നായി ആസ്വദിച്ചു എന്നറിയിക്കട്ടെ. വാക്കുകളിൽ അദ്ദേഹം ഒരു ശക്തിയേറിയ കാറ്റു പോലെ ചുറ്റിപ്പടരുന്നത് അനുഭവപ്പെട്ടു. ആ കാറ്റു പിടിത്തം ഭാഷയെ ആകെ നവീകരിക്കുന്ന ഒരു പ്രക്രിയയായി മാറുന്നുണ്ട്. വർധിച്ച പ്രത്യുത്പാദനക്ഷമതയുള്ള കവിയാണ് സച്ചിദാനന്ദൻ. അദ്ദേഹം നിരന്തരമായി എഴുതിക്കൊണ്ടിരിക്കുന്നു. എവിടെനിന്നും അനുഭവം നേടിയെടുക്കാം എന്ന കലാതന്ത്രം അദ്ദേഹം പരീക്ഷിക്കുന്നു. പൗരാണികവും ആധുനികവും സമകാലികവുമായ ജീവിതാവസ്ഥകളെ ബിംബങ്ങളിലൂടെ കൂട്ടിക്കലർത്തിയാണ് സച്ചിദാനന്ദൻ തന്‍റെ ഭാവുകത്വം സൃഷ്ടിക്കുന്നത്. മരിച്ച ഭൂതകാലത്തിൽ നിന്ന് അദ്ദേഹം മലയാളത്തെ കണ്ടെടുക്കുന്നു. വർഷങ്ങൾക്കു മുമ്പ് അദ്ദേഹം എഴുതിയ "മലയാളം' എന്ന കവിത ഇവിടെ ഓർക്കാവുന്നതാണ്.

സച്ചിദാനന്ദൻ ഒരു കവിതയ്ക്ക് തിരഞ്ഞെടുക്കുന്ന രൂപം അദ്ദേഹത്തിനു എത്രയും ആഴത്തിൽ, വിശാലമായി വിഷയം അവതരിപ്പിക്കാൻ കഴിയുന്ന തരത്തിലിയിരിക്കും. വളരെ അന്തർമുഖമായ ഒരാവിഷ്കാരത്തിനു മുതിരുമ്പോൾ പോലും അത് സൃഷ്ടിപരമായ ഒരാവശ്യമായിരിക്കും. ഇവിടെ ചർച്ച ചെയ്യുന്ന "അതിജീവനം' ഞാൻ നേരത്തെ വായിച്ചിരുന്നില്ല. എന്നാൽ സച്ചിദാനന്ദന്‍റെ ശബ്ദത്തിൽ അത് കേട്ടപ്പോൾ ചില അജ്ഞാതമായ ഓർമകൾ തലപൊക്കി വന്നു. കവിതയെ ഒരു പഴഞ്ചരക്കാക്കി എഴുതിത്തള്ളാൻ താൻ സമ്മതിക്കില്ലെന്ന് ഈ കവിതയിലൂടെ അദ്ദേഹം ധ്വനിപ്പിക്കുന്നതായി തോന്നി. തനിക്ക് ലഭിച്ച ദിവ്യജ്ഞാനത്തെ അല്പം പോലും നഷ്ടപ്പെടുത്താതെ, അതിന്‍റെ അരികും മൂലയും ഉടയാതെ, മൂർച്ചയോടെ അനുവാചകന് നൽകുന്നതിലാണ് കവിയുടെ സാമർത്ഥ്യം.

ഇത് ശരിക്ക് പറഞ്ഞാൽ അനുവാചകനു നൽകലല്ല; കവി സ്വയം കൃത്യത പാലിക്കുകയാണ്. ഒരു കവിക്ക് കവിത എഴുതാൻ ഈ പ്രപഞ്ചത്തിൽ ഒരു അവസരമേയുള്ളൂ. മാത്യു അർനോൾഡിനു "ഡോവർ ബീച്ച്' എഴുതാൻ ഒരവസരമേയുള്ളൂ. പിന്നീട് എഴുതുന്നത് വേറൊരു കവിതയായിരിക്കും. സച്ചിദാനന്ദന് "അതിജീവനം' എഴുതാൻ ഒരു അവസരമേയുള്ളൂ എന്ന് അദ്ദേഹം മനസിലാക്കിയതു കൊണ്ടാണ് പരമാവധി സത്യസന്ധതയിൽ, തന്നെ പൊതിഞ്ഞ സങ്കീർണതയും അലട്ടലും സമസ്യയും ചോർന്നു പോകാതെ ഭാഷയിൽ കൊണ്ടുവരുന്നത്.

ഭാഷയുടെ ആഭിചാരം

കവിതയിലെ ഭാഷ ഒരു യക്ഷിയുടെ ഭാഷ പോലെ പരിഭ്രമിപ്പിക്കുന്നതാണ്. കവിക്ക് മനുഷ്യരൂപത്തിൽ നിന്ന്, ജീവിതത്തിൽ നിന്ന് ഒരു യക്ഷിയുടെ ജീവിതത്തിലേക്ക് പരകായപ്രവേശം ചെയ്താലേ അതിഭൗതികമായ ഭാഷയും യാഥാർഥ്യങ്ങളും വഴങ്ങുകയുള്ളൂ. മാർക്കറ്റിൽ സുലഭമായ യാഥാർഥ്യമല്ല കവി കണ്ടെത്തുന്നത്. സച്ചിദാനന്ദൻ എഴുതുന്നു:

"കാറ്റാടി മരങ്ങൾ ചൂളമിടുന്നത്

ഒരു കാലിച്ചെറുക്കന്‍റെ ജീവൻ

അവയിൽ പ്രവേശിക്കുമ്പോഴാണ്.

ചെമ്പരത്തിച്ചെടികൾ തലയിൽ

പൂ ചൂടി കുണുങ്ങി നിൽക്കുന്നത്

തെരുവു സുന്ദരികളുടെ ആത്മാവ്

അവയിൽ കയറിക്കൂടുമ്പോഴാണ്.

കൽക്കരിയിൽ പുരാതനങ്ങളായ

കാടുകൾ ഉറങ്ങിക്കിടക്കുന്നു

അവയ്ക്കകത്ത് നാം

മെരുക്കിയെടുക്കുന്ന കാട്ടുതീയുണ്ട്.

കൊടുങ്കാറ്റുകൾ ജനതകളുടെ

പാഴായ സ്വപ്നങ്ങളാണ്,

ഇളം കാറ്റുകൾ സാക്ഷാത്കരിക്കപ്പെടാത്ത

തരുണ പ്രണയങ്ങളും.

ചേറിൽ പോലുമുണ്ട്

പൂണ്ടുകിടക്കുന്ന

ജീവികളുടെ ആത്മാക്കൾ'.

ഇത് വിസ്മരിക്കപ്പെട്ട, തുടച്ചു നീക്കപ്പെട്ട, ജീവിതങ്ങളുടെ ആക്രന്ദനമാണ്. ജീവിച്ചിരിക്കെത്തന്നെ പുരാതനമായിത്തീരുന്ന, മൃതമായിത്തീരുന്ന ജീവിതങ്ങൾ എവിടെയുമുണ്ട്. അവയോട് ആരും സംസാരിക്കുന്നില്ല. അവയെ കണ്ടതായി ഭാവിക്കുന്നില്ല. അവയെ ക്രൂരമായി തള്ളിക്കളയുന്നതിലാണ് പൊങ്ങച്ചത്തിന്‍റെയും ധാർഷ്ട്യത്തിന്‍റെയും ഒരു ഔൺസ് ജീവിതമെങ്കിലും പതഞ്ഞുയരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നത്. അവഗണിക്കപ്പെട്ട ജീവിതങ്ങൾ പരാജയത്തിലും കുതറി മാറാൻ വിധിക്കപ്പെട്ടിരിക്കുന്നു. തിരിച്ചുവരവ് അസാധ്യമായവിധം ലോകത്തിന്‍റെ ക്രുദ്ധമായ ആയുധങ്ങളും നോട്ടങ്ങളും അവയിലേക്ക് എപ്പോഴും ആഞ്ഞു പതിക്കുകയാണ്.

സച്ചിദാനന്ദൻ ഒരു ആഭിചാര പ്രക്രിയയിലെന്നപോലെ കവിതയുടെ ഭാഷയെ മാറ്റുന്നു. ഭാഷയ്ക്കുള്ളിൽ വേറൊരു ഭാഷയുണ്ടാവുന്നു. ആ ഭാഷ സംസാരിക്കുന്നത് പലതരം വിലാപങ്ങളെയും പ്രശ്നങ്ങളെയും കുറിച്ചാണ്. കവിതയെക്കുറിച്ച് ഉറച്ച ബോധ്യത്തിൽ നിന്നു കൊണ്ട് സച്ചിദാനന്ദൻ ഇങ്ങനെ കുറിക്കുന്നു:

"പാമ്പുകളുടെ ജീവൻ

കടലിൽ തിരമാലകളായി പുളയുന്നു.

കവിതയുടെ പ്രാണൻ ആവേശിച്ചവർ

എങ്ങും ഉറച്ചിരിക്കുന്നില്ല.

അവർ നടക്കുന്നത്

നൃത്തം ചെയ്യുമ്പോലെയാണ്.

ഉറങ്ങുമ്പോഴാണ്

അവർ ഏറ്റവും ഉണർന്നിരിക്കുന്നത്.

ഒരു അക്ഷരത്തിന്‍റെ ഓരോ വളവിലും

എത്ര തലമുറകളുണ്ട് എന്നറിയാൻ

ആരോ ഒരു സൂക്ഷ്മദർശിനി

കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്'.

ഈ വരികളിലൂടെ സച്ചിദാനന്ദൻ തന്‍റെ കാവ്യസംസ്കാരത്തിന്‍റെ അപ്രവചനീയമായ ആകുലതകളും സ്പന്ദിക്കുന്ന രഹസ്യങ്ങളും വെളിപ്പെടുത്തുകയാണ്. കവി ഉറങ്ങുന്നില്ല. അയാൾ ഓരോ വാക്കിലും വളവിലും അന്വേഷിക്കുകയാണ്, പിടിതരാതെ വഴുതുന്ന ഭൂതകാലത്തെ.

ഉത്തരരേഖകൾ

1) യു.എ. ഖാദറിനെക്കുറിച്ച് കാര്യമായ വിമർശന ലേഖനങ്ങൾ വന്നില്ലെന്നു തോന്നുന്നു?

ഉത്തരം: വിമർശകർക്ക് ഭാവുകത്വപരമായ പ്രശ്നങ്ങളുണ്ട്. അവർ ചിലപ്പോൾ അവരുടെ തന്നെ തടവറയിലാകാം. കലാപരമായ പ്രചോദനങ്ങൾ വിമർശനത്തിനു അനിവാര്യമാണ്. യു.എ. ഖാദർ കനമുള്ള ആന്തരികാനുഭവങ്ങൾ എഴുതി. "തൃക്കോട്ടൂർ കഥകൾ' അതിനു ഒരു തെളിവാണ്.

എം. ഗോകുൽദാസിന്‍റെ "യു.എ. ഖാദർ -എഴുത്ത് ജീവിതം കഥകൾ' എന്ന പുസ്തകത്തെപ്പറ്റി ഐസക്ക് ഈപ്പൻ എഴുതിയ നിരൂപണം (യു.എ. ഖാദറിന്‍റെ അനുഭവലോകം, ദേശാഭിമാനി, ജൂൺ 2) വായിച്ചു. റങ്കൂണിന്‍റെ ഏകാന്തതയിൽ നിന്ന് മലയാള സാഹിത്യത്തിലേക്കുള്ള ഖാദറിന്‍റെ യാത്രയാണ് ഗോകുൽദാസ് വിവിധ തലങ്ങളിലൂടെ പ്രതിപാദിക്കുന്നതെന്നു വിശദീകരിച്ച ഐസക്ക് ഇങ്ങനെ നിരീക്ഷിക്കുന്നു: "ഒറ്റ വായനയുടെ ലാളിത്യത്തിനു വെളിയിലേക്ക് ഗഹനതയോടെ സഞ്ചരിക്കാൻ പറ്റുന്ന ഭാവുകത്വത്തെ ഭാഷയിലും ഫിക്‌ഷനിലും ഖാദർ ഒളിപ്പിച്ചുവച്ചു.'

2) കൽപ്പറ്റ നാരായണന്‍റെ കവിതയെ എങ്ങനെ നോക്കി കാണുന്നു?

ഉത്തരം: കല്പറ്റ നന്നായി ലേഖനം എഴുതുമായിരുന്നു. പിന്നീട് അദ്ദേഹം കവിതയിൽ ആകൃഷ്ടനായി. എന്നാൽ ഊർജിതമായ കവന പ്രക്രിയയുടെ പരമോന്നതമായ ഒരു ഭാഷണം കൽപ്പറ്റയിൽ നിന്ന് ഇനിയും കേൾക്കാൻ കഴിഞ്ഞിട്ടില്ല.

3) ഇ.വി. ശ്രീധരൻ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ട കഥാകൃത്താണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്?

ഉത്തരം: ഇ.വി. ശ്രീധരനുമായി എനിക്ക് നല്ല ബന്ധമാണ്. അദ്ദേഹം ഇപ്പോൾ എഴുതാറില്ല. "മാധവൻ പിള്ളയുടെ തിര്വനന്തോരം' തുടങ്ങിയ നല്ല കഥകൾ എഴുതിയ അദ്ദേഹത്തെ കലാകൗമുദിയുടെ പത്രാധിപ സമിതിയിലുണ്ടായിരുന്നതു കൊണ്ട് പലരും തെറ്റിദ്ധരിച്ചു. തങ്ങളുടെ കഥകൾ പ്രതികരിക്കപ്പെടാത്തതിനു കാരണം ഇ.വി. ശ്രീധരനാണെന്നു ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഈ ആരോപണം തെറ്റാണ്. ഇ.വി നല്ലൊരു വായനക്കാരനും എഴുത്തുകാരനുമാണ്. അദ്ദേഹം തടസപ്പെടുത്തിയെന്നു പറയുന്നത് അതിശയോക്തിയാണ്. അദ്ദേഹം റഷ്യൻ മിസ്റ്റിക് ഗുർജിഫിനെക്കുറിച്ച് എഴുതിയ ലേഖനം ഇപ്പോഴും മനസിൽ തെളിഞ്ഞു നിൽക്കുകയാണ്.

4) കഥാകത്ത് തോമസ് ജോസഫ് എഴുതിയ "പരലോക വാസസ്ഥലങ്ങൾ' എന്ന നോവലിനെ എങ്ങനെ കാണുന്നു ?

ഉത്തരം: തോമസ് ജോസഫിന്‍റെ ഭാഷ നമ്മെ നവോന്മേഷശാലിയാക്കും. ഒരു സറിയലിസ്റ്റ് കഥാകൃത്താണ് തോമസ് ജോസഫ്. ഈ നോവലിലും ഒരു സറിയലിസ്റ്റ് അന്തരീക്ഷമാണുള്ളത്. അദ്ദേഹം വായനക്കാരനെ ഒരു സ്വപ്നത്തിലേക്ക് ക്ഷണിച്ചുകൊണ്ടു പോവുകയാണ്. പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു. ഏഴ് ആകാശങ്ങളും ഒരു ദൈവവുമൊക്കെയാണ് ഇതിന്‍റെ ഇതിവൃത്തം. വൈദികവും സ്വപ്നാത്മകവുമായ അന്തരീക്ഷം സൃഷ്ടിച്ച തോമസ് ജോസഫിന് ഈ കൃതി നോവൽ സാഹിത്യത്തിൽ ഉന്നതമായ ഒരു സ്ഥാനമാണ് നൽകുന്നത്.

5) താങ്കൾ എന്തിനാണ് ഇത്രയും കോളങ്ങളും ലേഖനങ്ങളും പുസ്തക നിരൂപണങ്ങളും എഴുതുന്നത് ?

ഉത്തരം: പൗലോ കൊയ്‌ലോയുടെ "മാനുവല്‍ ഓഫ് ദ് വാര്യർ ഓഫ് ലൈറ്റ് ' എന്ന പുസ്തകം വായിച്ചതോർക്കുന്നു. ഇത് കൊയ്‌ലോ ഒരു പത്രത്തിൽ എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ്. അതിൽ ഒരു പ്രസ്താവമുണ്ട്: "പ്രകാശത്തിന്‍റെ യോദ്ധാവ് ഏറ്റവും നല്ലത് പ്രവർത്തിക്കുന്നു; മറ്റുള്ളവരിൽ നിന്ന് ഏറ്റവും നല്ലത് പ്രതീക്ഷിക്കുന്നു. അയാളുടെ ഉദാരതയിൽ അയാൾ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുകയാണ്. ചിലർ ഇതൊന്നും ശ്രദ്ധിക്കുന്നില്ലായിരിക്കാം. എന്നാൽ യോദ്ധാവ് നിരാശനാകുന്നില്ല. അയാൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത് അയാൾക്ക് സ്വയം പ്രചോദിതനാകാനുള്ള വഴിയാണെന്നും ഓർക്കുക.'

6) എം. സുകുമാരൻ എഴുത്ത് നിർത്തി അവസാന കാലത്ത് വെറുതെ ഇരുന്നതിനെ എങ്ങനെ കാണുന്നു?

ഉത്തരം: എഴുതാതിരിക്കുന്നത് എഴുത്തുകാരന്‍റെ തിരഞ്ഞെടുപ്പാണ്. എഴുതാതിരിക്കുന്നതിനും സൗന്ദര്യമുണ്ട്. അനാവശ്യമായി എഴുതിക്കൊണ്ടിരുന്നാൽ ഡെറി പോൾ ടി.എം എഴുതിയ "പറുദീസാ നഷ്ടം' (മൂല്യശ്രുതി, ഫെബ്രുവരി) എന്ന കവിതയിലെ ഈ വരികളെ ഓർമിപ്പിക്കും:

"മരണത്തെ മുഖാമുഖം കണ്ട

എന്‍റെ കവിതയോട്

നഷ്ടബോധത്തോടെ സംസാരിക്കാൻ

ഭാഷ തേടുകയാണ്...

തെറ്റുകാരന്‍റെ, തോറ്റുപോയവന്‍റെ

തിരിച്ചുപോക്കില്ലാത്തവന്‍റെ

പഴയ കാലങ്ങളെ

ഓർത്തെടുക്കുകയാണ്.'

അതുകൊണ്ട് ജീവിക്കണമെന്ന് തോന്നുമ്പോഴാണ് എഴുതേണ്ടത്.

9995312097

mkharikumar33@gmail.com

പാലക്കാടിന് ജനവിധി ദിനം

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം